തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുന്‍ നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെരഞ്ഞെടുപ്പില്‍ ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തെ മുന്‍നിര്‍ത്തി പ്രചരണം നടത്താനായില്ലെന്നും അദ്ദേഹം പറഞ്ഞു.
‘സുപ്രീം കോടതി പറഞ്ഞതു നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറായി. കോടതി മാറ്റിപ്പറഞ്ഞാല്‍ അതും അനുസരിക്കും. നേരത്തേ വ്യക്തമാക്കിയതാണിത്. അവിടെത്തന്നെയാണിപ്പോഴും.’
ഞങ്ങള്‍ വിശ്വാസികള്‍ക്കെതിരാണെന്ന് അവര്‍ തെരഞ്ഞെടുപ്പില്‍ പ്രചരിപ്പിച്ചു. അതു നേരിടാന്‍ വേണ്ടത്ര ജാഗ്രതയുണ്ടായില്ല. ശബരിമലയുമായി ബന്ധപ്പെട്ട വിഷയമെന്തെന്ന പ്രചാരണത്തിലേക്കു തിരഞ്ഞെടുപ്പു ഘട്ടത്തില്‍ ഞങ്ങള്‍ പോയില്ല. അതാണു സ്വയം വിമര്‍ശനപരമായി കണ്ടത്.
അല്ലാതെ നിലപാടു തെറ്റിയെന്നല്ല. ഞങ്ങള്‍ സ്വയംവിമര്‍ശനം നടത്തിയപ്പോള്‍ എന്തോ വലിയ പാതകം ചെയ്തുവെന്നും തെറ്റു സമ്മതിച്ചുവെന്നും ചിലര്‍ ധരിച്ചു. അതു ശരിയല്ല. ഇതു മൂലം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനു ദോഷമുണ്ടാവില്ല-മുഖ്യമന്ത്രി പറഞ്ഞു.
”ഞങ്ങള്‍ വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസികളും കൂടി അണിനിരക്കുന്നതാണു ഞങ്ങളുടെ പാര്‍ട്ടിയും മുന്നണിയും. എന്നാല്‍ ചിലര്‍ വിശ്വാസികളുടെ അട്ടിപ്പേറ് അവകാശികളാണെന്നു പറഞ്ഞു നില്‍ക്കുന്നുണ്ട്.’
സി.പി.ഐ.എം എല്ലാ കാലത്തും വിശ്വാസികള്‍ക്കൊപ്പം നിന്നിട്ടുണ്ടെന്നും പിണറായി പറഞ്ഞു. ശബരിമല വിഷയം നിലനിന്ന സമയത്തു താന്‍ സംസാരിച്ചതെന്താണെന്നു പരിശോധിച്ചാല്‍ കാര്യം മനസ്സിലാവും. ശബരിമലയുമായി ബന്ധപ്പെട്ട പ്രചാരണത്തിന്റെ കാലം കഴിഞ്ഞു. ഇനിയൊന്നും പ്രചരിപ്പിക്കാനില്ല.
നിയമം കൊണ്ടുവരുമെന്നും നിയമപരിരക്ഷ ഏര്‍പ്പെടുത്തുമെന്നുമൊക്കെ പറഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ വക്താക്കളും കേന്ദ്രമന്ത്രിമാരുമെല്ലാം ഇപ്പോള്‍ പറയുന്നതു നിയമം കൊണ്ടുവരാനാവില്ല എന്നാണ്. എന്തോ മഹാകാര്യം അവര്‍ കൊണ്ടുവരുമെന്നു വിശ്വസിച്ച കുറെപ്പേരെങ്കിലും ഉണ്ടല്ലോ. അവരെ വഞ്ചിക്കലല്ലേ ഇതെന്നും പിണറായി ചോദിച്ചു.
തങ്ങള്‍ക്ക് ഇതുകൊണ്ടു പ്രത്യേക ദോഷമൊന്നും സംഭവിക്കാനില്ല. രാജ്യത്തെ ഭരണഘടനയനുസരിച്ചേ എല്ലാവര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. ഭരണഘടന പൊളിച്ചെഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകുമെങ്കിലും ഇപ്പോഴും അതു നിലനില്‍ക്കുന്ന സ്ഥിതിക്ക് അതിനനുസരിച്ചേ നിലപാടെടുക്കാനാവൂ.
”വനിതാ മതില്‍ ലോകം ശ്രദ്ധിച്ച മുന്നേറ്റമായിരുന്നു. ഇഷ്ടക്കേടുള്ളവര്‍ ഉണ്ടായിരുന്നു. അതിനു തൊട്ടുപിന്നാലെ രണ്ടു സ്ത്രീകള്‍ ശബരിമലയില്‍ കയറിയപ്പോള്‍ മതിലിനെ എതിര്‍ത്തവര്‍ അതെടുത്ത് ഉപയോഗിച്ചു. നേരത്തേ മുതല്‍ സ്ത്രീകള്‍ അവിടെ പ്രവേശിക്കരുതെന്നു മനസ്സിലുള്ളവരുണ്ട്. മാധ്യമങ്ങളും അതിനു സഹായിച്ചു” മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനവും വിശ്വാസവും ഒന്നിച്ചു പോവില്ലെന്ന പുന്നല ശ്രീകുമാറിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയപ്പോള്‍, നവോത്ഥാനം വിശ്വാസത്തിനെതിരല്ലെന്നും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ ആയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വിശ്വാസികളെയാകെ തള്ളുന്ന നിലയുണ്ടായിട്ടില്ല. യുക്തിവാദ ചിന്തയെയും അതിനെയും വേര്‍തിരിച്ചു കാണണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാലാ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത് നല്ല ആത്മവിശ്വാസത്തോടെയാണ്. സ്വാഭാവികമായും അത് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകും. ഒരു പ്രത്യേക രീതിയിലുള്ള വികാരം ഉയര്‍ന്നു വന്നതാണ് ലോക്സഭയിലെ പരാജയത്തിന് കാരണം. അത് കൊണ്ടാണ് യു.ഡി.എഫിന് അത്രയും സീറ്റ് ലഭിച്ചത്.
ലോക്സഭയില്‍ ലഭിച്ച സീറ്റ് കണ്ട് എല്ലാത്തിനും ബാധകമാണെന്ന് യു.ഡി.എഫ് കരുതേണ്ട. ബി.ജെ.പി എല്ലാ കാലത്തും പറഞ്ഞ് കൊണ്ടേയിരിക്കും. അതൊന്നും എല്‍.ഡി.എഫിനേ ബാധിക്കുന്നതല്ലെന്നും പിണറായി വ്യക്തമാക്കി.