യുവതീപ്രവേശനത്തെ അനുകൂലിച്ച സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ആര്‍ജവത്തോടെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും പുന്നല ശ്രീകുമാര്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് ശബരിമലയുമായി ബന്ധപ്പെട്ട കരട് നിയമം പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു പുന്നല ശ്രീകുമാറിന്റെ പ്രതികരണം.
യു.ഡി.എഫിന്റെ കരട് നിയമം അന്ധവിശ്വാസത്തെ സംരക്ഷിക്കുന്നതാണെന്നും പുന്നല കൂട്ടിച്ചേര്‍ത്തു.ശബരിമലയില്‍ കോടതി വിധി വന്ന ശേഷം ചര്‍ച്ചയാകാമെന്ന നിലപാട് പ്രീണിപ്പിക്കല്‍ നയമാണെന്നും അതിലൂടെ നവോര്‍ത്ഥാനസമിതിയുടെ പ്രസക്തി നഷ്ടപ്പെട്ടെന്നും പുന്നല പറഞ്ഞു.
ശബരിമലയിലെ ആചാരസംരക്ഷണത്തിനായി നിയമം കൊണ്ടുവരുമെന്ന് യു.ഡി.എഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കൊണ്ടുവരുന്ന നിയമത്തിന്റെ കരട് രൂപവും യു.ഡി.എഫ് ശനിയാഴ്ച പുറത്തുവിട്ടിരുന്നു. കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയാണ് നിയമത്തിന്റെ കരട് പുറത്തുവിട്ടത്.
ശബരിമലയില്‍ ആചാരം ലംഘിച്ച് കടന്നാല്‍ രണ്ടു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന തരത്തിലാണ് യു.ഡി.എഫിന്റെ ശബരിമല നിയമം. തന്ത്രിയാണ് ക്ഷേത്രത്തിന്റെ പരമാധികാരിയെന്നും അവസാന വാക്ക് തന്ത്രിയുടേതായിരിക്കുമെന്നും നിയമത്തിന്റെ കരടില്‍ പറയുന്നു.
തന്ത്രിയുടെ അനുമതിയോടെ പ്രവേശന നിയന്ത്രണം നടപ്പാക്കുമെന്നും യു.ഡി.എഫ് പറയുന്നു. നിയമത്തിന്റെ കരട് രൂപരേഖ നിയമമന്ത്രി എ.കെ ബാലന് കൈമാറുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.
ശബരിമല വിഷയത്തില്‍ ഏതെങ്കിലും തരത്തില്‍ നിയമത്തിന്റെ കരട് ആരെങ്കിലും തയ്യാറാക്കിയിട്ടുണ്ടെങ്കില്‍ കൈമാറട്ടെ എന്ന് മന്ത്രി എ.കെ ബാലന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമത്തിന്റെ കരട് രൂപം പുറത്തുവിട്ടിരിക്കുന്നത്. വെറുതെ വാചകക്കസര്‍ത്ത് നടത്തുകയല്ല യു.ഡി.എഫ് ചെയ്യുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പി.ഐ.എമ്മിനെ വിമര്‍ശിച്ച് നേരത്തേ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ശബരിമല വിഷയത്തില്‍ എന്താണ് സര്‍ക്കാരിന്റെ നിലപാടെന്ന് വ്യക്തമാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു.അധികാരത്തിലെത്തിയാല്‍ ശബരിമലയുടെ കാര്യത്തില്‍ നിയമനിര്‍മാണം നടത്തുമെന്നും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു.