കോഴിക്കോട്: ശബരിമലയില്‍ പ്രായഭേദമന്യേ സത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിംകോടതി വിധിക്കെതിരെ ഓര്‍ഡിനന്‍സ് ഇറക്കാന്‍ മോദിസര്‍ക്കാറിന് 48 മണിക്കൂര്‍ സമയം തരുന്നുവെന്ന് അന്താരാഷ്ട്ര ഹിന്ദു പരിഷത് ദേശീയ വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. മുത്തലാഖ് ഇല്ലാതാക്കാന്‍ വേണ്ടി നരേന്ദ്രമോദിക്ക് ഓര്‍ഡിനന്‍സ് ഇറക്കാമെങ്കില്‍ പിന്നെ എന്ത് കൊണ്ടാണ് ഹിന്ദുവിന് വേണ്ടി ശബരിമലയില്‍ ഒര്‍ഡിനന്‍സ് ഇറക്കിയാല്‍ കുഴപ്പമെന്നും തൊഗാഡിയ ചോദിച്ചു.
“ഞാന്‍ ഓരോ ബി.ജെ.പിക്കാരോടും ചോദിക്കുന്നു. ബി.ജെ.പി പ്രതിപക്ഷത്തല്ല ഇരിക്കുന്നത്. ബി.ജെ.പി ഭരണപക്ഷത്താണിരിക്കുന്നത്. അത് കൊണ്ട് നിങ്ങള്‍ അത് നടപ്പിലാക്കാന്‍ ആവശ്യപ്പെടണം. ഓര്‍ഡിനന്‍സ് ഇറക്കേണ്ട ബാധ്യത ബി.ജെ.പി സര്‍ക്കാറിനുണ്ട്. എല്ലാപ്രവര്‍ത്തകരും ജെല്ലിക്കെട്ട് പോലെ തന്നെ ശബരിമല വിഷയവും ഒരു ഓര്‍ഡിനന്‍സ് ഇറക്കി പരിഹരിക്കണമെന്ന് മോദിസര്‍ക്കാറിനോട് ആവശ്യപ്പെടണം”. തൊഗാഡിയ പറഞ്ഞു.
ഞങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തത് ഹിന്ദുവിന്റെ അഭിമാനത്തിന് വേണ്ടി മാത്രമാണെന്നും ബി.ജെ.പിയുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ബദലായി നടത്തുന്ന രക്ഷായാത്രയുടെ സമാപന സമ്മേളനത്തില്‍ തൊഗാഡിയ പറഞ്ഞു.
ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ തയാറാകാത്ത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടില്‍ പ്രതിഷേധിച്ചു പരിഷത്തിന്റെ നേതൃത്വത്തില്‍ 17 ന് അര്‍ധരാത്രി മുതല്‍ 18 ന് അര്‍ധരാത്രി വരെ സംസ്ഥാനത്തു ഹര്‍ത്താല്‍ നടത്തുമെന്നും തൊഗാഡിയ വ്യക്തമാക്കി.
“ശബരിമല, തിരുപ്പതി, വൈഷ്ണവി എന്നിവയടക്കം ഒരു ലക്ഷം ക്ഷേത്രങ്ങള്‍ ഇപ്പോള്‍ സര്‍ക്കാരിന്റെ കൈയിലാണ്. എല്ലാം ഭക്തര്‍ക്കായി തുറന്നു കൊടുക്കണം. അരലക്ഷം കോടി രൂപയാണു കാണിക്കയായി ലഭിക്കുന്നത്. ഈ തുക പാവപ്പെട്ട ഹിന്ദുക്കളുടെ വിദ്യാഭ്യാസ, ആരോഗ്യ, തൊഴില്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കണം. കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം വിശ്വാസികള്‍ക്കു വിട്ടുകൊടുക്കണമെന്ന് “87 ലെ ശങ്കരന്‍നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നുണ്ട്. ഇതു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണം” തൊഗാഡിയ പറഞ്ഞു.