| Friday, 9th November 2018, 8:41 am

ശബരിമല പ്രക്ഷോഭത്തില്‍ പിടിയിലായ ഇരുന്നൂറോളം പേര്‍ വീണ്ടുമെത്തി; കുടുങ്ങിയത് ഫെയ്സ് ഡിറ്റക്ഷന്‍ സോഫ്റ്റ്‌വേയര്‍ വഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുളള സുപ്രീം കോടതി വിധിക്കെതിരെ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ അറസ്റ്റിലായ ഇരുന്നൂറോളം പേര്‍ വീണ്ടുമെത്തിയെന്ന് പൊലീസ്. ആദ്യവട്ടം സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ പോലീസിന്റെ ഫെയിസ് ഡിറ്റക്ഷന്‍ സോഫ്റ്റുവേറുകളുമായി ബന്ധപ്പെടുത്തിയിരുന്നു. അവരില്‍ 200 പേരെങ്കിലും ഇത്തവണയും ശബരിമലയിലെ അക്രമത്തിന് എത്തിയെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്.

പൊലീസ് ഒരുക്കിയ ഫെയ്സ് ഡിറ്റക്ഷന്‍ സോഫ്റ്റ് വേറിന്റെ സഹായത്തോടെയാണ് ഇക്കാര്യം വ്യക്തമായത്. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോള്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ ഉള്‍പ്പെടെയുള്ളവ പോലീസ് പരിശോധിക്കുകയും 3700-ഓളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നുള്ള ഇരുന്നൂറോളം പേരാണ് ചിത്തിര ആട്ടത്തിരുനാളിന് നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയത്.

Read Also : സംഘപരിവാര്‍ ഭീഷണിക്ക് വഴങ്ങി മായ്ച്ച വാഗണ്‍ ട്രാജഡിയുടെ ചിത്രങ്ങള്‍ തിരൂരില്‍ വീണ്ടും തെളിയും

ശബരിമലയില്‍ വീണ്ടും നടതുറപ്പോള്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ സ്ത്രീകളെ തടഞ്ഞ് അക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു.

ന്യായീകരിക്കാനാകാത്ത അക്രമസംഭവങ്ങളാണ് പമ്പയിലും നിലയ്ക്കലിലുമുണ്ടായതെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിക്കെതിരേയാണ് സമരം. പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുമെന്നും കോടതി പറഞ്ഞു.

ശബരിമല അക്രമങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതിക്കു മുന്നില്‍ വന്ന അഡ്വ.ഗോവിന്ദ് മധുസൂദനന്റേ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

താന്‍ അക്രമത്തില്‍ പങ്കെടുത്തില്ലെന്നും നാമജപത്തില്‍ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ഇയാളുടെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളുകയായിരുന്നു.

നേരത്തെ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ പത്തനംതിട്ട ജില്ല സെഷന്‍സ് കോടതി തള്ളിയിരുന്നു. സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് എത്തിയ ഉദ്യോഗസ്ഥരെയും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയും അക്രമിച്ചവരുടെ ജാമ്യാപേക്ഷയാണ് തള്ളിയിരുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more