| Wednesday, 14th November 2018, 5:44 pm

തൃപ്തി മലചിവിട്ടാന്‍ വന്നാല്‍ വഴി നീളെ നിരന്ന് കിടന്ന് പ്രതിഷേധിക്കും; രാഹുല്‍ ഈശ്വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ഞങ്ങളുടെ ശരീരത്തില്‍ ചവിട്ടിയേ തൃപ്തിക്ക് ശബരിമലയിലേക്ക് പോകാനാകൂവെന്ന് അയ്യപ്പധര്‍മ്മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തൃപ്തി ദേശായിയെ ശബരിമല കയറാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും വിശ്വാസത്തിന്റെ ശക്തി തൃപ്തി കാണാനിരിക്കുന്നതേയുള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

കോടതിയലക്ഷ്യം ആകുമെന്നതിനാല്‍ തൃപ്തിയെ തടയുമെന്ന് പറയുന്നില്ല. പക്ഷെ വഴി നീളെ വിശ്വാസികള്‍ നിരന്ന് കിടന്ന് പ്രതിഷേധിക്കും. തൃപ്തി രണ്ടും കല്‍പ്പിച്ചാണെങ്കില്‍ ഞങ്ങള്‍ മൂന്നും കല്‍പ്പിച്ചാണെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.

Read Also : തൃപ്തി ദേശായിയുടെ കത്ത് ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലയാളികളുടെ പോരാട്ടവീര്യം തൃപ്തി ദേശായി കാണാനിരിക്കുന്നതേയുള്ളൂ. തൃപ്തി ദേശായി മലകയറുന്നത് പ്രതിരോധിക്കാന്‍ വിശ്വാസികളെയും അമ്മമാരെയും അണിനിരത്തുമെന്നും രാഹുല്‍ വ്യക്തമാക്കി.

ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ വരുമെന്ന് പറഞ്ഞത് തന്നെ തൃപ്തിയുടെ ഭക്തി കൊണ്ടല്ലെന്ന് വ്യക്തമാക്കുന്നതാണ്. ദല്‍ഹിയിലുള്ള തൃപ്തി ശബരിമലയില്‍ വരുന്നത് ഭക്തി കൊണ്ടല്ല. അയ്യപ്പനെ അറിയാത്തതുകൊണ്ട് വരുന്നതാണ്. അയ്യപ്പനെ കളിയാക്കാനാണ് അവരുടെ വരവ്. തൃപ്തി ദേശായിയുടെ വരവിന് മുന്നോടിയായി താന്‍ ശബരിമലയിലേക്ക് പോകും. ഇരുമുടിക്കെട്ടുമായി പോകുന്ന തങ്ങളെ പൊലീസിന് നിയമപരമായി തടയാനാവില്ലെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ത്തു.

മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നവംബര്‍ 16 ന് വൈകീട്ടാണ് നട തുറക്കുന്നത്. ശനിയാഴ്ച ശബരിമല കയറാന്‍ എത്തുമെന്നാണ് തൃപ്തി ദേശായി അറിയിച്ചിട്ടുള്ളത്. ആറു യുവതികള്‍ക്കൊപ്പമാണ് തൃപ്തി ദേശായി ശബരിമലയിലെത്തുക.

വെള്ളിയാഴ്ച കേരളത്തിലെത്തുന്ന തനിക്കും സംഘത്തിനും മതിയായ സുരക്ഷ ഒരുക്കണമെന്നും ശനിയാഴ്ച ക്ഷേത്രദര്‍ശനം സാധ്യമാക്കണമെന്നും ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും തൃപ്തി ദേശായി കത്തയച്ചിരുന്നു.

We use cookies to give you the best possible experience. Learn more