ബെംഗളൂരു: ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണെന്നും ക്ഷേത്രദര്‍ശനത്തിന് സ്ത്രീകള്‍ക്കും കോടതി അനുമതി നല്‍കുമെന്നാണ് വിശ്വാസമെന്നും നടിയും കര്‍ണാടക മന്ത്രിയുമായ ജയമാല.
മുമ്പ് ശബരിമല സന്ദര്‍ശിച്ചിട്ടുണ്ടെന്നും വിഗ്രഹത്തില്‍ സ്പര്‍ശിച്ചിട്ടുണ്ടെന്നും വെളിപ്പെടുത്തി വിവാദത്തിലായ വ്യക്തിയാണ് ജയമാല. 1987ല്‍ ശബരിമല സന്ദര്‍ശിച്ചെന്നാണ് ജയമാല 2006ല്‍ വെളിപ്പെടുത്തിയത്.
തുടര്‍ന്ന് ജയമാലക്കെതിരെ പ്രതിഷേധം ശക്തമാവുകയും മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ച് കേസെടുക്കുകയും ചെയ്തിരുന്നു. ശബരിമല പൊതുക്ഷേത്രമാണെങ്കില്‍ സ്ത്രീ വിവേചനം പാടില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസമാണ് നിരീക്ഷിച്ചത്. പൊതുക്ഷേത്രം ആണെങ്കില്‍ ആരാധനയ്ക്ക് തുല്യ അവകാശമാണ് ഉള്ളതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും ആര്‍ത്തവത്തിന്റെ പേരില്‍ 10 നും 50 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ വിലക്കുന്നത് ഏകപക്ഷീയമാണെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
എന്തടിസ്ഥാനത്തിലാണ് സ്ത്രീകള്‍ക്കുള്ള പ്രവേശനം തടയുന്നത്. ഇതു ഭരണഘടനാ വിരുദ്ധമാണ്. പൊതുജനത്തിനായി ക്ഷേത്രം തുറക്കുമ്പോള്‍ ആര്‍ക്കും അവിടെ പോകാനാകണം. സ്ത്രീകളെ ഭരണസമിതി വിലക്കിയത് എന്തിനാണെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. നേരത്തെ, കേസ് പരിഗണിക്കവെ ശബരിമലയിലെ ഭരണകാര്യങ്ങളില്‍ ഇടപെടില്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.