ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ചിട്ടുള്ള ഹരജികള്‍ അല്‍പ്പസമയത്തിനകം പരിഗണിക്കും. സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
പുനഃപരിശോധനാ ഹരജികളും റിട്ട് ഹരജികളും ദേവസ്വം ബോര്‍ഡ് നല്‍കിയ സാവകാശ ഹരജികളും ഇന്ന് പരിഗണിക്കുമ്പോള്‍ പ്രധാനമായും അഞ്ച് സാധ്യതകളാണ് കോടതിയ്ക്ക് മുന്‍പിലുള്ളത്.
1.യുവതീ പ്രവേശന വിധി പുനഃപരിശോധിക്കേണ്ടെന്ന് വിലയിരുത്തി പുനപരിശോധന ഹരജികള്‍ അടക്കം എല്ലാ ഹര്‍ജികളും തള്ളുക.
2. ഹരജികളില്‍ വാദം കേള്‍ക്കാനുള്ള സമയക്രമം നിശ്ചയിച്ചു കേസ് മാറ്റുക.
3. വിധി പുനഃപരിശോധിക്കാനായി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുക. യുവതീ പ്രവേശന വിധി സ്റ്റേ ചെയ്യുക.
4. ഹര്‍ജികളില്‍ വിശദമായി വാദം കേള്‍ക്കാനായി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുക. എന്നാല്‍ യുവതി പ്രവേശന വിധി സ്റ്റേ ചെയ്യാതിരിക്കുക.
5. ഏഴംഗ ബെഞ്ചിന് ഹര്‍ജികള്‍ വിടണമോ എന്നു പരിശോധിക്കുക
ബുധനാഴ്ച രാവിലെ 10:30നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജഡ്ജിമാരായ റോഹിന്റന്‍ നരിമാന്‍, എ.എം. ഖാന്‍വില്‍ക്കര്‍, ഡി. വൈ. ചന്ദ്രചൂഡ്, ഇന്ദുമല്‍ഹോത്ര എന്നിവരുടെ ബെഞ്ചാണു ഹരജികള്‍ പരിഗണിക്കുക.
ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാടാണ് കോടതി വിധിയ്ക്ക് ആധാരമാകുക. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് നിലവില്‍ യുവതീ പ്രവേശന വിധിയോടുള്ള വിയോജിപ്പ് തുറന്നെഴുതിയിട്ടുള്ളത്.
ALSO READ: മത്സരിക്കാനില്ലെന്നുറപ്പിച്ച് മോഹന്‍ലാല്‍; ജനഹിതമറിയാന്‍ സര്‍വേക്കിറങ്ങിയ ആര്‍.എസ്.എസ് വെട്ടില്‍
ജസ്റ്റിസ്മാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഭൂരിപക്ഷ വിധിക്കൊപ്പം നിന്നവരാണ്. ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസിന്റെ നിലപാട് വിധിക്ക് എതിരോ, അനുകൂലമോ എന്നത് നിര്‍ണായകമാകും.
അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ എങ്കിലും വിധി പുനപരിശോധിക്കണമെന്ന നിലപാടില്‍ എത്തിയാലെ അത് സാധ്യമാകൂ. അതിന് ജസ്റ്റിസ് ഇന്ദു മല്‌ഹോത്രയ്ക്ക് പുറമേ ഭൂരിപക്ഷ വിധിന്യായത്തിന്റെ ഭാഗമായ ഒരു ജഡ്ജിയും ചീഫ് ജസ്റ്റിസുമെങ്കിലും വിചാരിക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
WATCH THIS VIDEO: