കോഴിക്കോട്: ശബരിമല മുന്‍നിര്‍ത്തി കലാപത്തിന് ശ്രമിക്കുന്ന സംഘപരിവാറിന്റെ നുണകളിലെ ഏറ്റവും ഒടുവിലത്തേതാണ് അയ്യപ്പ ഭക്തന്റെ നെഞ്ചത്തേക്ക് പൊലീസ് ബൂട്ടിട്ട് ചവിട്ടുന്ന ഒരു ഫോട്ടോ ഷൂട്ടിന്റെ സ്റ്റില്‍സ്. കാട്ടില്‍ വെച്ച് അയ്യപ്പ വിഗ്രഹം കൈയില്‍ പിടിച്ച് നില്‍ക്കുന്ന തലയില്‍ ഇരുമുടിക്കെട്ടുള്ള ഭക്തന്റെ ഈ ചിത്രം സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതിന് പിന്നില്‍ വ്യക്തമായ ഉദ്ദേശമുണ്ടെന്ന സൂചനയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പൊലീസ് ബൂട്ടുകൊണ്ട് ഭക്തന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടുന്നതായും അരിവാള്‍ കൊണ്ട് കഴുത്തറുക്കാന്‍ ശ്രമിക്കുന്നതുമായാണ് ചിത്രീകരണം. മാവേലിക്കര സ്വദേശിയായ “രാജേഷ് കുറുപ്പ്” എന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ തന്നെയാണ് ചിത്രം ആദ്യം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. മധു കൃഷ്ണ എന്ന സുഹൃത്ത് ഒരു ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി എടുത്ത ചിത്രങ്ങളാണ് ഇവ എന്നായിരുന്നു വിശദീകരണം. രാജേഷ് കുറുപ്പ് തന്നെയാണ് ഫോട്ടോ ഷൂട്ടില്‍ ശബരിമല തീര്‍ത്ഥാടകനായി അഭിനയിച്ചിരിക്കുന്നതും.
തുടര്‍ന്ന് “അയ്യപ്പഭക്തരോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന അക്രമം കാണൂ” എന്ന അടിക്കൂറിപ്പോടെയാണ് രാജ്യം മുഴുവനും പ്രചരിച്ചത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേയും സംഘപരിവാര്‍ നേതാക്കളും അണികളും ഈ ചിത്രം പൊലീസിന്റെ ക്രൂരതായി അവതരിപ്പിച്ച് മത്സരിച്ച് ഷെയര്‍ ചെയ്യുകയാണിപ്പോള്‍.
കന്നഡ, തെലുങ്ക്, തമിഴ് ഹിന്ദി ഇംഗ്ലീഷ് തുടങ്ങി എല്ലാ ഭാഷകളിലും സംഘപരിവാര്‍ ഐ.ടി സെല്‍ ഈ ചിത്രം വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ട്വിറ്ററിലും ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രചരിക്കുന്ന ചിത്രം സംഘപരിവാര്‍ ഗ്രൂപ്പുകളിലും പേജിലുമായി പതിനായിരക്കണക്കിന് ഷെയറുകളാണ് ലഭിച്ചിരിക്കുന്നത്.
In the eyes of this devotee
There is No Fear of brutality
There is No fear of oppressionThis is the Power of Faith#Sabarimala #Ayyappa pic.twitter.com/F1MNrRVAvw
— Kapil Mishra (@KapilMishra_IND) November 2, 2018
ആം ആദ്മി പാര്‍ട്ടിയുടെ ദല്‍ഹിയിലെ വിമത എം.എല്‍.എ കപില്‍ മിശ്ര വരെ സംഘപരിവാറിന്റെ പ്രചരണത്തില്‍ വീണു പോയിട്ടുണ്ട്. കപില്‍ മിശ്ര ഈ ചിത്രം ട്വീറ്റ് ചെയ്തത് “ഈ വിശ്വാസിയുടെ കണ്ണില്‍ ക്രൂരതയോടുള്ള ഭയമില്ല, അടിച്ചമര്‍ത്തലിനോടും ഭയമില്ല, ഇതാണ് വിശ്വാസത്തിന്റെ ശക്തി” എന്ന അടിക്കുറിപ്പോടെയാണ്. ആയിരത്തിയഞ്ഞൂറിലേറെപ്പേര്‍ കപില്‍ മിശ്രയുടെ ട്വീറ്റ് ഇതിനകം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്.
പുറത്ത് വിട്ട അതേദിവസം മലയാളികള്‍ പൊളിച്ചു കൊടുത്ത ഈ വ്യാജ ചിത്രം യഥാര്‍ത്ഥ ചിത്രമെന്ന രീതിയില്‍ ഇത്രദിവസം കഴിഞ്ഞും സംഘപരിവാര്‍ പ്രചരിപ്പിക്കുന്നത് ഐ.ടി സെല്ലിന്റെ കൃത്യമായ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും ശബരിമലയെ മുന്‍ നിര്‍ത്തി കലാപം നടത്താനുള്ള ഒരുക്കത്തിന്റെ ഭാഗമാണെന്നുമിതെന്ന ആരോപണം സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിട്ടുണ്ട്.
ചിത്തിര ആട്ടവിശേഷ ചടങ്ങുകള്‍ക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് വ്യാജ ചിത്രത്തിന്റെ പ്രചാരം ഏറിയത്. എന്നാല്‍ ഫോട്ടോഷോപ്പ് ചിത്രം ഇവ ആദ്യം പോസ്റ്റ് ചെയ്ത രാജേഷ് കുറുപ്പ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പിന്‍വലിച്ചിട്ടുണ്ട്.
നേരത്തേയും ശബരിമലയുമായി ബന്ധപ്പെട്ട് നിരവധി വ്യാജ വാര്‍ത്തകള്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഓരോന്ന് പൊളിയുമ്പോള്‍ അടുത്ത നുണയുമായാണ് സംഘപരിവാര്‍ രംഗത്തെത്തുന്നത്.
ശബരിമലയിലെ സംഘര്‍ഷാവസ്ഥ മുതലെടുത്ത് 2005 ല്‍ പകര്‍ത്തിയ ഫോട്ടോ സംഘപരിവാര്‍ അനുകൂല പേജുകളിലൂടെയും ആളുകളിലൂടെയും പ്രചരിപ്പിച്ചിരുന്നു. ഒരു യുവതിയെ പൊലീസ് തല്ലുന്ന ചിത്രമായിരുന്നു അത്. വിശ്വാസികളായ അമ്മമാരെ എന്തിന് പൊലീസ് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ ഈ ചിത്രം പ്രചരിച്ചു. നിരവധി പേരാണ് ഈ പ്രചരണം ഏറ്റുപിടിച്ചത്.
എറണാകുളം കളക്ട്രേറ്റിന് സമീപം 2005 ജൂലൈ മൂന്നിന് എസ്.എഫ്.ഐ നടത്തിയ കൗണ്‍സിലിംഗ് ഉപരോധസമരത്തില്‍ ഇടത് വിദ്യാര്‍ഥി സംഘടനയുടെ മുന്‍ ജില്ലാ സെക്രട്ടറിയായ എം.ബി ഷൈനിയെ പൊലീസ് മര്‍ദ്ദിക്കുന്ന ചിത്രത്തെയാണ് സംഘപരിവാര്‍ ഇത്തരത്തില്‍ പ്രചരിപ്പിച്ചത്.
NOTE:-
ഇന്നലെ ആദ്യം പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ എ.എ.പി എം.എല്‍.എ എന്നായിരുന്നു രേഖപ്പെടുത്തിയത്. ദല്‍ഹിയിലെ കെജ്‌രിവാള്‍ മന്ത്രിസഭയിലെ ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന
കപില്‍ ശര്‍മ്മയെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. പിന്നീട് എ.എ.പിയില്‍ നിന്നും കപില്‍ മിശ്രയെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. വാര്‍ത്തയില്‍ സംഭവിച്ച പിശകില്‍ ഡൂള്‍ന്യൂസ് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. തുടര്‍ന്നുള്ള വാര്‍ത്തകള്‍ കൂടുതല്‍ ജാഗ്രതയോടെ പ്രസിദ്ധീകരിക്കാന്‍ ശ്രമിക്കുന്നതായിരിക്കും
ടീം ഡൂള്‍ന്യൂസ്