| Monday, 11th January 2016, 9:03 pm

ശബരിമലയില്‍ വിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്കെതിരായ തീരുമാനമെടുക്കില്ലെന്ന് വി.എസ് ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങളോട് കേരള സര്‍ക്കാരിന്റെ പ്രതികരണം. തുടര്‍ന്ന് വരുന്ന ആചാരങ്ങള്‍ അതുപോലെ തന്നെ തുടരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും വിശ്വാസികളുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായ തീരുമാനം സര്‍ക്കാരെടുക്കില്ലെന്നും അതനുസരിച്ചുള്ള സത്യവാങ്മൂലമായിരിക്കും സര്‍ക്കാര്‍ ഫയല്‍ ചെയ്യുകയെന്നും ദേവസ്വം മന്ത്രി വി.എസ് ശിവകുമാര്‍.

ശബരിമലയില്‍ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായി ശരിയല്ലെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ഭരണഘടന അനുവദിക്കാത്തിടത്തോളം സ്ത്രീകളെ തടയാനാകില്ലെന്നും സ്ത്രീകളെ വിലക്കാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നും സുപ്രീകോടതി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസില്‍ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

മതത്തിന്റെ അടിസ്ഥാനത്തിലല്ലാതെ ലിംഗത്തിന്റെ അടിസ്ഥാനത്തില്‍ എങ്ങിനെയാണ് ആളുകളുടെ ക്ഷേത്ര പ്രവേശനം തടയാനാവുകയെന്നും എന്തിനാണ് വിലക്കേര്‍പ്പെടുത്തുന്നതെന്നും കോടതി ചോദിച്ചു. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ ആരാധന നടത്തിയിരുന്നില്ലെന്ന് ആര്‍ക്കാണ് ഇത്ര ഉറപ്പ് ? ലിംഗവിവേചനം പാടില്ലെന്നാണ് ഭരണഘടന പറയുന്നതെന്നും കോടതി പറഞ്ഞു.

We use cookies to give you the best possible experience. Learn more