| Monday, 22nd October 2018, 9:02 am

ഭൂരിപക്ഷ കോടതിവിധി വന്നുകഴിഞ്ഞാല്‍ അതാണ് രാജ്യത്തെ നിയമം; ശബരിമലയിലെ വിധിയെ കുറിച്ച് കാളീശ്വരം രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിധിയില്‍ ഒരു നിയമ നിര്‍മ്മാണവും സാധ്യമല്ലെന്ന് അഡ്വക്കേറ്റ് കാളീശ്വരം രാജ്. ഒരു ഓര്‍ഡിനന്‍സോ നിയമ നിര്‍മ്മിക്കുന്ന പക്ഷം, ആ നിയമം മൗലീകവകാശങ്ങള്‍ക്ക് എതിരായിട്ടുള്ളതും കോടതി വിധിയെ പരസ്യമായി ചോദ്യം ചെയ്യുന്നതുമായിരിക്കുമെന്നും കാളീശ്വരം രാജ് പറയുന്നു.

“ഏതെങ്കിലും ഒരു നിയമത്തിലെ അടിസ്ഥാനപരമായ പാളിച്ചയെന്തെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഭരണഘടനാ കോടതി ആ നിയമം റദ്ദുചെയ്താല്‍ ആ പാളിച്ച പരിഹരിച്ചുകൊണ്ടുമാത്രം, അതേവിഷയത്തില്‍ മറ്റൊരു നിയമനിര്‍മാണമാകാം എന്നതാണ് നിയമതത്ത്വം. എന്നാല്‍, യുവതികളുടെ ക്ഷേത്രപ്രവേശനം വിലക്കുന്ന ബന്ധപ്പെട്ട ചട്ടം സുപ്രീംകോടതി റദ്ദാക്കിയത് അത് ലിംഗസമത്വത്തിനും തുല്യതയ്ക്കും സ്ത്രീയുടെ വ്യക്തിത്വത്തിനും എതിരുനില്‍ക്കുന്നുവെന്ന് വ്യക്തിമാക്കിക്കൊണ്ടാണ്അതുകൊണ്ടുതന്നെ, മൗലികാവകാശനിഷേധത്തെ നിയമനിര്‍മാണത്തിലൂടെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയില്ല”. മാതൃഭൂമിയുടെ എഡിറ്റ് പേജില്‍ എഴുതിയ ലേഖനത്തില്‍ കാളീശ്വരം രാജ് വിശദീകരിക്കുന്നു.


Read Also : ട്രാന്‍സ്ജെന്‍ഡറെ അപമാനിച്ച് ശ്രീധരന്‍പിള്ളയുടെ പ്രസ്താവന; ബി.ജെ.പി സംസ്ഥാന കാര്യാലയത്തിലേക്ക് ട്രാന്‍സ്ജെന്‍ഡറുടെ പ്രതിഷേധ മാര്‍ച്ച്


“ഭൂരിപക്ഷ കോടതിവിധി വന്നുകഴിഞ്ഞാല്‍ അതാണ് രാജ്യത്തെ നിയമം. അതനുസരിക്കാന്‍ രാജ്യത്തെ എല്ലാ അധികാരികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പൗരന്മാര്‍ക്കും ബാധ്യതയുണ്ട്. ഭരണഘടനയുടെ 141, 142 അനുച്ഛേദങ്ങള്‍ ഇക്കാര്യം വ്യക്തമാക്കുന്നു. വിധി പുനഃപരിശോധിക്കപ്പെടാത്തിടത്തോളം, കോടതിതന്നെ മാറ്റിയെഴുതാത്തിടത്തോളം അതാണ് പരമമായ നിയമം. ആള്‍ക്കൂട്ടങ്ങളുടെ അഭിപ്രായങ്ങളാണ് നിയമമെന്നുവന്നാല്‍ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും നിലനില്‍പ്പുണ്ടാവില്ല”. കാളീശ്വരം രാജ് ചൂണ്ടിക്കാണിക്കുന്നു.

“ഭരണഘടനാബെഞ്ചിന്റെ വിധിയെ നിര്‍വീര്യമാക്കുന്ന നിയമം നിര്‍മിക്കാന്‍ ആര്‍ക്കാണ് അധികാരം എന്ന ചോദ്യംതന്നെ തെറ്റാണ്. തെറ്റിദ്ധാരണയില്‍നിന്നുണ്ടായതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ ചോദ്യമാണത്. കേന്ദ്രത്തിനാണോ അതോ സംസ്ഥാനത്തിനാണോ ഓര്‍ഡിനന്‍സിറക്കാന്‍ അധികാരം എന്ന ചോദ്യത്തിന്, ശബരിമലവിധിയുടെ സവിശേഷ പശ്ചാത്തലത്തില്‍ ഒരു പ്രസക്തിയുമില്ല”. കാളീശ്വരം രാജ് പറയുന്നു.

സാധാരണഗതിയില്‍ ശബരിമലകേസിലെ വിധിക്കെതിരേ റിവ്യൂഹര്‍ജി നിലനില്‍ക്കില്ല. റിവ്യൂഹര്‍ജി അപ്പീലിന് തുല്യമായ ഒന്നല്ല. സുപ്രീംകോടതി ചട്ടങ്ങളിലെ 47-ാം വകുപ്പനുസരിച്ചു റിവ്യൂ അധികാരം വിരളമായിമാത്രം പ്രയോഗിക്കപ്പെടുന്ന ഒന്നാണ്. എന്തെങ്കിലും കാര്യം വിധിയില്‍ വിട്ടുപോയാല്‍, പ്രകടമായ എന്തെങ്കിലും പിഴവ് വിധിയിലുണ്ടായാല്‍ അത് തിരുത്താന്‍മാത്രമേ റിവ്യൂ ഹര്‍ജികൊണ്ടും തെറ്റുതിരുത്തല്‍ ഹര്‍ജികൊണ്ടും കഴിയൂ. വിഷയത്തിന്റെ ഭിന്നവശങ്ങള്‍ വിലയിരുത്തി എഴുതിയ വിധി കുറച്ച് റിവ്യൂഹര്‍ജികളുടെമാത്രം അടിസ്ഥാനത്തില്‍ മാറ്റിയെഴുതാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കോടതി ആവശ്യപ്പെടാതെതന്നെ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ പോകുന്നുവെന്ന ദേവസ്വം ബോര്‍ഡിന്റെ പ്രഖ്യാപനവും തെറ്റാണ്. അങ്ങനെയൊരു നടപടിക്രമം ഇല്ല. കോടതി അത്തരം ഒരു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ല. അതിനാല്‍ത്തന്നെ റിപ്പോര്‍ട്ട് ഫയല്‍ചെയ്യുമെന്ന പ്രസ്താവനയ്ക്ക് നിയമത്തിന്റെ പിന്‍ബലമില്ലെന്നും കാളീശ്വരം രാജ് പറയുന്നു.


We use cookies to give you the best possible experience. Learn more