പത്തനംതിട്ട: നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തിലുള്ള സംഘപരിവാറിന്റെ പ്രചരണം വ്യാജം. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. ശബരിമലയില്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17നും മാത്രമാണ്. 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായും വീട്ടുകാര്‍ പറയുന്നുണ്ട്.
സംഘപരിവാര്‍ പ്രചരണത്തിനെതിരെ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയും രംഗത്തെത്തിയിട്ടുണ്ട്. നിലക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ആര്‍.എസ്.എസുകാര്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നുണ്ട്. സംഭവത്തിന്റെ നിജസ്ഥിതി ഇതാണ് എന്ന് ആമുഖത്തോടെയാണ് ടി നാരായണന്‍ ഐ.പി.എസിന്റെ പ്രസ്താവന.
“ഇന്ന് പത്തനംതിട്ട ളാഹ പഞ്ചായത്തിലെ ളാഹയില്‍ നിന്നും കുറ്റിക്കാട്ടില്‍ ഒരു വൃദ്ധന്റെ മൃതദേഹം കണ്ടെടുത്തിരുന്നു. ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16നും 17നും മാത്രമാണ്. അതായത് പൊലീസ് നടപടിയെ ഇയാളെ കാണാതായി എന്ന പ്രചരണം ശരിയല്ല”. ടി നാരായണന്‍ ഐ.പി.എസ് പറയുന്നു.
Read Also : ശബരിമലയില്‍ കാണിക്ക ഇടരുതെന്ന് പറഞ്ഞിട്ടില്ല: സുരേഷ് ഗോപിയെ തള്ളി ശ്രീധരന്‍ പിള്ള
“പത്തനംതിട്ട നിലക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലക്കല്‍- പമ്പ റൂട്ടിലാണ്. നിലക്കല്‍ – പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന സംശയം തീരുന്നേ ഇല്ല. മരിച്ചയാളുടെ മോപ്പഡ് (മോട്ടര്‍സൈക്കിള്‍) ആ സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. അതും ഓടി വന്നതാണോ. ഇതാണ് രീതി, നുണ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക, അതു വഴി കലാപം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം” പ്രസ്താവനയില്‍ ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
എന്നാല്‍ ജനം ടിവിയും സംഘപരിവാര്‍ കേന്ദ്രങ്ങളും പിണറായി വിജയന്റെ പൊലീസ് ശിവദാസനെ കൊലപ്പെടുത്തി എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ഈ കൊലയ്ക്കുത്തരവാദി പിണറായി വിജയനാണെന്നും ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാനാണെന്നുമായിരുന്നു ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
“അയ്യപ്പധര്‍മ്മം കാക്കാന്‍ ബലിദാനിയായ ശ്രീ ശിവദാസ്, അങ്ങയുടെ വീരബലിദാനം അയ്യപ്പധര്‍മ്മം നിലനില്‍ക്കുന്നിടത്തോളം കാലം ഓര്‍മ്മിക്കപ്പെടും. ഇനിയും പിണറായി കോപ്പുകൂട്ടുന്നുണ്ട് വിശ്വാസികളെ കൊന്നൊടുക്കാന്‍. അഞ്ചാംതീയതി നടതുറക്കുമ്പേള്‍ ഇതും ഇതിലപ്പുറവും പിണറായിയുടെ പോലീസ് ചെയ്യും. ആയിരങ്ങളെ ഇല്ലാതാക്കിയാലും പിണറായി വിജയന്റെ ഉള്ളിലിരിപ്പ് നടക്കാന്‍ പോകുന്നില്ല”. എന്നും സുരേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ സുരേന്ദ്രന്റെയും ജനം ടിവിയുടേയും സംഘപരിവാറിന്റെയും വ്യാജ പ്രചരണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് പത്തനംതിട്ടയില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.