ശബരിമലയില്‍ അന്തിമ വിധി വരുമ്പോള്‍ എല്ലാവരുമായും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയില്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കൂടിയെന്ന് മുഖ്യമന്ത്രി
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ശബരിമലയില്‍ എല്ലാവര്‍ക്കും താല്‍പ്പര്യം കൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പ് പൊതുയോഗത്തിന് മുന്‍പ് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശബരിമല ചര്‍ച്ചയാക്കുന്നതിന്റെ ഉദ്ദേശ്യം വ്യക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല നന്നായി ഉപയോഗിക്കാന്‍ നോക്കിയിരുന്നു. അത് ഏശിയോ’, പിണറായി ചോദിച്ചു.
സുപ്രീംകോടതി പരിഗണനയിലുള്ള വിഷയത്തില്‍ ഇനി അന്തിമ വിധി വരുമ്പോള്‍ മാത്രമെ കാര്യമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
‘ശബരിമലയിലെ കാര്യങ്ങളെല്ലാം ഇപ്പോഴും ഭംഗിയായി നടക്കുന്നുണ്ട്. പ്രത്യേകമായി ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയവും നമ്മുടെ മുന്നിലില്ല. ഇനി വരാനിരിക്കുന്ന വിധി സാധാരണഗതിയില്‍ പ്രതീക്ഷിക്കുന്ന വിധിയില്‍ നിന്ന് വ്യത്യസ്തമാണെങ്കില്‍, നമ്മുടെ നാട്ടില്‍ മറ്റ് തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാക്കുന്നതാണെങ്കില്‍, വിശ്വാസികളെ സംബന്ധിച്ചിടത്തോളം എന്തെങ്കിലും പ്രത്യേക അഭിപ്രായം ഉണ്ടാകത്തക്ക വിധിയാണെങ്കില്‍ എല്ലാവരുമായും ചര്‍ച്ച ചെയ്തിട്ട് മാത്രമെ തുടര്‍നടപടികള്‍ ആലോചിക്കുകയുള്ളൂ. സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്’, മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ ശബരിമല യുവതി പ്രവേശനത്തില്‍ സി.പി.ഐ.എം നിലപാടില്‍ മാറ്റമില്ലെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞിരുന്നു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് 2018 ലുണ്ടായ സംഭവവികാസങ്ങളില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഖേദം പ്രകടിപ്പിച്ചത് എന്തിനാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കടകംപള്ളി മാപ്പ് പറഞ്ഞത് എന്തിനെന്ന് അറിയില്ല. ശബരിമല വിഷയത്തില്‍ പാര്‍ട്ടി സ്വീകരിച്ചത് ശരിയായ നിലപാടാണ്. ഭരണഘടന പറയുന്ന തുല്ല്യതയാണ് പാര്‍ട്ടി നയം’, യെച്ചൂരി പറഞ്ഞു.
നേരത്തെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ ഉണ്ടായ സംഭവവികാസങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.
‘2018-ലെ ഒരു പ്രത്യേക സംഭവമാണിത്. അതില്‍ എല്ലാവരും ഖേദിക്കുന്നുണ്ട്. സുപ്രീംകോടതി വിധിയും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലൊക്കെ ഞങ്ങള്‍ക്ക് വിഷമമുണ്ട്. എന്നാല്‍ ഇന്ന് അതൊന്നും ജനങ്ങളുടെ മനസ്സിലില്ലെന്നാണ് കരുതുന്നത്. സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് മുന്നില്‍ കിടക്കുന്ന വിധി എന്തുതന്നെയായാലും വിശ്വാസികളുമായി ചര്‍ച്ച ചെയ്തുമാത്രമേ അക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നുളളത് ഞങ്ങള്‍ വീണ്ടും വീണ്ടും എടുത്തുപറയുന്നുണ്ട്. അന്നെടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അതെല്ലാം തന്നെ ഒരു സന്ദേശം തന്നെയാണ്.’ എന്നായിരുന്നു മന്ത്രി പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക