| Saturday, 29th September 2018, 7:08 pm

ശബരിമല സ്ത്രീപ്രവേശനം; ആര്‍.എസ്.എസ് -ബി.ജെ.പി നേതാക്കളുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി സോഷ്യല്‍ മീഡിയ

അലി ഹൈദര്‍

കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെ ഇരട്ടത്താപ്പ് തുറന്നു കാട്ടി സോഷ്യല്‍ മീഡിയ. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്റെ പഴയ ഫേസ് ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കിയും ആര്‍.എസ്.എസ് നേതാക്കള്‍ എടുക്കുന്ന വ്യത്യസ്ത നിലപാട് ചൂണ്ടിക്കാണിച്ചുമാണ് സംഘപരിവാറിന്റെ ഇരട്ടത്താപ്പിനെ സോഷ്യല്‍ മീഡിയ തുറന്നു കാട്ടുന്നത്.

“ആര്‍ത്തവം ഒരു പ്രകൃതി നിയമമല്ലേ? അതു നടക്കുന്നതു കൊണ്ട് മാത്രമല്ലേ ഈ പ്രകൃതിയില്‍ മാനവജാതി നിലനില്‍ക്കുന്നത്. അതിനെ വിശുദ്ധമായി കാണണമെന്നാണ് എനിക്കു തോന്നുന്നത്. ഹിന്ദു സമൂഹം യുക്തിസഹമായ എന്തിനേയും കാലാകാലങ്ങളില്‍ അംഗീകരിച്ചിട്ടുണ്ട്. സെമിററിക് മതങ്ങളിലേതുപോലുള്ള കടുംപിടുത്തം അത് ഒരിക്കലും കാണിക്കാറില്ല. ഇക്കാര്യങ്ങളെല്ലാം ഹൈന്ദവനേതൃത്വം പരിഗണിച്ചു മാററങ്ങളെ സ്വാഗതം ചെയ്യുമെന്നാണ് എനിക്കുതോന്നുന്നത്”. എന്നായിരുന്നു കെ.സുരേന്ദ്രന്‍ 2016 സെപ്തംബര്‍ രണ്ടിന് ഫേസ്ബുക്കില്‍ കുറിച്ചത്.

ശബരിമല വിഷയത്തിലെ സുപ്രീം കോടതി വിധി മാനിക്കുന്നുവെന്നും ജാതി, ലിംഗ ഭേദമില്ലാതെ ഭക്തജനങ്ങള്‍ക്കെല്ലാം ക്ഷേത്രങ്ങളില്‍ തുല്യ അവകാശമാണുള്ളതെന്നുമാണ് ആര്‍.എസ്.എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി പറഞ്ഞത്. മുമ്പും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആര്‍.എസ്.എസ് ഇത്തരം നിലപാടുകള്‍ പരസ്യമായി പറഞ്ഞിരുന്നു.


Read Also : പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടുണ്ടല്ലോ; 1972 നു മുമ്പ് സ്ത്രീകള്‍ ശബരിമലയില്‍ പോയിരുന്നെന്നും എന്‍.എസ് മാധവന്‍


രാജ്യത്തെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും സ്ത്രീപ്രവേശനം ആവാമെങ്കില്‍ ശബരിമലയുടെ കാര്യത്തില്‍ മറിച്ചൊരു നിലപാട് ആവശ്യമില്ലെന്നായിരുന്നു ആര്‍.എസ്.എസ്. കേന്ദ്രനേതൃത്വത്തിലെ രണ്ടാമനും സര്‍കാര്യവാഹുമായ ഭയ്യാജി ജോഷി പറഞ്ഞിരുന്നത്. എവിടെ പുരുഷന് പ്രവേശനമുണ്ടോ അവിടെ സ്ത്രീക്കും പ്രവേശനം കൊടുക്കണം. ഇതാണ് ആര്‍.എസ്.എസിന്റെ പൊതുവായ നിലപാട്- ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

“ഒരു ആചാരം തെറ്റാണെന്നു തോന്നിയാല്‍ അത് ഉപേക്ഷിക്കണം. നൂറു കണക്കിനു വര്‍ഷങ്ങളായി തുടരുന്നു എന്നതുകൊണ്ട് ആ ആചാരം ഇനിയും തുടരണം എന്ന നിലപാട് ആര്‍.എസ്.എസിന് സ്വീകാര്യമല്ല. രാജ്യം മുഴുവനെടുത്താല്‍ ചില ക്ഷേത്രങ്ങളില്‍ മാത്രമേ സ്ത്രീകള്‍ക്ക് വിലക്കുള്ളൂ. അതും പാടില്ലെന്നാണ് ആര്‍.എസ്.എസ്സിന്റെ നിലപാട്. ശബരിമലയില്‍ പത്തിനും അമ്പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് പ്രവേശനമില്ലെന്ന് പണ്ടെപ്പോഴോ തീരുമാനിച്ചതിന്റെ കാരണങ്ങള്‍ പരിശോധിക്കപ്പെടണം”. ഭയ്യാജി ജോഷി പറഞ്ഞിരുന്നു.

എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ സുപ്രീം കോടതിയുടെ പുതിയ വിധിയുടെ പശ്ചാത്തലത്തില്‍ ഇടതുപക്ഷ സര്‍ക്കാറിനെ അടിക്കാനുള്ള വടിയായും ഹിന്ദു വിശ്വാസികളുടെ അവകാശത്തിന് മേലുള്ള കമ്മ്യുണിസ്റ്റുകാരുടെ കടന്നു കയറ്റവുമായുമാണ് ഒരു ഭാഗത്ത് സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത്.


Read Also : ശബരിമലയിലെ സ്ത്രീപ്രവേശനം; സുപ്രീംകോടതി വിധി മാനിക്കുന്നുവെന്ന് ആര്‍.എസ്.എസ്


ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള കഴിഞ്ഞ ദിവസം പറഞ്ഞത് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുമെന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവന പ്രകോപനപരമെന്നാണെന്നും ദൈവ വിശ്വാസം ഇല്ലാത്ത ഇടതു സര്‍ക്കാര്‍ അവസരം മുതലെടുക്കാന്‍ ശ്രമിക്കരുതെന്നുമായിരുന്നു. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കരുതെന്നും ആചാരപരമായ കാര്യങ്ങള്‍ ആചാര്യന്മാരുമായി ആലോചിച്ച് വേണം തീരുമാനിക്കേണ്ടെന്നും അദ്ദേഹം പറയുന്നു.

ഹൈന്ദവ ആചാരങ്ങള്‍ തകര്‍ക്കുവാനുള്ള രഹസ്യ അജണ്ടയാണ് ഇടതുപക്ഷ ഗവണ്‍മെന്റിനുള്ളതെന്നായിരുന്നു ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞത്. അതിന്റെ തെളിവാണ് ആചാരലംഘനത്തിന് ആര് തയ്യാറായാലും സംരക്ഷണം നല്‍കുമെന്ന സര്‍ക്കാരിന്റെ നിലപാടെന്നും അവര്‍ ആരോപിക്കുന്നു.

ശബരിമലയിലെ ആചാരക്രമങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ട നടപടികള്‍ സങ്കോചമേതുമില്ലാതെ എടുക്കാന്‍ ഇടതുപക്ഷ ഗവണ്‍മെന്റ് എന്ത് കൊണ്ടാണ് തയ്യാറാവാത്തതെന്നും നൂറ്റാണ്ടുകള്‍ ആയി പുലര്‍ത്തി പോരുന്നതായ ആചാര അനുഷ്ടാനങ്ങളെ മാറ്റുന്നതുമായി ബന്ധപെട്ട് സാമൂഹിക അധ്യാത്മിമ രംഗത്തെ ഗുരുക്കന്മാരെ ചേര്‍ത്തുകൊണ്ട് ചര്‍ച്ച നടത്താന്‍ പോലും എന്തുകൊണ്ടാണ് ഇവര്‍ ഭയപ്പെട്ടതെന്നും ശോഭ ചോദിക്കുന്നു.

ഹൈന്ദവ വിശ്വസങ്ങള്‍ക്കെതിരെ എല്ലാ കാലത്തും ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ മുന്‍നിര്‍ത്തി വന്ന ഈ രഹസ്യ അജണ്ടകളുടെ കൂടി ഫലമായാണ് പരമോന്നത നീതിപീഠത്തിനു മുന്നില്‍ എന്നോ പോയി മറഞ്ഞ തൊട്ടുകൂടായ്മ പോലും കേസില്‍ വിഷയമായതെന്നും കഴിഞ്ഞ ദിവസം ശോഭ ആരോപിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികളും ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതാക്കളും പ്രചരിപ്പിക്കുന്നത് ഇടതുപക്ഷം ഹിന്ദുവിശ്വാസികളുടെ മേല്‍ കുതിര കയറുന്നു എന്ന തരത്തിലാണ്. എല്‍.ഡി.എഫ് സര്‍ക്കാര്‍ വന്ന് ഹിന്ദുക്കളെ ശരിയാക്കിയെന്നും കമ്മ്യൂണിസ്റ്റുകാരുടെ ഹിന്ദുവിരുദ്ധതയാണ് ഇങ്ങനൊരു വിധിവരാന്‍ കാരണമെന്നും സംഘപരിവാര്‍ അനുകൂലികള്‍ പ്രചരിപ്പിക്കുന്നു.

ഇതിനെയാണ് ആര്‍.എസ്.എസ് നേതൃത്വം എടുത്തിരുന്ന നിലപാടും ഇന്ന് അവര്‍ പ്രചരിക്കുന്നതും എടുത്തു കാട്ടി വിഷയത്തിലെ സംഘപരിവാറിന്റെ ഇരട്ടത്താപ്പ് ചോദ്യം ചെയ്യുന്നത്.

ഏത് പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീം കോടതിയുടെ വിധി. ഒരു പ്രത്യേക പ്രായത്തിനിടയിലുള്ള സ്ത്രീകളെ വിലക്കുന്നത് ശബരിമലയിലെ ആചാരങ്ങളില്‍ അവിഭാജ്യ ഘടകമല്ലെന്നും അത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി ഭരണഘടനാ ബഞ്ച് നിരീക്ഷിച്ചു. വിശ്വാസത്തില്‍ വിവേചനം പാടില്ലെന്നും ശബരിമലയിലെ ആചാരം വിവേചന പരമാണെന്നും കോടതി പറഞ്ഞു. ദീര്‍ഘകാലമായി തുടരുന്ന കാത്തിരിപ്പുകള്‍ക്കും നിയമപോരാട്ടങ്ങള്‍ക്കുമാണ് ഇതോടെ അറുതിയായത്. ഭരണഘടനാ ബഞ്ചിലെ അഞ്ചില്‍ നാലുപേരാണ് സ്ത്രീപ്രവേശനത്തിന് പച്ചക്കൊടി കാണിച്ചത്.

മതത്തിലെ പുരുഷാധിപത്യം വിശ്വാസത്തിന്റെ പേരില്‍ അടിച്ചേല്‍പ്പിക്കരുതെന്നു പറഞ്ഞ സുപ്രീം കോടതി ശാരീരിക അവസ്ഥയുടെ പേരില്‍ വിവേചനം പാടില്ലെന്നു വിധിച്ചു. അയ്യപ്പവിശ്വാസികള്‍ പ്രത്യേക മതവിഭാഗമല്ല. ശബരിമല ക്ഷേത്രാചാരങ്ങള്‍ സ്ത്രീകളുടെ അവകാശത്തെ ഹനിക്കുന്നതാണ്. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരം താഴ്ത്തുന്നതിനു തുല്യമാണ്. സ്ത്രീകളെ ദൈവമായി കണക്കാക്കിയ രാജ്യമാണ് ഇന്ത്യയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.


അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more