|

ശബരിമല യുവതീപ്രവേശം: വിവിധ ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ശബരിമല ക്ഷേത്രത്തിന്റെ നടത്തിപ്പില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹരജിയില്‍ സര്‍ക്കാരും ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കും.

സന്നിധാനത്തെ തിരക്ക് നിയന്ത്രിക്കാന്‍ സമയക്രമീകരണം ഏര്‍പ്പെടുത്തിയത് ഒരാളുടെ വിശ്വാസത്തിന്മേലുള്ള കടന്നുകയറ്റമാണ് എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജി ഇന്ന് കോടതി പരിഗണിക്കും. മുഖ്യമന്ത്രി പിണറായി വിജയനേയും ദേവസ്വം മന്ത്രിയേയും എതിര്‍കക്ഷിയാക്കിയാണ് ഈ ഹരജി.

ALSO READ: കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു

ശബരിമല ക്ഷേത്രത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും സര്‍ക്കാരിന് അതില്‍ യാതൊരു അവകാശവുമില്ലെന്നും മുന്‍പ് ടി.ആര്‍ രമേശ് എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി വ്യക്തമാക്കിയിരുന്നു. 1999 ല്‍ കാശി ക്ഷേത്രം യുപി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ ഇതിനുള്ള അധികാരം സര്‍ക്കാരിനില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ടെന്നാണ് ഹരജിക്കാരന്റെ വാദം. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് ഇന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ശബരിമലയില്‍ മാധ്യമങ്ങളെ നിയന്ത്രിച്ചത് ചോദ്യം ചെയ്ത് ഒരു സ്വകാര്യ ചാനല്‍ സമര്‍പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും. കര്‍ണ്ണാടക , തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നുളള തീവ്ര സ്വഭാവമുള്ളവര്‍ എത്തുമെന്ന വിവരം ലഭിച്ചിരുന്നു അതിനാല്‍ ചില നിയന്ത്രണം ഏര്‍പ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങളെ തടഞ്ഞില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

അതേ സമയം ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കുന്ന റിപ്പോര്‍ട്ട് യുവതീപ്രവേശത്തെ പരോക്ഷമായി എതിര്‍ത്തുകൊണ്ടുള്ളതാകും. വിധി കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളേയും മോശമായി ബാധിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ടാകുമെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശബരിമലയിലെ നിലവിലെ സ്ഥിതിയും ആചാരങ്ങളിലുണ്ടായ ബുദ്ധിമുട്ടുകളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടും. ഈ വിധി എല്ലാ ക്ഷേത്രങ്ങളിലെ ആചാരത്തേയും ചോദ്യം ചെയ്യാനുള്ള ഉപകരണമായി മാറിയെന്നും റിപ്പോര്‍ട്ടില്‍ പറയുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു.