| Friday, 9th November 2018, 9:09 am

ശബരിമലയില്‍ അക്രമം നടത്തിയ 150 പേരുടെ പുതിയ ആല്‍ബം പുറത്ത് വിട്ടു; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമല: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്തിയ 150 പേരുടെ ചിത്രങ്ങളടങ്ങിയ പുതിയ വെരിഫിക്കേഷന്‍ ആല്‍ബം പ്രസിദ്ധീകരിച്ച് പൊലീസ്. ചിത്തിര ആട്ട വിശേഷത്തിരുനാളിന് വീണ്ടും നട തുറന്നപ്പോള്‍ തൃശൂര്‍ സ്വദേശി ലളിതയെ ശബരിമലയില്‍ തടഞ്ഞതുള്‍പ്പെടെയുള്ള കേസിലുള്ളവരുടേതാണ് ചിത്രങ്ങള്‍.

ജാമ്യമില്ലാ വകുപ്പുകളാണ് എല്ലാവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്. ചിത്തിര ആട്ടത്തിരുനാളിന് ശബരിമലയില്‍ എത്തിയ തീര്‍ഥാടകരില്‍ 200 പേര്‍ മാത്രമാണ് യഥാര്‍ഥ ഭക്തരെന്നും 7000 പേര്‍ ബി.ജെ.പി, ആര്‍.എസ്.എസ്, സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരോ അനുഭാവികളോ ആണെന്നുമാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

Read Also : സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി മായ്ച്ച വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ തിരൂരില്‍ വീണ്ടും തെളിയും

ശബരിമലയില്‍ ആദ്യം നട തുറന്നപ്പോള്‍ നിലയ്ക്കലിലും പമ്പയിലുമായി അക്രമം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഇരുന്നൂറോളം പേര്‍ വീണ്ടുമെത്തിയെന്നും പൊലീസ് കണ്ടെത്തിയതിന് പിന്നാലെയാണ് പുതിയ ആല്‍ബം പ്രസിദ്ധീകരിച്ചത്.

പൊലീസ് ഒരുക്കിയ ഫെയ്‌സ് ഡിറ്റക്ഷന്‍ സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഇക്കാര്യം വ്യക്തമായത്. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുകയും 3700-ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള ഇരുന്നൂറോളം പേരാണ് ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയത്.

ഫോട്ടോകളും വീഡിയോകളും പരിശോധിക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും കൃത്യമായ കണക്കുകള്‍ ലഭിക്കാന്‍ സമയമെടുക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലയ്ക്കലില്‍ അക്രമം നടത്തിയവരുടെ ഫോട്ടോ ശേഖരിച്ചു ഫെയ്സ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വേയറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതനുസരിച്ചുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും പൊലീസ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more