| Tuesday, 13th November 2018, 7:23 am

ശബരിമല; റിവ്യൂ-റിട്ട് ഹരജികള്‍ ഇന്ന്, സാധ്യതകള്‍ ഇങ്ങനെ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരായ 49 പുനഃപരിശോധനാ ഹരജികള്‍ ഇന്ന് പരിഗണിക്കും. ഇന്ന് വൈകീട്ട് മൂന്നിന് സുപ്രീംകോടതി ചേംബറിലാണ് ഹരജികള്‍ (അടച്ചിട്ട കോടതിയില്‍) പരിശോധിക്കുന്നത്.

ഇതിനുമുമ്പായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് രാവിലെ നാലു റിട്ട് ഹര്‍ജികള്‍ തുറന്നകോടതിയിലും കേള്‍ക്കും.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ചേംബറിലാണ് അഞ്ചംഗ ബെഞ്ച് പുനഃപരിശോധനാ ഹരജികള്‍ പരിശോധിക്കുക. ചേംബറില്‍ വെച്ചുതന്നെ ഹരജികള്‍ തള്ളാനോ തുറന്നകോടതിയില്‍ വാദം കേള്‍ക്കണമെന്ന് തീരുമാനിക്കാനോ അഞ്ചംഗ ബെഞ്ചിന് സാധിക്കും.

ALSO READ: പ്രത്യാഘാതം ആലോചിക്കാതെ വിധി ഇറക്കുന്ന കോടതികള്‍ നാടിന് ബാധ്യത: കെ. സുധാകരന്‍

കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്ന് ബെഞ്ചിലെ ഭൂരിപക്ഷം ജഡ്ജിമാര്‍ക്കും ബോധ്യപ്പെട്ടാലാണ് തുറന്നകോടതിയില്‍ കേള്‍ക്കുക. അങ്ങനെയെങ്കില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസയച്ചുകൊണ്ട് തുറന്നകോടതിയില്‍ കേള്‍ക്കേണ്ട ദിവസം നിശ്ചയിക്കും. തുറന്നകോടതിയില്‍ കേള്‍ക്കാതെ വിധിയില്‍ മാറ്റംവരുത്താനാകില്ല.

ചീഫ് ജസ്റ്റിസിനുപുറമേ, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, റോഹിങ്ടണ്‍ നരിമാന്‍, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിക്കുക.

അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ചേംബറില്‍ പ്രവേശനമുണ്ടാവില്ല. കേസില്‍ നേരത്തേ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര മാത്രമാണ് സ്ത്രീപ്രവേശത്തിന് എതിരായ വിധിയെഴുതിയത്.

ALSO READ: ഭീഷണിയെ ഭയക്കുന്നില്ല ; മൈത്രിയും കരുണയും കൊണ്ട് കെട്ടിപ്പടുക്കേണ്ടതാണ് ലോകം എന്ന ഉത്തമ ബോധ്യമുണ്ട് : സുനില്‍. പി. ഇളയിടം

ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ നാല് റിട്ട് ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ. കൗള്‍, കെ.എം. ജോസഫ് എന്നിവരുടെ ബെഞ്ച് കേള്‍ക്കുന്നത്. റിട്ട് ഹര്‍ജിയില്‍ വിധി പറഞ്ഞതിനെതിരേ പുതിയ റിട്ടുകള്‍ സുപ്രീംകോടതി പ്രോത്സാഹിപ്പിക്കാറില്ല. റിട്ട് ഹര്‍ജികള്‍ തള്ളുന്നില്ലെങ്കില്‍ പുനഃപരിശോധനാ ഹര്‍ജിക്കൊപ്പം പരിഗണിക്കുകയോ വിശാല ബെഞ്ചിന് വിടുകയോ ചെയ്തേക്കാം.

പുനഃപരിശോധനാ ഹര്‍ജികളുടെ സാധ്യതകള്‍ ഇങ്ങനെ

1. ഹരജികള്‍ ചേംബറില്‍ വെച്ചുതന്നെ തള്ളാം.

2. ഹരജികളില്‍ കഴമ്പുണ്ടെന്നും കോടതി പരിഗണിച്ച രേഖകളില്‍ വ്യക്തമായ പിഴവ് സംഭവിച്ചെന്നും ബോധ്യപ്പെട്ടാല്‍ തുറന്നകോടതിയില്‍ വാദം കേള്‍ക്കാനായി മാറ്റിവെക്കാം.

3. തുറന്ന കോടതിയില്‍ വാദം കേള്‍ക്കാതെ നേരത്തേയുള്ള വിധി മാറ്റിമറിക്കാനാവില്ല.

റിട്ട് ഹര്‍ജികളുടെ സാധ്യതകള്‍

1. റിട്ട് ഹര്‍ജിയിലെ വിധിക്കെതിരായ ഹര്‍ജികളായതിനാല്‍ തള്ളാം.

2. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്നകോടതിയില്‍ കേള്‍ക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം കേള്‍ക്കാന്‍ തീരുമാനിക്കാം. അതിനാല്‍, പുനഃപരിശോധനാ ഹര്‍ജികള്‍ക്കുശേഷം പരിഗണിക്കാനായി മാറ്റിവെക്കാം.

3. അഞ്ചംഗ ബെഞ്ചിന്റെ വിധിക്കെതിരേ ആയതിനാല്‍, വിശാല ബെഞ്ചിന് വിടാം.

പുനഃപരിശോധന ഹര്‍ജികള്‍ ഇന്ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചപ്പോള്‍ കോടതിയില്‍തന്നെ പരിഗണിക്കുമെന്നാണു ആദ്യം വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ ഹരജികള്‍ ചേബറിലാണ് പരിഗണിക്കുക എന്ന കാര്യത്തില്‍ ഇന്നലെ വ്യക്തത വന്നു.

ALSO READ: ശബരിമലയില്‍ അഹിന്ദുക്കളെ വിലക്കരുത്; തീരുമാനമെടുക്കും മുമ്പ് എല്ലാമതങ്ങളോടും ആലോചിക്കണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ശബരിമല തന്ത്രി കണ്ഠര് രാജീവര്, പ്രയാര്‍ ഗോപാലകൃഷ്ണന്‍, പി.സി. ജോര്‍ജ് എന്നിവരുള്‍പ്പെടെ കേരളത്തില്‍ നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമായി 20 വ്യക്തികള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇതിന് പുറമേ പന്തളം കൊട്ടാരം നിര്‍വാഹക സംഘം, എന്‍.എസ്.എസ്, കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് തുടങ്ങിയ 29 സംഘടനകളും ഹര്‍ജി നല്‍കിയിട്ടുണ്ട്.

ശബരിമല ഭക്തന്മാരുടെ മൗലിക അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് മൂന്ന് റിട്ട് ഹരജികളും സമര്‍പ്പിച്ചിട്ടുള്ളത്.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more