കോഴിക്കോട്: ശബരിമല യുവതി പ്രവേശനത്തിനെതിരെ സംഘപരിവാര്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ അക്രമം അഴിച്ചു വിട്ട 226 ഓളം പേര്‍ അറസ്റ്റില്‍. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ടവരെയാണ് അറസ്റ്റു ചെയ്തത്. ഇനിയും അറസ്റ്റുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അക്രമം നടത്തിയവരെ പിടികൂടാന്‍ ബ്രോക്കന്‍ വിന്‍ഡോ എന്ന പേരില്‍ തിരച്ചില്‍ നടത്തും. സംഘര്‍ഷത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരുടെയും ആല്‍ബം എല്ലാ ജില്ലയിലും തയ്യാറാകും. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം വ്യാപക അക്രമമാണ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നടത്തിയത്. വാഹനങ്ങള്‍ക്ക് നേരെയും പൊലീസ് നേരെയും കടകള്‍ക്ക് നേരെയും കല്ലെറിയുകയും വ്യാപാരികളെയും സ്ത്രീകളെയും മാധ്യമ പ്രവര്‍ത്തകരെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് തല്ലുകയും ചെയ്തു. അക്രമത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷന് മുന്നില്‍ അക്രമികള്‍ ബോംബെറിഞ്ഞു. പൊലീസുകാര്‍ നിന്ന ഭാഗത്തേക്കാണ് ബോംബെറിഞ്ഞത്. മൂന്ന് ബോംബുകള്‍ പൊലീസ് സ്റ്റേഷന് മുന്നിലേക്ക് അക്രമികള്‍ എറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതോടെ പൊലീസുകാര്‍ ചിതറിയോടി. ബഹളത്തിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞിട്ടുണ്ട്.
നെടുമങ്ങാട്ടെ സി.പി.ഐ.എം കൗണ്‍സിലര്‍മാരുടേയും സി.പി.ഐ.എം നേതാക്കളുടേയും വീടുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു.