| Wednesday, 9th December 2020, 12:24 pm

യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീ പ്രവേശനം തടയും: വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്ന് ഹസ്സന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഓഡിനന്‍സ് വഴി ശബരിമലയിലെ യുവതീ പ്രവേശനം തടയുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. വിശ്വാസം സംരക്ഷിക്കാന്‍ നിയമം നിര്‍മിക്കുമെന്നും ഹസ്സന്‍ പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസ സംരക്ഷണത്തിനായി നിയമം കൊണ്ടുവരണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടാന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി വിജയരാഘവന് ധൈര്യമുണ്ടോയെന്നും ഇക്കാര്യത്തില്‍ താന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണെന്നും ഹസ്സന്‍ പറഞ്ഞു.

‘ഞാന്‍ വിജയരാഘവനെ വെല്ലുവിളിക്കുകയാണ്. സമുദായ സൗഹാര്‍ദം പറയുന്ന വിജയരാഘവന് അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയോട് മുന്നണിയോട്, വിശ്വാസ സംരക്ഷണത്തിനായി ഒരു നിയമം കൊണ്ടുവരാന്‍ ആവശ്യപ്പെടാന്‍ ധൈര്യമുണ്ടോ’, എന്നായിരുന്നു ഹസ്സന്റെ ചോദ്യം.

അഴിമതി ആരോപണങ്ങളെ പ്രതിരോധിക്കാനുള്ള ശക്തി നഷ്ടപ്പെട്ട മുഖ്യമന്ത്രി തെരഞ്ഞെടുപ്പിന്റെ അവസാന റൗണ്ടില്‍ വര്‍ഗീയ കാര്‍ഡിറക്കി കളിക്കുകയാണെന്ന് ഹസ്സന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഹിന്ദു വര്‍ഗീയതയും മുസ്‌ലീം വര്‍ഗീയതയും ഇളക്കിവിടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിലും ലാവ്ലിന്‍ കേസിലും ഉള്‍പ്പെടെ ബി.ജെ.പിയുടെ സഹായം സ്വീകരിക്കുന്ന മുഖ്യമന്ത്രിക്ക് ബി.ജെ.പിയെ എതിര്‍ക്കാന്‍ ധൈര്യമില്ലെന്ന് ജനങ്ങള്‍ക്ക് മനസിലായി. തദ്ദേശതെരഞ്ഞെടുപ്പിനെ വര്‍ഗീയ വത്കരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി സി.പി.ഐ.എമ്മിന് വിനയായിത്തീരുമെന്നും ഹസ്സന്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Sabarimala Women Entry M.M. Hassan

We use cookies to give you the best possible experience. Learn more