| Wednesday, 9th January 2019, 6:06 pm

DOOL NEWS EXCLUSIVE; ഞാന്‍ മാത്രമല്ല ധാരാളം സ്ത്രീകള്‍ ഇതിനകം മലകയറിയിട്ടുണ്ട്: എസ്.പി മഞ്ജു സംസാരിക്കുന്നു

ജംഷീന മുല്ലപ്പാട്ട്

കഴിഞ്ഞ ദിവസം പുലര്‍ച്ചെ പൊലീസ് സഹായമില്ലാതെ ശബരിമല ദര്‍ശനം നടത്തിയ ദളിത് ആക്ടിവിസ്റ്റ് എസ്.പി മഞ്ജുമായി ഡൂള്‍ന്യൂസ് നടത്തിയ എക്സ്‌ക്ലൂസീവ് അഭിമുഖം.

മഞ്ജുവിന്റെ ശബരിമല ദര്‍ശനം എങ്ങനെയായിരുന്നു

ഞാന്‍ പോകുമ്പോള്‍ എനിക്ക് പൊലീസ് സുരക്ഷയില്ലായിരുന്നു. ഞാന്‍ എന്റേതായ സുരക്ഷിതത്വം ഉറപ്പാക്കിക്കൊണ്ട് പോയതാണ്. ആരുടെയും ഒരു എതിര്‍പ്പും എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.

ദര്‍ശനം കിട്ടിയതിന്റെ സംതൃപ്തിയിലാണ്. അയ്യപ്പന്‍ നമ്മളെ പൂര്‍ണമായിട്ട് വലയം ചെയ്യുന്ന അവസ്ഥ. ഹൃദയത്തില്‍ നിന്ന് പറിച്ചെടുക്കുമ്പോഴുള്ള ഒരു വേദനയുണ്ടല്ലോ അതായിരുന്നു ദര്‍ശനശേഷം തോന്നിയത്. ഓരോവര്‍ഷവും അവിടെ തീര്‍ത്ഥാടകര്‍ കൂടുന്നത് ആ അനുഭൂതി കൊണ്ടാണ്. വേറൊരു ക്ഷേത്രത്തിലും കിട്ടാത്ത അനുഭവമാണത്.

സുരക്ഷിതത്വത്തെക്കുറിച്ച് പേടിയുണ്ടോ?

എന്നെ അവരൊക്കെ കൊല്ലുമെന്ന് പറഞ്ഞിട്ടും ഞാനിപ്പോള്‍ തന്റേടത്തോടെ ഇരിക്കുകയാണ്. കൊല്ലാന്‍ വരുന്നവര്‍ വരട്ടെ, ഏതായാലും ഈയൊരു പ്രക്രിയ ഇനിയും തുടരണം. അവിടെ യാതൊരു പ്രശ്‌നവുമില്ല. പ്രശ്‌നമുണ്ടാക്കുന്നവര്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി നില്‍ക്കുന്നവരാണ്.

നവോത്ഥാനത്തിന്റെ പുതിയ ഗ്രൂപ്പുണ്ടായിട്ടുണ്ട്. അവിടുത്തെ യുവാക്കളുടെ പിന്തുണയോടുകൂടിയാണ് ഞാനവിടെ പോയത്. അവര് അകത്തും പുറത്തുമൊക്കെ പലയിടത്തും ഉണ്ടായിരിക്കാം. ഞങ്ങള്‍ക്കവിടെ സുരക്ഷിതത്വമുണ്ടാവുമെന്ന് അവിടെപ്പോയി ഉറപ്പുവരുത്തിയത് അവരാണ്. ആ ഉറപ്പ് ഉണ്ടോയെന്ന് പരിശോധിക്കാന്‍ കൂടിയാണ് എന്റെ യാത്ര.

അവിടെ പോകുന്ന യുവതികളെയൊക്കെ പൊലീസ് തടഞ്ഞുവെച്ച് സംഘപരിവാറിന്റെ തിട്ടൂരം മേടിച്ചിട്ടേ കൊണ്ടുപോകൂവെന്നുള്ള മനോഭാവം മാറ്റണം. ഞാന്‍ പോയി തിരിച്ചിറങ്ങി ഇത്രയും സമയമായിട്ടും അവിടെ ശുദ്ധികലശത്തിന്റെ കാര്യമൊന്നും ഞാനറിഞ്ഞില്ല.

മഞ്ജുവിനെ തിരിച്ചറിഞ്ഞിരുന്നോ?

അവിടെ ദളിത് യുവതി കയറിയെന്നുള്ളത് അവര്‍ക്കൊക്കെ ഇന്നലേ അറിയാമായിരുന്നു. വ്യക്തമായിട്ട് അറിയാമായിരുന്നു. അവര് അറിഞ്ഞില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. ഇന്നലെ ദര്‍ശനത്തിനുശേഷം ചെയ്യേണ്ട പൂജാ കര്‍മ്മകളെക്കുറിച്ച് സംഘപരിവാറിന്റെ ആള്‍ക്കാരോട് അങ്ങോട്ട് ചെന്ന് ചോദിച്ചിരുന്നു. അവില് നമ്മള് കൊണ്ടുപോകണോ തിന്നുമോ എന്നൊക്കെ ഞാന്‍ സംശയം ചോദിച്ചിരുന്നു. അപ്പോഴൊന്നും അവര്‍ പ്രതിഷേധിച്ചിട്ടില്ല.

സന്നിധാനത്ത് കയറി ചെന്നപ്പോള്‍ ചില പൊലീസുകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നു. പതിനെട്ടാം പടി കയറുമ്പോള്‍ ഞാന്‍ ഇടതുഭാഗത്ത് തേങ്ങയടിച്ച് ഇടതു സൈഡില്‍ നില്‍ക്കുന്ന പൊലീസുകാരുടെ അടുത്തുകൂടിയാണ് ഞാന്‍ കയറിപ്പോകുന്നത്. കാലിന് പ്രശ്‌നമുള്ളതിനാല്‍ പൊലീസുകാരെന്നെ വലിച്ചു കയറ്റുകയായിരുന്നു. ധൈര്യമായിട്ട് പൊയ്‌ക്കോളാനാ ഒരു പൊലീസുകാരന്‍ പറഞ്ഞത്, ആരും ശ്രദ്ധിക്കില്ലെന്ന്.

തൊഴുതുനില്‍ക്കുന്നിടത്ത് അധികസമയം നില്‍ക്കാന്‍ പൊലീസുകാര്‍ അനുവദിക്കാറില്ല. തൊഴുന്നിടത്തുനിന്നും എന്നെ ഒരു പൊലീസുകാരന്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ അടുത്തുള്ള പൊലീസുകാരന്‍ പറയുന്നുണ്ട്, യുവതീ പ്രവേശനമാ അവരൊന്ന് പ്രാര്‍ത്ഥിച്ചോട്ടേയെന്ന്.

മഞ്ജു വിശ്വാസിയാണോ?

വിശ്വാസം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. തടസങ്ങള്‍ മറികടന്നാണെങ്കിലും ശബരിമലയിലെത്തി. ഇത്തവണ തടസപ്പെടുത്താന്‍ ആരും ഉണ്ടായിരുന്നില്ലയെന്നതും അയ്യപ്പന്റെ ശക്തിയാണ്. ഞാന്‍ അവിടെ കയറുമ്പോള്‍ തന്നെ ഒരു മാമന്‍ എനിക്ക് വടികൊണ്ടുവന്നു തന്നു. എന്റെ കാലിന് അല്പം സ്വാധീനക്കുറവുണ്ട്. കയറ്റം കയറുമ്പോള്‍ അസ്വസ്ഥതകളൊക്കെ ഉണ്ടാവുമോയെന്നുള്ള പേടിയുണ്ടായിരുന്നു. ഒന്നും എനിക്കുണ്ടായില്ല. ഭക്ഷണം കഴിക്കാതെയാ കയറിയത്. ദാഹജലം പോലും കഴിക്കാതെ. കുറച്ചകലെയെത്തിയപ്പോള്‍ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് സോഡാ നാരങ്ങ ഉപ്പും പഞ്ചസാരയുമിട്ട് കഴിച്ചു. അതേ കഴിച്ചുള്ളൂ. അതുകഴിഞ്ഞപ്പോള്‍ നല്ല ഉണര്‍വ്വ് തോന്നി. സന്നിധാനത്ത് എന്നെ എത്തിക്കാന്‍ വേണ്ടി ആരോ വലിച്ചുകൊണ്ടുപോകുംപോലെയാണ് തോന്നിയത്.

ഒറ്റയ്ക്കും, കൂട്ടത്തിലും നടന്നുപോയി. എങ്കിലും കൂട്ടത്തിന്റെ മധ്യത്തില്‍ ചേര്‍ന്നില്ല. അവിടുത്തെ സി.സി.ടി.വിയിലോ മറ്റോ മുഖം പതിഞ്ഞാല്‍ ഒളിച്ചുകയറിയെന്ന് നാളെ രാഹുല്‍ ഈശ്വറ് പറയരുത്. രാഹുല്‍ ഈശ്വറിന്റെ നെഞ്ചത്ത് ചവിട്ടിയാലേ ഒരു സ്ത്രീയ്ക്ക് അവിടെ കയറാന്‍ പറ്റൂവെന്ന് പറഞ്ഞപ്പോള്‍ ഇന്ന് ഒരുപാട് സ്ത്രീകള്‍ അവിടെ കയറിയിട്ടുണ്ട്. പലതും ഇപ്പോഴും അറിഞ്ഞിട്ടില്ല. ഇന്നും കയറുന്നുണ്ട്. കഴിഞ്ഞുപോയ മണിക്കൂറുകളില്‍ തന്നെ നിരവധി സ്ത്രീകള്‍ പോയിട്ടുണ്ട്.

നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ ഭാഗമായാണല്ലോ ശബരിമലയിലേക്ക് പോയത്. അതിനെക്കുറിച്ച്?

ആര്‍പ്പോ ആര്‍ത്തവത്തില്‍ നിന്നും മാറിയതാണ് നവോത്ഥാന കേരളവും വില്ലുവണ്ടി സമരവുമൊക്കെ. ഞാന്‍ ആദ്യതവണ ശബരിമലയ്ക്ക് പോയശേഷം എന്നെ അഡ്വ. മിനിയും മായയുമൊക്കെ വിളിച്ചിരുന്നു. നമുക്കൊരു കൂട്ടായ്മയുണ്ടാക്കണമെന്ന് പറഞ്ഞു. അവിടെ നിന്നും ആരംഭിച്ചതാണ് ആര്‍പ്പോ ആര്‍ത്തവവും വില്ലുവണ്ടി സമരവുമൊക്കെ. ആ വീ ദ പീപ്പിളിന്റെയും ആര്‍പ്പോ ആര്‍ത്തവത്തിന്റെയുമൊക്കെ ഫലമാണ് നമ്മുടെ മുഖ്യമന്ത്രി ഇപ്പോള്‍ സ്ഥാപിച്ച നവോത്ഥാന മതില്‍. ആ മതില്‍ രൂപപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ശബരിമല യുവതീ പ്രവേശം നടത്താനും ഞങ്ങള്‍ എടുത്ത തീരുമാനം തന്നെയാണ്.

നിരവധി സ്ത്രീകളെ സംഘടിപ്പിച്ച് അവിടെ കയറ്റുന്നുണ്ട്. അത് എണ്ണം തികക്കാന്‍ വേണ്ടിയല്ല. നിരവധി സ്ത്രീകള്‍ അവിടെ കയറുന്നുണ്ട്.
അവിടെ പോകാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളാണ് ഈ നാമജപവുമായി അവരോടൊപ്പം നില്‍ക്കുന്നവരിലുമുള്ളത്.

ഇത്തരം നവോത്ഥാന മുന്നേറ്റങ്ങള്‍ ശബരിമലയില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റങ്ങള്‍ ഉണ്ടാക്കുമെന്ന പ്രതീക്ഷയുണ്ടോ?

ഈ വിഷയങ്ങളൊക്കെ കെട്ടടങ്ങുമ്പോള്‍ പുതിയൊരു രീതിയിലേക്ക് അവിടുത്തെ പൂജാവിധികള്‍ മാറും. കാരണം ബ്രാഹ്മണിക്കല്‍ മേല്‍ക്കോയ്മയുടെ കീഴില്‍ അവരുടെ പോക്കറ്റില്‍ പണമെത്തുന്ന സംവിധാനത്തിലേക്ക് അവിടുത്തെ പൂജാവിധികളെ അവര് മാറ്റിമറിച്ചിരിക്കുകയാണിപ്പോള്‍. ആചാരലംഘനം എന്നുപറഞ്ഞ് അവിടുത്തെ ദുരാചാരത്തെ അട്ടിമറിക്കുന്നതിന് താല്‍പര്യം കാണിക്കാത്ത സംഘപരിവാറിന്റെ നേതൃത്വം ബ്രാഹ്മണന്‍മാരാണ്. ആ ബ്രാഹ്മണര്‍മാര് “ഭക്തരെ” സമ്പാദിക്കുകയും “വിശ്വാസികളെ” വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ്.

ബ്രാഹ്മണന്റെ കയ്യില്‍ താലത്തിലിടുന്ന പണമാണ് അവിടുത്തെ യഥാര്‍ത്ഥ അനാചാരം. മാസം ഒരുലക്ഷം രൂപയ്ക്കകത്ത് ശമ്പളം കിട്ടുന്നവരാണ് അത്. ഒരുപാട് ബുദ്ധിമുട്ടി ആ ദൈവസന്നിധിയിലേക്ക് എത്തുന്നവര്‍ ആ ബ്രാഹ്മണര്‍ കാണിക്കുന്ന താലത്തില്‍ പണമിട്ട് പ്രാര്‍ത്ഥിക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല. ആ അനാചാരം ഏതൊക്കെ ക്ഷേത്രങ്ങളിലുണ്ടോ അതൊക്കെ തുടച്ചുമാറ്റണം. ക്ഷേത്രത്തില്‍ ഒരു പൂജാരിയോ തന്ത്രിയോ ഒക്കെയുണ്ടെങ്കില്‍ അവരെല്ലാം ശമ്പളം പറ്റുന്നവരാണ്. അതുമാസ ശമ്പളമാണ്.

സര്‍ക്കാര്‍ തലത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരില്‍ ചിലര്‍ കൈക്കൂലി മേടിക്കുന്നുവെന്നു പറയുന്നു. അതുപോലെ ഇവരു വാങ്ങുന്നതിനെയും കൈക്കൂലിയായിട്ടു തന്നെ നമ്മള്‍ കാണണം.

ഞങ്ങളുടെ ഒരു വില്ലുവണ്ടിയാത്ര എരുമേലി വരെയാണ് പോയിട്ടുള്ളത്. ശബരിമലയിലേക്ക് ഞങ്ങളുടെയൊരു വില്ലുവണ്ടി യാത്ര പോകേണ്ടതുണ്ട്. തന്ത്രിമാര്‍ പടിയിറങ്ങുകയെന്ന മുദ്രാവാക്യമാണ് ഞങ്ങള്‍ക്കുള്ളത്. അത് മാത്രമല്ല, ഇവിടെ അബ്രാഹ്മണന്‍ പൂജാരിയായി വരണം. ഒപ്പം യുവതികള്‍ പൂജാരിയായിട്ട് വരണം. അവിടെ ഭരണഘടന നല്‍കുന്ന എല്ലാ തുല്യതയും അവിടെ കിട്ടണം. അതാണ് ഞങ്ങളുടെ മറ്റൊരു ദൗത്യം.

സ്ത്രീ മുന്നേറ്റത്തിന്റെ പുതിയകാല രാഷ്ട്രീയത്തെ എങ്ങനെ കാണുന്നു?

ക്ഷേത്രപ്രവേശനകാലം കഴിഞ്ഞ് കാലങ്ങളോളം കാത്തിരിക്കേണ്ടി വന്നു. ഇന്നത്തേത് ആര്‍ജ്ജവമുള്ള സ്ത്രീ സമൂഹമാണ്. പ്രതികരണശേഷിയുള്ള സ്ത്രീകളാണ്. ഈ ഭരണകൂടത്തെ ഭരണതന്ത്രങ്ങളിലേക്ക് എത്തിക്കുന്നത് ഞങ്ങളുടെ കരുത്താണ്. ഞങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ഇവിടെയൊരു രാഷ്ട്രീയ പ്രസ്ഥാനവുമില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ സ്ത്രീകളെ വിലങ്ങിനിട്ടേക്കുകയാണ്. ആ രീതിയിലുള്ള സ്ത്രീ സമൂഹത്തെ വിശ്വസിച്ചുകൊണ്ട് സ്ത്രീ നേതൃത്വത്തെ വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകാനാവില്ല. അതുകൊണ്ടുതന്നെ വേറിട്ടൊരു സ്ത്രീ രാഷ്ട്രീയം ഞങ്ങള് കാണുന്നുണ്ട്. അതിനുവേണ്ടിയുള്ള പരിശ്രമത്തിലാണ് ഞങ്ങള്‍. ഇതിനു മുമ്പേ തന്നെ ഞങ്ങള്‍ ചലിക്കേണ്ടതായിരുന്നു.

മനിതി കേരളത്തില്‍ വന്നപ്പോള്‍ മനിതിയുടെ ഗ്രൂപ്പിലെ സ്ത്രീകള്‍ക്കെതിരെ കല്ലെറിയുകയാണ് ചെയ്തത്. അന്ന് മനിതിക്കൊപ്പം അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മലകയറാനിരുന്നതാണ് ഞാനും ദുര്‍ഗയും ബിന്ദു ടീച്ചറും. ബിന്ദു ടീച്ചര്‍ പ്രഫസറാണ്. ദുര്‍ഗ എംബ്ലോയിയാണ്. ബ്രാഹ്മണ സ്ത്രീയാണ്. അവരിലാണല്ലോ അനാചാരങ്ങള്‍ കൊടികുത്തിക്കിടന്നത്. ആ അനാചാരങ്ങള്‍ മാറുമ്പോള്‍ താഴേത്തട്ടിലുള്ള യാഥാസ്ഥിതികരും മാറും.

ദുര്‍ഗയുടെ സ്വന്തം കുടുംബം ഇടതുപക്ഷ ചിന്താഗതിക്കാരാണ്. ഇങ്ങനെ രാഷ്ട്രീയ സ്വാതന്ത്ര്യമുള്ളവരാണെങ്കില്‍ കൂടി അവര് ബ്രാഹ്മണ്യ മേല്‍ക്കോയ്മയ്ക്ക് അടിമകളായിരുന്നു. ആ ചങ്ങലയാണ് യുവതീ പ്രവേശന വിഷയത്തില്‍ പുറത്തുകൊണ്ടുവന്നത്.

പുരുഷനോടൊപ്പം സ്ത്രീയ്ക്കും തുല്യതയ്ക്കുവേണ്ടിയാണ് നമ്മള് പ്രതികരിക്കുന്നതെങ്കില്‍ ആ പ്രതികരണം സമൂഹത്തിന്റെ മുന്നില്‍ നിന്ന് തന്നെയായിരിക്കണം. ഞാനതാണ് ആഗ്രഹിക്കുന്നത്.

പൊലീസ് സഹായം സ്വീകരിക്കേണ്ടയെന്ന തീരുമാനത്തിനു പിന്നില്‍?

ഞാന്‍ ഒരു പൊലീസിന്റെയും സഹായം തേടിയിട്ടില്ല. രണ്ടുവട്ടം പോയത് ഈ പൊലീസിന്റെ സഹായത്തോടുകൂടിയാണ്. പൊലീസ് അവിടെ ചെല്ലുന്നവരെയൊക്കെ രാജ്യത്തെ ഏറ്റവും വലിയ കൊള്ളക്കാരിയായിട്ട് പ്രഖ്യാപിക്കുകയാണ്. സര്‍ക്കാറിനെ കുറ്റം പറയുകയല്ല. സര്‍ക്കാറിന്റെ ഏജന്‍സിയായ പൊലീസുതന്നെ രാഷ്ട്രീയമായിട്ട് വിവിധ തട്ടുകളായി നില്‍ക്കുകയാണ്.

പുറത്ത് യു.ഡി.എഫും ഒരുവശത്ത് ആര്‍.എസ്.എസ് ഉള്ളതുപോലെ അതുപോലെ പൊലീസിനകത്തും ഉണ്ട്. പെന്‍ഷന്‍ പറ്റിയപ്പോള്‍ ഡി.ജി.പിയെടുത്ത നിലപാട് നോക്കൂ. സര്‍വ്വീസിലിരിക്കുമ്പോള്‍ അദ്ദേഹം കൊടിപിടിച്ചത് ആര്‍ക്കുവേണ്ടിയാണെന്ന് നമുക്ക് മനസിലാക്കാന്‍ പറ്റുമല്ലോ. അതുകൊണ്ടുതന്നെ ഈ ഏജന്‍സികളില്‍ പോലും രാഷ്ട്രീയം അടിഞ്ഞുകൂടിയിരിക്കുന്നതുകൊണ്ട് പൊലീസിന്റെ സഹായം തേടിയാല്‍ ഒറ്റുകൊടുക്കപ്പെടും അവിടെ. നമ്മുടെ തീരുമാനങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ എതിര്‍ചേരിയിലുള്ളവരുടെ അറിയിപ്പുകള്‍ കൃത്യമായി എത്തും. പൊലീസില്‍ പലരും “ആചാരം സംരക്ഷിക്കണ”മെന്ന നിലപാടുള്ളവരുണ്ട്.

യുവതികള്‍ ആക്രമിക്കപ്പെട്ട സമയത്തും അവിടെ യുവതികള്‍ പ്രവേശിച്ചിട്ടുണ്ടായിരുന്നു. പൊലീസ് ഒരുഭാഗത്ത് ഇത്തരം കാര്യങ്ങള്‍ നീക്കുമ്പോള്‍ മറുഭാഗത്ത് അവരുടെ ശ്രദ്ധയില്‍പ്പെടാതെ സ്ത്രീകള്‍ കയറുന്നുണ്ടായിരുന്നു. ഇന്നലെ ഞങ്ങള്‍ കയറുമ്പോള്‍ ഒരു അഞ്ചുപേരോളം പൊലീസിന്റെ കസ്റ്റഡിയിലുണ്ടായിരുന്നു. മാത്രമല്ല, ഞങ്ങള്‍ ഇറങ്ങി നിലയ്ക്കലില്‍ ബസ് കാത്തുനില്‍ക്കുമ്പോള്‍ ഈ ബസുകളിലെല്ലാം പൊലീസ് പരിശോധന നടത്തുന്നത് കണ്ടിട്ടുണ്ട്. ഒരു വനിതാ പൊലീസും ഒരു പുരുഷ പൊലീസും കയറിയിട്ട് എല്ലാവരുടേയും മുഖം നോക്കുകയാണ്. എന്നിട്ട് ഇല്ലയില്ലയെന്ന് പറയും. എന്നില്ലയെന്നാണ് അവര് പറയുന്നത്. ഞാന്‍ പതിനഞ്ചു മിനിറ്റോളം അവിടെ നിന്നു. അപ്പോഴവിടെ എത്തിയ ഒരു ബസിലെ ഒരു സ്ത്രീയെ പൊലീസുകാര്‍ പിടിച്ചുകൊണ്ടുപോയി. യുവതിയെ ഇറക്കി അവരുടെ ലഗേജും എടുത്ത് പൊലീസ് ജീപ്പില്‍ കയറ്റി കൊണ്ടുപോകുകയാണ്. ഈ ബസുകളിലൊക്കെ ഭക്തന്മാരാണുള്ളത്. ആ ഭക്തരുടെ അടുത്തുനിന്നും ഉണ്ടാവാത്ത പ്രതിഷേധം ശബരിമലയില്‍ എത്തുമ്പോള്‍ ഉണ്ടാവുമെന്നാണോ ഇവര്‍ കരുതുന്നത്.

നവോത്ഥാന കേരളം ശബരിമലയിലേക്ക് കൂട്ടായ്മയുടെ ഭാഗമായി ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവിനും കനകദുര്‍ഗയ്ക്കും സുരക്ഷയാവശ്യപ്പെട്ട് സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടോ?

അവര്‍ക്ക് പ്രൊട്ടക്ഷന്‍ ആവശ്യമില്ല. എന്നാലും പൊലീസ് സുരക്ഷ നല്‍കുന്നുണ്ട്. അവരെവിടെയാണെന്നുള്ളതൊക്കെ പൊലീസിന് അറിയാം.

ഞങ്ങള് ചത്താലും ഇതിനെ തുടര്‍ന്നുകൊണ്ടുപോകാനുള്ള ഒരു അവസ്ഥ ഞങ്ങളുണ്ടാക്കിയിട്ടുണ്ട് ഇവിടെ. പരസ്യപ്പെടാത്ത ഒരു രഹസ്യ, വലിയൊരു സ്ത്രീ സമൂഹത്തെ ഇതില് പങ്കാളിയാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അത് വളരുകയാണ്. വില്ലുവണ്ടി യാത്രയ്ക്കിടെ എരുമേലിയില്‍വെച്ച് ഞാന്‍ സൂചിപ്പിച്ചു, ഇവിടെയൊരു സ്ത്രീ രാഷ്ട്രീയത്തിന്റെ മുന്നേറ്റം. അങ്ങനെയൊരു കൊടിക്കൂറ ഇവിടെ വളരുന്നുണ്ട്. അതിന് നിറവും ഭാവവുമൊക്കെ മെനഞ്ഞുകൂട്ടേണ്ടത് സ്ത്രീ പങ്കാളിത്തത്തോടൊപ്പമാണ്. അതിന് സംവാദങ്ങളുണ്ടാവണം, വേദികളുണ്ടാവണം.

മഞ്ജുവിന്റെ ശബരിമല ദര്‍ശനത്തില്‍ അമ്മയ്ക്ക് എതിര്‍പ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. ഈ യാത്രയ്ക്ക് ബന്ധുക്കളുടെ പിന്തുണയുണ്ടോ?

തൃശൂരില്‍ നിന്നാണ് ശബരിമലയിലേക്ക് യാത്ര തിരിച്ചത്. ആരെയും അറിയിച്ചിട്ടില്ല. വീട്ടില്‍ അമ്മയേയും അറിയിച്ചിട്ടില്ല. ഒരു ഡോക്യുമെന്ററിയുടെ ആവശ്യത്തിന് പോകേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് അമ്മയെന്നെ വിട്ടത്. അവിടുന്ന് ഞാന്‍ ശബരിമലയ്ക്ക് പോയത് അമ്മ അറിഞ്ഞിട്ടില്ല. അല്ലാതെ ഒരിക്കലും പോകാന്‍ പറ്റില്ല. കാരണം ഒരു മകളേയുള്ളൂ. ആളുകള്‍ പലതും പറഞ്ഞ് ഭയപ്പെടുത്തും. വീട്ടില്‍ വന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ക്യാന്‍വാസ് ചെയ്ത് പറഞ്ഞിരുന്നു. ആദ്യം ഞാന്‍ ശബരിമലയിലേക്ക് പോകാന്‍ വേണ്ടി ഇവിടെ വന്നപ്പോള്‍ ഒരുപാട് ആള്‍ക്കാര് എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. സംഘപരിവാര്‍ ഏജന്റുമാരും അക്കൂട്ടത്തിലുണ്ടായിരുന്നു. അവര് അമ്മയോടു ഫോണ്‍ തരാമോ, മഞ്ജുവിനെ വിളിക്കാന്‍ വേണ്ടിയാണ്. നിങ്ങളുടെ ഫോണില്‍ നിന്ന് വിളിച്ചാല്‍ എടുക്കും എന്നൊക്കെ പറഞ്ഞു.

അമ്മയുടെ ഫോണ്‍ കേടാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അവര്‍ അമ്മയുമായി ഈ വിഷയം സംസാരിച്ചു. “ശബരിമലയില്‍ ചെന്നപ്പോള്‍ സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതിനപ്പുറം വലിയ തീഗോളങ്ങള്‍ അവരുടെ അടുത്തേക്ക് പാഞ്ഞടുക്കും. ആ തീഗോളങ്ങളില്‍പ്പെട്ട് മകള് മരണപ്പെടും. അവിടെനിന്നും ജഡം പോലും പുറത്തുകൊണ്ടുവരാന്‍ പറ്റാത്ത രീതിയില്‍ സംഘപരിവാറുകാര്‍ ആക്കും. അതുകൊണ്ട് മഞ്ജുവിനോട് സ്‌നേഹത്തോടെ അമ്മ ഇത് പറയണം. ശബരിമലയില്‍ കയറിക്കഴിഞ്ഞാല്‍ പിന്നെയൊരു പൊടിപോലും വീട്ടില്‍ കൊണ്ടുവരാന്‍ കഴിയില്ല.” എന്നൊക്കെയാണ് പറഞ്ഞത്. ഞങ്ങളുടെ വസ്തു സംബന്ധമായ കേസ്, അമ്മയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതൊക്കെ പഠിച്ചിട്ട് വന്നിരിക്കുകയായിരുന്നു.

ഈ ഭരണഘടനാ വിധിയെന്നു പറയുന്നത് ഇന്ത്യയുടെ മൊത്തത്തിലുള്ള അവകാശമാണ്. ഇത് സുപ്രീം കോടതിയുടെ വിധിയാണ്. ആ വിധി നടപ്പില്‍വരുത്തുന്നതില്‍ കേരളത്തിനു മാത്രമല്ല പങ്ക് എന്ന് കാണിക്കുന്നത്, മനിതി പോലുള്ള തമിഴ്‌നാട്ടില്‍വ വന്ന യുവതിയെപ്പോലുള്ളവരാണ്. അങ്ങനെ നിരവധി സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് മടങ്ങിപ്പോകേണ്ടി വന്ന യുവതികളെക്കൂടി നമ്മള്‍ ഇതിനകത്തേക്ക് കൂട്ടണം. ഇത് കേരളത്തിനു മാത്രമല്ല, ഇന്ത്യയുടെ ഭരണഘടനയുടെ അത് നിലനിര്‍ത്തുന്നതിനുവേണ്ടി സ്ത്രീ സമൂഹം മുന്നോട്ടുവന്നു.

ജംഷീന മുല്ലപ്പാട്ട്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം , ടൂറിസം ന്യൂസ് ലൈവ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം

We use cookies to give you the best possible experience. Learn more