ശബരിമല: ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് ഇറക്കാന്‍ എന്ത് കൊണ്ടാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ ശ്രീധരന്‍ പിള്ള കേന്ദ്രത്തോട് ആവശ്യപ്പെടാത്തതെന്ന് രമേശ് ചെന്നിത്തല. അഭിഭാഷകന്‍ കൂടിയായ ശ്രീധരന്‍ പിള്ളയ്ക്ക് ഭരണഘടന പോലും അറിയില്ലേ എന്നും ചെന്നിത്തല ചോദിച്ചു.
“252 പ്രകാരം സംസ്ഥാന നിയമസഭാ പ്രമേയം പാസാക്കിയാല്‍ മാത്രമേ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ സാധിക്കൂവെന്നാണ് ശ്രീധരന്‍ പിള്ള പറഞ്ഞത്. ഇത് ഭരഘടനയെ കുറിച്ചറിയുന്ന ഒരാളും പറയില്ല. ആര്‍ട്ടിക്കിള്‍ 252 പറയുന്നത്. ഒന്നില്‍ കൂടുതല്‍ സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയത്തെ കുറിച്ചാണ് 252. ഇവിടെ അങ്ങനെയൊരവസ്ഥയില്ല”. ചെന്നിത്തല പറഞ്ഞു.
സുപ്രീം കോടതിവധിയെ മറികടക്കാന്‍ കേന്ദ്രസര്‍ക്കാറിന് മാത്രമേ സാധിക്കൂ. ബി.ജെ.പി പ്രസിഡന്റിന്റെ വാദം വസ്തുതാ പരമല്ല, നിയമ പരമല്ല, ഭരണഘടനാപരമല്ല. ഇത് കേരളത്തിലെ ബി.ജെ.പിയുടെ ഒളിച്ചോട്ടമാണ്.
ശബരിമലയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ കേന്ദ്രത്തിനോട് ഒരു ഓര്‍ഡിനന്‍സ് ഇറക്കാന്‍ പറയാന്‍ തയ്യാറുണ്ടോ എന്നും ശ്രീധരന്‍ പിള്ള പുകമറ സൃഷ്ടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
സര്‍ക്കാര്‍ അവധാനതയോട് സമീപ്പിക്കാത്തതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളകുന്നതെന്നും പൊലീസിന്റെ വിവേകപൂര്‍ണ്ണമല്ലാത്ത നിലപാടാണ് നിലയ്ക്കലില്‍ അക്രമമുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.ഐ.എമ്മും ബി.ജെ.പിയും ശബരിമല രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
നേരത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലുണ്ടാകാന്‍ കേരള നിയമസഭ പ്രമേയം പാസാക്കി ആവശ്യപ്പെടണമെന്നായിരുന്നു ശ്രീധരന്‍ പിളള പറഞ്ഞത്. തീര്‍ഥാടനം സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ കേന്ദ്രത്തിന് നേരിട്ട് ഇടപെടാനാകില്ലെന്നും ശ്രീധരന്‍ പിളള പറഞ്ഞിരുന്നു.
നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചുകൂട്ടി പ്രമേയം പാസാക്കണം. കേന്ദ്ര ഇടപെടലിന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണം. മുഖ്യമന്ത്രി പിണറായി വിജയന്‍ സമവായശ്രമം നടത്താന്‍ തയാറാകണം. ശബരിമല സംസ്ഥാന വിഷയമാണെന്നു മനസിലാക്കെതെയാണ് കേന്ദ്രം നിയമനിര്‍മാണം നടത്തണമെന്ന് യു.ഡി.എഫ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ശബരിമലയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ അക്രമങ്ങളില്‍ മാപ്പുപറയുന്നുവെന്നും ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞിരുന്നു.