കോഴിക്കോട്: സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന സമരത്തിനെതിരെ കണ്ണൂര്‍ വിശ്വകര്‍മ ഗായത്രിമഠം മഠാധിപന്‍ രമേശന്‍ ആചാരി. ആദിവാസികളടക്കമുള്ള ജനവിഭാഗത്തെ പുച്ഛഭാവത്തില്‍ കണ്ടിരുന്ന സവര്‍ണ്ണ ജാതികള്‍ അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള സമരത്തില്‍ എന്തിനാണ് ആശാരിയും തട്ടാനും കൊല്ലനും മൂശാരിയും മുദ്രാവാക്യം വിളിച്ച് തെരുവിലിറങ്ങുന്നതെന്ന് രമേശന്‍ ആചാരി ചോദിച്ചു.
അമ്പലങ്ങളും, ശില്‍പങ്ങളും, ബിംബങ്ങളും. സൃഷ്ടിക്കുന്ന നമ്മുടെ കറുത്ത കരങ്ങള്‍ സവര്‍ണ്ണ മാടമ്പിമാര്‍ക്ക് മുദ്രാവാക്യം വിളിച്ച് കൊടുക്കാനുള്ളതല്ല എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അതുകൊണ്ട് സുപ്രീംകോടതി വിധിക്കെതിരെയുള്ള സമരത്തില്‍ നിന്ന് എല്ലാ വിശ്വകര്‍മ്മ സഹോദരങ്ങളും വിട്ടുനില്‍ക്കണമെന്നും ഗായത്രിമഠം മഠാധിപന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Read Also : ശബരിമല; ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കാനുള്ള സാഹചര്യമൊരുക്കണമെന്ന് അമിത് ഷാ
“വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ട ആളുകളും ചിലയിടങ്ങളിലെ സമരത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഹിന്ദു സമുദായത്തിലെ എല്ലാ വിഭാഗം ആളുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. നമ്പൂതിരി മുതല്‍ ആദിവാസികള്‍ വരെ പങ്കെടുക്കുന്ന സമരം മാധ്യമ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
എന്നാല്‍ കേരളത്തിലെ വിശ്വകര്‍മ്മ സമുദായം അടക്കമുള്ള പിന്നോക്ക- ദളിത് വിഭാഗങ്ങള്‍ ഇതിനുമുമ്പും തങ്ങളുടെ നിലനില്‍പ്പിനായുള്ള സമരത്തിന് മുന്നോട്ടു വന്നിരുന്നു. സംവരണം അടക്കമുള്ള വിഷയങ്ങളില്‍ നടത്തിയ സമരങ്ങളിലൊന്നും യോഗക്ഷേമസഭയോ തന്ത്രി കുടുംബങ്ങളോ ചങ്ങനാശ്ശേരിയിലെ ചെവിയില്‍ പൂടയുള്ള നായരോ ഉണ്ടായിരുന്നില്ല. പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങള്‍ പോലും തട്ടിയെടുത്ത പാരമ്പര്യമാണ് മേല്‍ജാതിക്കാര്‍ക്ക്” പത്രക്കുറിപ്പില്‍ പറയുന്നു.
ഇതിനര്‍ത്ഥം യൗവനയുക്തകളായ സ്ത്രീകള്‍ ശബരിമലയില്‍ പോകണമെന്നല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
നേരത്തെ ശബരിമല വിഷയത്തില്‍ സര്‍ക്കാറിനെ ശക്തമായി പിന്തുണച്ചും ഹിന്ദുത്വ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ചും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സര്‍ക്കാര്‍ വിധി അംഗീകരിക്കുക മാത്രമാണ് ചെയ്തതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ശബരിമലയ്ക്കെതിരെ ഹിന്ദുക്കള്‍ എന്ന പേരില്‍ സമരം ചെയ്യുന്നത് ചുരുക്കം വരുന്ന സവര്‍ണര്‍ മാത്രമാണെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. “28% വരുന്ന ഈഴവ സമുദായത്തെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ. ഇവിടുത്തെ പട്ടികജാതി പട്ടികസമുദായത്തെ വിളിച്ച് ആലോചിച്ചിട്ടുണ്ടോ. ധീരവരരെ വിളിച്ചിട്ടുണ്ടോ. ആരെയൊക്കെ ഇവര് വിളിച്ചാലോചിച്ചു. അങ്ങനെ വിളിച്ച് ആലോചിച്ചൊരു തീരുമാനമെടുത്തതായി എനിക്കറിയില്ല. ” ഹിന്ദുക്കള്‍ ഒരുമിക്കുന്നുവെന്ന് അവകാശപ്പെട്ടുള്ള ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ വിമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞിരുന്നു.