പത്തനംതിട്ട: ശബരിമലയിലെ സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ടുണ്ടായ അക്രമസംഭവങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയും കേസെടുത്തു. നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുകയും സ്ത്രീകളെ ആക്രമിക്കുകയും ചെയ്ത പന്ത്രണ്ടോളം സ്ത്രീകള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇവര്‍ ഒളിവിലാണെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്ന് പുലര്‍ച്ച വരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 2063 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍,വധശ്രമം, പൊലീസിനെ ആക്രമിക്കല്‍, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തല്‍, സംഘം ചേര്‍ന്ന് കലാപത്തിന് ശ്രമിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് കേസ്. പ്രതികള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
പൊലീസുകാരുടേയും മാധ്യമങ്ങളുടേയും തീര്‍ത്ഥാടകരുടേയും വാഹനങ്ങള്‍ ആക്രമിച്ചവരെല്ലാം ഈ കേസില്‍ പ്രതികളാണ്. കെ.എസ്.ആര്‍.ടി.സിക്ക് മാത്രം ഒന്നരകോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്.
എസ്.പിയുടെ വാഹനത്തിന് നേരെ ചിലര്‍ നടത്തിയ കല്ലേറില്‍ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പൊലീസുദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ പരിക്കേറ്റിരുന്നു. ഇവര്‍ക്കെതിരെയും വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.