കോഴിക്കോട്: സന്നിധാനത്ത് കഴിഞ്ഞ ദിവസം സംഘപരിവാര്‍ ആക്രമിച്ച സ്ത്രീയ്ക്കൊപ്പമുണ്ടായിരുന്നത് ബി.ജെ.പിയുടെ തമിഴ്നാട് സെക്രട്ടറി അനുചന്ദ്ര. തൃശൂര്‍ സ്വദേശിനിയായ സ്ത്രീ യുവതി എന്നാരോപിച്ച് സന്നിധാനത്ത് വെച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തിട്ടും അതിന്റെ വീഡിയോ അടക്കം ചാനലുകള്‍ പുറത്തുവിട്ടിട്ടും അക്രമം നേരിട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് തങ്ങള്‍ അക്രമിക്കപ്പെട്ടിട്ടില്ലാ എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്.
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീ എന്ന തരത്തിലായിരുന്നു ചാനലുകള്‍ക്ക് മുമ്പില്‍ അനുചന്ദ്ര എന്ന ബി.ജെ.പി നേതാവ് ബൈറ്റ് നല്‍കിയിരുന്നത്. സ്ത്രീയെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും തടഞ്ഞ് കൊണ്ട് അക്രമം ഒന്നുമുണ്ടായിട്ടില്ല എന്ന തരത്തിലും അക്രമത്തെ ന്യായീകരിച്ചുമുള്ള അനുചന്ദ്രയുടെ ബൈറ്റ് കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
അക്രമത്തെ ന്യായീകരിച്ചു കൊണ്ട് ആശുപത്രിയില്‍ ഇരുന്ന് മാധ്യമങ്ങളോട് സംസാരിക്കുന്ന മനോരമ ന്യൂസിന്റെ വീഡിയോയാണ് സംഘപരിവാര്‍ പ്രചിപ്പിക്കുന്നത്. “പ്രതിഷേധക്കാര്‍ തടഞ്ഞതില്‍ തെറ്റ് പറയുവാന്‍ സാധിക്കില്ലന്നും, ആരും അക്രമിച്ചിട്ടില്ലന്നും അമ്മമാര്‍ തന്നെ പറഞ്ഞിട്ടും മാമാ മാധ്യമങ്ങള്‍ അതൊന്നും സമ്മതിക്കുവാന്‍ തയ്യാറല്ല”. എന്നായിരുന്നു സംഘപരിവാറിന്റെ ഫേസ്ബുക്ക് പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ്.
ചിത്തിര ആട്ടവിശേഷത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറന്നത് മുതല്‍ സന്നിധാനത്തും പരിസരത്തുമുള്ള ബി.ജെ.പി നേതാവ് സ്ത്രീകള്‍ക്ക് ഇവിടെ സൗകര്യമില്ലെന്നും ഒരു കാര്യവും സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ലെന്നുമുള്ള ആരോപണങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടാണ് ഇവര്‍ തമിഴ്നാട് ബി.ജെ.പി നേതാവാണെന്ന കാര്യം പുറത്തുവന്നത്.
തങ്ങള്‍ക്ക് നേരിട്ട അക്രമത്തെ കുറിച്ച് സ്ത്രീയുടെ ഭര്‍ത്താവ് തന്നെ ഇന്നലെ രംഗത്തെത്തിയിരുന്നു. ഞങ്ങളെ പ്രതിഷേധക്കാര്‍ കൂട്ടം കൂടി ചവിട്ടുകയും കുത്തുകയും ചെയ്തിരുന്നെന്ന് സ്ത്രീയുടെ ഭര്‍ത്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു. അതിന് ശേഷവും പ്രതിഷേധക്കാരില്‍ നിന്നും ഒരു അക്രമവും നേരിട്ടില്ലെന്ന തരത്തിലുള്ള ഇവരുടെ പ്രതികരണം സംഘപരിവാര്‍ പ്രചരിപ്പിച്ചത്.
ശബരിമലയില്‍ കൊച്ചു മകന്റെ ചോറൂണിന് വേണ്ടിയാണ് സ്ത്രീ എത്തിയത്. “അടിച്ചു കൊല്ലെടാ അവളെ” എന്നാക്രോശിച്ച് ആക്രമിക്കാന്‍ ശ്രിമിക്കുന്ന വീഡിയോ അടക്കം ഇന്നലെ മുതല്‍ പ്രചിരിച്ചിരുന്നു. പൊലീസിന്റെ കരവലയത്തിലുള്ള സ്ത്രീയ്ക്ക് നേരെ ആക്രമിക്കാന്‍ ശ്രിമിക്കുന്നതും വീഡിയോയില്‍ കാണാം.
നടപ്പന്തലില്‍ എത്തിയ സ്ത്രീകളെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞത് വലിയ സംഘര്‍ഷം സൃഷ്ടിച്ചിരുന്നു. ഇവര്‍ 50 വയസ്സ് തികഞ്ഞവരാണെന്ന് പൊലീസ് പറഞ്ഞെങ്കിലും ഭക്തരെന്ന് അവകാശപ്പെട്ട നൂറോളം പേര്‍ ഇവരെ തടയുകയായിരുന്നു. അക്രമത്തില്‍ രാധ എന്ന സ്ത്രീയുടെ കാലിന് പരിക്കേറ്റിരുന്നു.
തശ്ശൂര്‍ സ്വദേശിനിക്ക് പുറമെ നേരത്തെ ദര്‍ശനം നടത്തിമടങ്ങുകയും വീണ്ടും ദര്‍ശനത്തിനത്തുകയും ചെയത തമിഴ്‌നാട് സ്വദേശിനിക്ക് നേരെയും പ്രതിഷേധം ഉയര്‍ന്നു. പ്രതിഷേധത്തില്‍ ഭയന്നുപോയ തൃശൂര്‍ സ്വദേശിനിയെ സന്നിധാനത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പതിനെട്ടാം പടിക്ക്‌തൊട്ടുതാഴെ വരെ കൂടിനിന്നായിരുന്നു അക്രമം. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ക്കര്‍ക്ക് നേരെയും കയ്യേറ്റമുണ്ടായി.
സംഭവത്തില്‍ കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാര കേസെടുത്തിട്ടുണ്ട്. സ്ത്രീകളെ തടഞ്ഞുവെക്കല്‍, അപമര്യാദയായി പെരുമാറല്‍ എന്നീ വകുപ്പ് പ്രകാരമാണ് കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഇവരുടെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പൊലീസ് പറഞ്ഞു.