പത്തനംതിട്ട: ചിത്തിര ആട്ട വിശേഷത്തിന് ശബരമല നട നാളെ തുറക്കാനിരിക്കെ ദര്‍ശനത്തിന് സുരക്ഷ തേടി യുവതികളാരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി.നാളെ ഒരു ദിവസത്തേക്ക് മാത്രമായി നട തുറക്കുമ്പോള്‍ വലിയ വെല്ലുവിളികള്‍ ഉണ്ടാവില്ലെന്നാണ് പൊലീസ് കരുതുന്നതെന്നും എസ്.പി പറഞ്ഞു.
അഹിന്ദുക്കളെ ശബരിമലയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടി.ജി.മോഹന്‍ദാസ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു അതിനാല്‍ ഭക്തരായ ആര് എത്തിയാലും അവര്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അതേസമയം ശബരിമലയില്‍ 50 വയസിനുമുകളിലുള്ള വനിതാ പൊലീസുകാരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ദര്‍ശനത്തിനെത്തുന്ന യുവതികളെ തടയാന്‍ 50 വയസിനുമുകളിലുള്ള സ്ത്രീകളെ ശബരിമലയിലെത്തിക്കുമെന്ന് നേരത്തെ ബി.ജെ.പി പ്രഖ്യപിച്ചിരുന്നു. ഇന്റലിജന്‍സും ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നീക്കം.
ചിത്തിര ആട്ട വിശേഷത്തോടനുബന്ധിച്ച് നട തുറക്കുന്ന സാഹചര്യത്തില്‍ ശബരിമല സന്നിധാനത്തും പരിസരങ്ങളിലും നിരോധനാജ്ഞ നിലവില്‍ വന്നു. സന്നിധാനം, പമ്പ, നിലക്കല്‍ , ഇലവുങ്കല്‍ എന്നീ നാല് സ്ഥലങ്ങളിലാണ് ആറാം തിയ്യതി അര്‍ധരാത്രിവരെ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കനത്ത പൊലീസ് സുരക്ഷയ്ക്ക് കീഴിലാണ് പ്രദേശം.
എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ 1200 ഓളം സുരക്ഷാംഗങ്ങളെയാണ് സുരക്ഷാ ചുമതലക്കായി നിയോഗിച്ചിരിക്കുന്നത്. യുവതി പ്രവേശനം തടയാന്‍ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ മുന്‍ കരുതലായി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖകള്‍ സൂക്ഷിക്കണമെന്ന് പൊലീസ് അറിയിച്ചു. ഇരുമുടിക്കെട്ട് ഇല്ലാത്ത തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നാണ് പൊലീസിന്റെ നിലപാട്. മാധ്യമ പ്രവര്‍ത്തകര്‍ക്കും അഞ്ചാം തിയ്യതി മാത്രമേ പമ്പയിലേക്കും സന്നിധാനത്തേക്കും പ്രവേശനം അനുവദിക്കൂ.