| Friday, 25th January 2019, 7:50 am

ശബരിമല ദര്‍ശനം: പട്ടികയില്‍ 17 യുവതികള്‍ മാത്രം; തിരുത്താന്‍ നിര്‍ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ തിരുത്തല്‍ വരുത്താന്‍ നിര്‍ദേശം. ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ ഉന്നതതല സമിതിയാണ് പട്ടിക തിരുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

പട്ടികയിലുള്ളവരില്‍ 17 പേര്‍ മാത്രമാണ് യുവതികളെന്ന് ഉന്നതതല സമിതിയുടെ പരിശോധനയില്‍ വ്യക്തമായി. തെറ്റുപറ്റിയ സാഹചര്യത്തില്‍ പട്ടിക തിരുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 51 പേരുടെ പട്ടികയില്‍നിന്ന് 34 പേരെ ഒഴിവാക്കാന്‍ ഉന്നതതല സമിതി നിര്‍ദേശിച്ചിട്ടുണ്ട്.


തിരുത്തിയ പട്ടികയായിരിക്കും ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച റിവ്യൂ ഹരജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കുക. ഇവര്‍ക്ക് പുറമെ ദര്‍ശനം നടത്തിയ കനകദുര്‍ഗ, മഞ്ജു, ബിന്ദു എന്നിവരുടെ പേരുകള്‍കൂടി ഉള്‍പ്പെടുത്തിയാകും പട്ടിക നല്‍കുക.

സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ 50 വയസ്സ് കഴിഞ്ഞവരും പുരുഷന്മാരും ഉള്‍പ്പെട്ടിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം പട്ടിക പരിശോധിച്ചത്.


ഈ പരിശോധനയില്‍ പട്ടികയില്‍ നാല് പുരുഷന്മാരും 50 വയസ്സിന് മേല്‍ പ്രായമുള്ള 30 സ്ത്രീകളും ഉള്‍പ്പെട്ടെന്ന് സമിതി കണ്ടെത്തിയെന്നാണ് വിവരം.

We use cookies to give you the best possible experience. Learn more