| Friday, 2nd November 2018, 11:13 pm

കേരളം കത്തുമെന്ന് ശ്രീധരന്‍പിള്ള അന്നേ പറഞ്ഞതാണ്: ഹര്‍ത്താല്‍ നടത്തി കലാപത്തിന് കോപ്പുകൂട്ടുന്ന സംഘപരിവാറിനെ തുറന്നുകാട്ടി ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ശബരിമലയില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടു എന്ന സംഘപരിവാര്‍ വ്യാജ പ്രചരണം കേരളം കത്തിക്കാനുള്ള സംഘപരിവാറിന്റെ സംഘടിത ശ്രമങ്ങളുടെ ഭാഗമെന്ന് ഹരീഷ് വാസുദേവന്‍. ബി.ജെ.പി അദ്ധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുടെ മുന്‍ബൈറ്റുകള്‍ പരിശോധിച്ചാല്‍ ശബരിമല വിഷയത്തില്‍ കേരളം കത്തിക്കും എന്ന് അദ്ദേഹം പറഞ്ഞത് കേള്‍ക്കാന്‍ കഴിയുമെന്നും ഹരിഷ് വാസുദേവന്‍ പറഞ്ഞു.

“നിരന്തരമായി സംഘപരിവാര്‍ പ്രചരിപ്പിക്കുന്ന വ്യാജ വാര്‍ത്തകള്‍ എല്ലാം തന്നെ ഇതിന്റെ ഭാഗമാണ്. ഏഷ്യാനെറ്റിന്റെ ന്യൂസവറില്‍ ആണ് ഹരീഷ് ഈ കാര്യം പറഞ്ഞത്. “ശ്രീ ശ്രീധരന്‍പിള്ള” എന്തായാലും ഇനിയും മാധ്യമപ്രവര്‍ത്തകരെ കാണും. അദ്ദേഹം ഇതിനേക്കാള്‍ വലിയ മലക്കം മറിച്ചിലുകള്‍ നടത്തും. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കും. കാരണം, കേരളത്തിലെ ഒരു ബി.ജെ.പി പ്രവര്‍ത്തകനോ ഏതെങ്കിലും തരത്തിലുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അനുഭാവിയോ 21 ാം തീയതി പരാതി കൊടത്തു എന്ന് ഇവര്‍ പറയുന്ന ദിവസത്തില്‍, ഇപ്പോള്‍ മരണപ്പെട്ടയാളെ കാണാതായ വിവരം അറിഞ്ഞിരുന്നെങ്കില്‍ അതിനെ രാഷ്ട്രീയപരമായി ഉപയോഗിക്കാതെ വെറുതേ വിടുമെന്ന് തോനുന്നുണ്ടോ? അങ്ങനെ വിടുന്ന ആളുകളാണോ ഇവര്‍. ഹരീഷ് ചോദിക്കുന്നു.

Also Read :BJP leaders post fake news on facebook; Claims Kerala Chief Minister caused man”s death in Shabarimala

മാത്രമല്ല, നിയമ പരിജഞാനമുള്ള കേരള ഹൈക്കോടതിയിലെ പ്രകത്ഭരും പ്രശസ്തരുമായിട്ടുള്ള നിരവധി ആളുകളുടെ നീണ്ട നിര തന്നെ ഉണ്ട് ബി.ജെ.പിക്ക്. ഭരണഘടന കത്തിക്കണം എന്ന് പറഞ്ഞ ആളുകള്‍ വരെയുള്ള പാര്‍ട്ടിയാണത്. ആ പാര്‍ട്ടിയിലെ ആരെങ്കിലും ഇത് അറിഞ്ഞിട്ടുണ്ടെങ്കില്‍ കുറഞ്ഞ പക്ഷം 23 ന് അല്ലെങ്കില്‍ 24 നോ 25 നോ എങ്കിലും കേരള ഹൈക്കോടതിയില്‍ ഒരു ഹേബിയസ്‌കോര്‍പ്പസ് ഫയല്‍ ചെയ്തേനെ. കേരളാ പൊലീസ് ഞങ്ങളുടെ കൂട്ടത്തില്‍ ഉള്ള ഒരു അയ്യപ്പഭക്തനെ പിടിച്ച് വച്ചു എന്ന് പറഞ്ഞ് ഇവര്‍ അതിനെ രാഷ്ട്രീയ ആയുധമാക്കിയേനെ. ഹരീഷ് പറയുന്നു.

അങ്ങനെ ഒരു പരാതി അന്ന് ഇവര്‍ നല്‍കിയിരുന്നു എങ്കില്‍ ജീവനോടെ അയാളെ കോടതിയില്‍ എത്തിക്കേണ്ടി വരുമായിരുന്നു പൊലീസിന്. എന്ത് കൊണ്ട് ബി.ജെ.പി ഇത് ചെയ്തില്ല. മരണം ഉറപ്പാക്കിയ ശേഷം ഇതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചപ്പോള്‍ സത്യം പരിശോധിക്കാന്‍ അവര്‍ മറന്ന് പോയി എന്നതാണ് യാഥാര്‍ത്ഥ്യം. അത് കൊണ്ടാണ് ഭക്തരെ പ്രകോപിപ്പിക്കാന്‍ സാനിറ്ററി നാപ്കിനുമായി യുവതി സന്നിധാനത്ത് പോയി എന്നത് പോലുള്ള ആരോപണങ്ങള്‍ ഇവര്‍ ഉന്നയിക്കുന്നത്.

ശബരിമല വിഷയത്തെ വസ്തുതകള്‍ നിരത്തി വച്ച് എതിര്‍ക്കൂ. അല്ലാതെ വിഷം കുത്തി വച്ചുകൊണ്ട് കേരളത്തില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ പൊലീസ് ആരെയും അനുവദിക്കരുത്. അത് തീകൊള്ളി കൊണ്ട് തല ചൊറിയുന്നതിന് സമാനമാണ്. ഹരീഷ് പറഞ്ഞു. എന്നാല്‍ ബി.ജെ.പി പ്രതിനിധി ചാനല്‍ ചര്‍ച്ചയില്‍ ഉടനീളം പ്രതികരിക്കാനാവാതെ ഉരുണ്ടു കളി.

We use cookies to give you the best possible experience. Learn more