തിരുവനന്തപുരം: മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം എടുക്കേണ്ട ഉത്തരവാദിത്തം തങ്ങള്‍ക്കില്ലെന്ന് ഹൈക്കോടതി നിരീക്ഷണ സമിതി. ദേവസ്വം ബോര്‍ഡും പൊലീസുമാണ് തീരുമാനം എടുക്കേണ്ടതെന്ന് നിരീക്ഷണസമിതി അറിയിച്ചു.
ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വിലയിരുത്തുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്ന് നിരീക്ഷണസമിതി വ്യക്തമാക്കി. തീരുമാനം ദേവസ്വം ബോര്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും നിരീക്ഷണസമിതി പറഞ്ഞു.
മനിതി സംഘത്തിന്റെ ശബരിമല ദര്‍ശനത്തില്‍ തീരുമാനം ഹൈക്കോടതി നിരീക്ഷണ സമിതി എടുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. പുതിയ സാഹചര്യങ്ങള്‍ ഹൈക്കോടതിയുടെ മൂന്നംഗ നിരീക്ഷക സമിതി വിലയിരുത്തുമെന്നാണ് കരുതുന്നതെന്നും സമിതിയുടെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്നും കടകംപള്ളി വ്യക്തമാക്കിയിരുന്നു.
ശബരിമലയിലെ പ്രത്യേകം സാഹചര്യം കണക്കിലെടുത്താണ് ഹൈക്കോടതി രണ്ട് മുതിര്‍ന്ന ജഡ്ജിയും മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥനും അടങ്ങുന്ന മൂന്നംഗ നിരീക്ഷക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. അവരുടെ നിര്‍ദേശ പ്രകാരമാണ് സര്‍ക്കാര്‍ ഇപ്പോള്‍ ശബരിമലയിലെ കാര്യങ്ങള്‍ ചെയ്യുന്നത്. നിരീക്ഷകസമതി ഇക്കാര്യം പരിശോധിച്ച് നിലപാട് അറിയിച്ചാല്‍ സര്‍ക്കാര്‍ അക്കാര്യം നടപ്പാക്കുമെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ദര്‍ശനം നടത്താതെ തിരിച്ച് പോകില്ലെന്ന് മനിതി സംഘം നേതാവ് സെല്‍വിയും വ്യക്തമാക്കി. സുരക്ഷ നല്‍കിയാല്‍ പോകുമെന്നും അതുവരെ ഇവിടെ ഇരിക്കുമെന്നും പൊലീസുമായി നടത്തിയ ചര്‍ച്ചയില്‍ അറിയിച്ചതായി സെല്‍വി പറഞ്ഞു. മനീതിയുടെ നേതൃത്വത്തില്‍ കൂടുതല്‍ സ്ത്രീകള്‍ വരുന്നുണ്ട്. അതിനാല്‍ തന്നെ തിരിച്ച് പോകില്ലെന്ന് സെല്‍വി മാധ്യമങ്ങളോടും വ്യക്തമാക്കി. തങ്ങള്‍ ആക്ടിവിസ്റ്റുകളല്ല, ഭക്തരാണെന്നും മനിതി സംഘം അറിയിച്ചു.
മനിതിയുടെ രണ്ടാമത്തെ സംഘത്തിലുള്ളത് ഇരുപതോളം യുവതികളാണ്. പൊലീസ് എല്ലാ സഹായങ്ങളും വാഗ്ദാനം നല്‍കിയതായി സംഘത്തിലെ വയനാട്ടില്‍ നിന്നുള്ള ദളിത് ആക്ടിവിസ്റ്റ് അമ്മിണി മാധ്യമങ്ങളോട് പറഞ്ഞു. സംഘത്തില്‍ മലയാളികള്‍ ഉണ്ടെന്നും അമ്മിണി പറഞ്ഞു. പ്രതിഷേധക്കാര്‍ യാത്ര തടഞ്ഞാല്‍ പമ്പയില്‍ നിരാഹാരമിരിക്കുമെന്നും അമ്മിണി പറഞ്ഞു.
സന്നിധാനത്ത് കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പ്രതീഷ് വിശ്വനാഥിന്റെ നേതൃത്വത്തിലാണ് മനിതി സംഘത്തെ പമ്പയില്‍ തടഞ്ഞിരിക്കുന്നത്. എ.എച്ച്.പി നേതാവാണ് പ്രതീഷ്. തുലാമാസ പൂജകള്‍ക്കായി നട തുറന്നപ്പോള്‍ ശബരിമലയില്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് പ്രതീഷ് വിശ്വനാഥ്. ഇയാളുടെ നേതൃത്വത്തിലാണ് മനിതി സംഘത്തെ പമ്പ ഗാര്‍ഡ് റൂമിന് മുന്നില്‍ തടഞ്ഞുവെച്ചിരിക്കുന്നത്.