കോഴിക്കോട്: ശബരിമലയിലേക്ക് ദര്‍ശനത്തിനായി യുവതികളെ അയക്കാന്‍ സി.പി.ഐ.എം നേതാക്കള്‍ വീടുകള്‍ തോറും പ്രചരണം നടത്തുവെന്ന ജനം ടി.വിയുടെ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സി.പി.ഐ.എം. ഇത് ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ വേണ്ടി ജനം ടി.വി പടച്ചു വിട്ടതാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.രാജീവ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.
മാധ്യമമെന്ന് വിളിക്കാന്‍ പോലും പറ്റാത്ത യാതൊരു ധാര്‍മ്മികതയുമില്ലാത്ത വര്‍ഗീയ കുഴലൂത്തിന്റെ ഒരു ഉപകരണമായി ജനം ടിവി മാറിയെന്നും രാജീവ് പറഞ്ഞു.
ശബരിമലയെ മുന്‍ നിര്‍ത്തിയുള്ള സംഘപരിവാറിന്റെ പ്രചാരവേലയെ തുറന്നുകാട്ടാനും ശബരിമലയെ കലാപ ഭൂമിയാക്കാന്‍ അനുവദിക്കില്ലാ എന്നും പ്രഖ്യാപിച്ച് കൊണ്ടാണ് സി.പി.ഐ.എം പ്രചരണം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയുമായി ബന്ധപ്പെട്ട് തന്നെ ജനം ടിവിയും സംഘവും നിരന്തരം വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുകയാണ്. ജനം ടിവിയുടെ ഈ വ്യാജ വാര്‍ത്തയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടി ആലോചിക്കുമെന്നും രാജീവ് കൂട്ടിച്ചേര്‍ത്തു.
“ശബരിമലയില്‍ പോകാന്‍ തയ്യാറെങ്കില്‍ സംരക്ഷണം പാര്‍ട്ടി നല്‍കും, വീടുകള്‍ തോറും പ്രചാരണവുമായി സിപിഎം” എന്ന തലക്കെട്ടിലാണ് ജനം ടിവിയുടെ വാര്‍ത്ത. ശബരിമലയിലേക്ക് ദര്‍ശനത്തിനായി യുവതികളെ അയക്കാന്‍ പുതിയ തന്ത്രവുമായാണ് സി.പി.ഐ.എം എത്തുന്നതെന്നും ശബരിമലയില്‍ ദര്‍ശനത്തിനു പോകുന്ന യുവതികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം വാഗ്ദാനം ചെയ്താണ് പാര്‍ട്ടി നേതാക്കള്‍ വീടുകളിലെത്തുന്നതെന്നുമാണ് ജനം ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.
“ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏതുവിധേനയും നടപ്പാക്കാനാണ് സി.പി.ഐമ്മിന്റെ ശ്രമം. യുവതീ പ്രവേശനത്തെ സാധൂകരിച്ച് മുഖ്യമന്ത്രി രാഷ്ട്രീയ വിശദീകരണയോഗങ്ങളിലടക്കം പങ്കെടുത്തെങ്കിലും വിശ്വാസികളായ മലയാളി സമൂഹം യുവതീ പ്രവേശനത്തെ എതിര്‍ക്കുകയാണ്” റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് നേരത്തേയും ജനം ടി.വി വ്യാജ വാര്‍ത്തകള്‍ നല്‍കിയിരുന്നു. ശബരിമലയില്‍ കയറാനെത്തിയ ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിറ്ററി നാപ്ക്കിന്‍ ഉണ്ടെന്നും ജനം ടിവി വ്യാജ വാര്‍ത്ത നല്‍കിയിരുന്നു.