| Wednesday, 10th October 2018, 1:43 pm

അത് ഹിന്ദുക്കളുടെ സമരമല്ല, സവര്‍ണരുടേത് മാത്രം; ശബരിമല പ്രതിഷേധങ്ങളെ തള്ളിപ്പറഞ്ഞ് അവര്‍ണ സംഘടനകള്‍

അലി ഹൈദര്‍

സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ എതിര്‍ത്തു കൊണ്ട് സംഘപരിവാര്‍ നേതൃത്വത്തില്‍ ഹൈന്ദവ സംഘടനകള്‍ നടത്തുന്ന സമരത്തെ തള്ളിപ്പറഞ്ഞ് പിന്നാക്ക ജാതി സംഘടനകള്‍. ബ്രാഹ്മണ്യത്തെ പുനഃസ്ഥാപിക്കാനും ഹിന്ദ്വത്വ രാഷ്ട്രീയത്തെ സ്ഥാപിക്കാനും ഭക്തജനങ്ങളുടെ പേരില്‍ നടത്തുന്ന നീക്കങ്ങളാണ് ഈ സമരമെന്ന് പറഞ്ഞ് കൊണ്ട് ഭൂഅധികാര സംരക്ഷണ സമിതിയാണ് ആദ്യം രഗത്തെത്തിയത്.

വിധിയ്ക്കെതിരായി നടക്കുന്ന സംഘപരിവാര്‍ നേതൃത്വത്തിലുള്ള പ്രതിഷേധ സമരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്ത ഭൂഅധികാര സംരക്ഷണ സമിതി രാജ്യത്തെ ഭരണഘടന ജനങ്ങള്‍ക്ക് ഉറപ്പാക്കുന്ന സമത്വ സിദ്ധാന്തത്തെ അടിവരയിടുക മാത്രമാണ് സുപ്രീംകോടതി ചെയ്തതെന്നും വ്യക്തമാക്കി. നാളുകളായി ആചാരങ്ങളുടെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട സ്ത്രീ ജനങ്ങള്‍ക്ക് സമത്വവും നീതിയും ഉറപ്പ് വരുത്തുക എന്ന ഉത്തരവാദിത്വമാണ് സുപ്രീംകോടതി ഇപ്പോള്‍ എടുത്ത് പറഞ്ഞത്.

“സംഘപരിവാര്‍ വിഭാഗത്തിനകത്ത് കേള്‍ക്കാത്ത പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇതിനു നേതൃത്വം നല്‍കുന്നത് പന്തളം കൊട്ടാരത്തിലെ രാജകുടുംബ അംഗങ്ങളും ബ്രാഹ്മണ താന്ത്രിക സംഘടനകളുടെ നേതാക്കളുമാണ്. ആചാര സംരക്ഷണത്തിന്റെ പേരിലുള്ള ഈ മുറവിളിയെ ബ്രാഹ്മണാധിപത്യം പുനസ്ഥാപിക്കുവാനുള്ള നീക്കമായി നാം തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെ തിരിച്ചറിഞ്ഞില്ലായെങ്കില്‍ ഈ പ്രക്ഷോഭത്തിലൂടെ സംഭവിക്കുന്നത് കേരളം നൂറ് നൂറ്റമ്പത് വര്‍ഷം പിന്നോട്ടു പോകുന്നതിനായിരിക്കും നാം സാക്ഷ്യം വഹിക്കുന്നത്. കാരണം കേരളത്തില്‍ നിലനിന്നിരുന്ന നിരവധി ആചാര അനുഷ്ഠാനങ്ങളെ റദ്ദുചെയ്തു കൊണ്ടും ഇത്തരം വിശ്വാസങ്ങള്‍ മറികടന്നുകൊണ്ടുമാണ് കേരളീയ സമൂഹം നീതിയും സമത്വവും ഉറപ്പുചെയ്തിട്ടുള്ളത്. നവോന്ഥാനത്തിന്റെ മഹത്തായ പാരമ്പര്യത്തെ കൂടിയാണ് ഈ ആള്‍ക്കൂട്ടം വെല്ലുവിളിക്കുന്നത്. അതുകൊണ്ട് ബ്രാഹ്മണ്യത്തിന്റെ തിരിച്ചു വരവിനും ഹിന്ദ്വത്വ രാഷ്ട്രീയത്തിന്റെ സുഗമമായ തിരിച്ചുവരവിനും ഭക്തജനങ്ങളുടെ പേരില്‍ നടക്കുന്ന ആസൂത്രിതമായ ഈ നീക്കം ആത്യന്തികമായി ബ്രാഹ്മണ്യത്തെയും ഹിന്ദുത്വത്തെയും സഹായിക്കാനുള്ളതാണെന്നു നാം തിരിച്ചറിയേണ്ടതുണ്ട്”. സമിതി വ്യക്തമാക്കി.


Read Also : ശബരിമല വിധിക്ക് പിന്നില്‍ ആര്‍.എസ്.എസ്; കേസ് നടത്തിയത് അമിത് ഷായോട് അടുപ്പമുള്ള വനിതാ നേതാക്കള്‍: കടകംപള്ളി സുരേന്ദ്രന്‍


ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ ശക്തമായി പിന്തുണച്ചും പ്രതിഷേധവുമായി രംഗത്തിറങ്ങിയ ഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയത്. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ വിധി അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നുമായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്.

“ശബരിമലയ്ക്കെതിരെ ഹിന്ദുക്കള്‍ എന്ന പേരില്‍ സമരം ചെയ്യുന്നത് ചുരുക്കം വരുന്ന സവര്‍ണര്‍ മാത്രമാണെന്ന് വ്യക്തമാക്കിയ വെള്ളാപ്പള്ളി “28% വരുന്ന ഈഴവസമുദായത്തെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ, ഇവിടുത്തെ പട്ടികജാതി പട്ടികസമുദായത്തെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ? . ആരെയൊക്കെ ഇവര് വിളിച്ചാലോചിച്ചു. അങ്ങനെ വിളിച്ച് ആലോചിച്ചൊരു തീരുമാനമെടുത്തതായി എനിക്കറിയില്ല. ” ഹിന്ദുക്കള്‍ ഒരുമിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

നേരത്തെ ശബരിമലയില്‍ അവര്‍ണര്‍ പാരമ്പര്യമായി നടത്തിയിരുന്ന പല ആചാരങ്ങളും പിന്നീട് എടുത്തുമാറ്റപ്പെടുകയുണ്ടായി. അപ്പോഴൊന്നും ഇത്തരം പ്രതിഷേധം ഉയര്‍ന്നുവന്നില്ലല്ലോയെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

“ചീരപ്പന്‍ചിറക്കാരന്‍ സുശീലാ ഗോപാലന്റെ വീട്ടുകാര്‍ക്കായിരുന്നു ഇവിടുത്തെ വെടിവഴിപാട്. എങ്ങനെ പോയി അവരുടെ കയ്യില്‍ നിന്ന്. പരമ്പരാഗതമായിട്ട് ഇരുന്നതല്ലേ. പോയില്ലേ. പിടിച്ചെടുത്തില്ലേ. അതുപോലെ തന്നെ നിങ്ങളൊന്നാചോലിച്ചു നോക്കൂ, മകരജ്യോതി ആരാ തെളിച്ചിരുന്നത്. അവിടുത്തെ ആദിവാസികള്‍ കാണിച്ചിരുന്നതല്ലേ. അത് പിടിച്ചെടുത്തില്ലേ. ഇതിനാരും പ്രക്ഷോഭത്തിന് പോയില്ലല്ലോ.”

ശബരിമല സവര്‍ണര്‍ കയ്യടക്കിവെച്ചിരിക്കുകയാണെന്നും അവിടെ ആധിപത്യം സ്ഥാപിക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. “ദേവസ്വം ബോര്‍ഡ് ആരുടെ കയ്യിലാണ്. 96% ദേവസ്വം ബോര്‍ഡ് സവര്‍ണ സമുദായങ്ങളുടെ കയ്യിലിരിക്കുകയാണ്. അവര്‍ണര്‍ എത്ര ശതമാനമുണ്ട്. പിന്നോക്കക്കാരും പട്ടികജാതിക്കാരുമായിട്ട് വെറും നാലു ശതമാനം. ” അദ്ദേഹം വിശദീകരിക്കുന്നു.


Read Also : രണ്ടാം വിമോചന സമരം അനുവദിക്കില്ല; ബ്ലോക്ക് കേന്ദ്രങ്ങളില്‍ നവോത്ഥാന സദസ് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ


ആദിവാസികളടക്കമുള്ള ജനവിഭാഗത്തെ പുച്ഛഭാവത്തില്‍ കണ്ടിരുന്ന സവര്‍ണ്ണ ജാതികള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരത്തില്‍ എന്തിനാണ് ആശാരിയും തട്ടാനും കൊല്ലനും മൂശാരിയും മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുന്നതെന്നായിരുന്നു കണ്ണൂര്‍ വിശ്വകര്‍മ ഗായത്രിമഠം മഠാധിപന്‍ രമേശന്‍ ആചാരി. ചോദിച്ചത്.

അമ്പലങ്ങളും, ശില്‍പങ്ങളും, ബിംബങ്ങളും. സൃഷ്ടിക്കുന്ന നമ്മുടെ കറുത്ത കരങ്ങള്‍ സവര്‍ണ്ണ മാടമ്പിമാര്‍ക്ക് മുദ്രാവാക്യം വിളിച്ച് കൊടുക്കാനുള്ളതല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതുകൊണ്ട് സുപ്രീംകോടതി വിധിക്കെതിരെയുള്ള സമരത്തില്‍ നിന്ന് എല്ലാ വിശ്വകര്‍മ്മ സഹോദരങ്ങളും വിട്ടുനില്‍ക്കണമെന്നും ഗായത്രിമഠം മഠാധിപന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

“വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ട ആളുകളും ചിലയിടങ്ങളിലെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗം ആളുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നമ്പൂതിരി മുതല്‍ ആദിവാസികള്‍ വരെ പങ്കെടുക്കുന്ന സമരം മാധ്യമ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.എന്നാല്‍ കേരളത്തിലെ വിശ്വകര്‍മ്മ സമുദായം അടക്കമുള്ള പിന്നോക്ക- ദളിത് വിഭാഗങ്ങള്‍ ഇതിനുമുമ്പും തങ്ങളുടെ നിലനില്‍പ്പിനായുള്ള സമരത്തിന് മുന്നോട്ടു വന്നിരുന്നു. സംവരണം അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ സമരങ്ങളിലൊന്നും യോഗക്ഷേമസഭയോ തന്ത്രി കുടുംബങ്ങളോ ചങ്ങനാശ്ശേരിയിലെ ചെവിയില്‍ പൂടയുള്ള നായരോ ഉണ്ടായിരുന്നില്ല. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ പോലും തട്ടിയെടുത്ത പാരമ്പര്യമാണ് മേല്‍ജാതിക്കാര്‍ക്ക്” പത്രക്കുറിപ്പില്‍ പറയുന്നു.

എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായ ജനാധിപത്യ രാഷ്ട്രീയ സഭ നേതാവ് സി.കെ.ജാനുവും സമരത്തെ തള്ളിപ്പറഞ്ഞു. കോടതി വിധി നടപ്പാക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നായിരുന്നു ജാനു പറഞ്ഞത്.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

We use cookies to give you the best possible experience. Learn more