ശബരിമല സ്ത്രീ പ്രവേശനം; തകര്‍ന്നടിഞ്ഞ് ഹിന്ദുത്വ സംഘടനകളുടെ ഹര്‍ത്താല്‍
Sabarimala women entry
ശബരിമല സ്ത്രീ പ്രവേശനം; തകര്‍ന്നടിഞ്ഞ് ഹിന്ദുത്വ സംഘടനകളുടെ ഹര്‍ത്താല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th July 2018, 7:31 pm

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ചില ഹിന്ദുത്വ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സമ്പൂര്‍ണ പരാജയമായി. ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് അയ്യപ്പ ധര്‍മസേന, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത്, വിശാല വിശ്വകര്‍മ ഐക്യവേദി എന്നീ സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താലാണ് സമ്പൂര്‍ണ പരാജയമായത്.

പൊതുജനങ്ങളെ ഒരു തരത്തിലും ഹര്‍ത്താല്‍ ബാധിച്ചില്ല. കടകളും പൊതുഗതാഗത സംവിധാനങ്ങളും പതിവുപോലെ പ്രവര്‍ത്തിച്ചു. സ്ഥാപനങ്ങളും പതിവ് രീതിയില്‍ തന്നെ പ്രവര്‍ത്തിക്കുകയായിരുന്നു.

Also Read അഡ്വ: പി.എസ് ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍; പദവിയിലെത്തുന്നത് രണ്ടാം തവണ

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദുവിശ്വാസത്തിന് വിരുദ്ധമായ നിലപാട് സര്‍ക്കാര്‍ എടുക്കുന്നുവെന്നാരോപിച്ചായിരുന്നു ഇന്ന് സംസ്ഥാനത്ത് ഹിന്ദുത്വ സംഘടനകള്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചാല്‍ പമ്പയില്‍ അവരെ തടയുമെന്നും സംഘടനാഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.

പുരുഷന്‍മാര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നു സുപ്രീം കോടതി കേസിന്റെ വാദം കേള്‍ക്കുന്നതിനിടെ നിരീക്ഷിച്ചിരുന്നു. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്നതാണ് സര്‍ക്കാരിന്റെയും നിലപാട്. ഇതിനെതിരെയായിരുന്നു സംഘടനകളുടെ ഹര്‍ത്താല്‍ ആഹ്വാനം.

എന്നാല്‍ സര്‍ക്കാരിന്റെ ഹൈക്കോടതിയുടെയും ശക്തമായ ഇടപെടല്‍ ഹര്‍ത്താല്‍ തകര്‍ക്കുകയായിരുന്നു. സര്‍ക്കാര്‍ ബസുകള്‍ പതിവുപോലെ സര്‍വീസ് നടത്താന്‍ കെ.എസ്.ആര്‍.ടി.സിക്ക് നിര്‍ദേശം നല്‍കുകയും ഹര്‍ത്താല്‍ ശക്തിപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷ ഒരുക്കുകയും ചെയ്തു. അനിഷ്ട സംഭവങ്ങളുണ്ടായാല്‍ മുഖംനോക്കാതെ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കുകയും ചെയ്തു.

Also Read ചേര്‍പ്പ് സ്‌കൂളിലെ പാദപൂജ; വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ലെന്ന് ഡയറക്ടര്‍

ഹൈക്കോടതിയും ഹര്‍ത്താലിനെതിരെ രംഗത്ത് വന്നു. ശബരിമല വിഷയത്തില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന ഹര്‍ത്താലില്‍ ബലമായി കടകള്‍ അടപ്പിക്കുകയോ വാഹനം തടയുകയോ ചെയ്യരുതെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യം പൊലീസ് ഉറപ്പുവരുത്തണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ആര്‍.എസ്.എസും ഹിന്ദു ഐക്യവേദി പോലുള്ള സംഘടനകളും പിന്തുണ പ്രഖ്യാപിക്കാത്തതും ഹര്‍ത്താല്‍ പരാജയമാകാന്‍ കാരണമായി.