ശബരിമല: ശബരിമലയില്‍ യുവതികളെ എങ്ങനെയെങ്കിലും പ്രവേശിപ്പിക്കണമെന്ന വാശി സര്‍ക്കാരിന് ഇല്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും കടകംപള്ളി പറഞ്ഞു.
എങ്ങനെയെങ്കിലും യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന നിലപാട് ഇടതുമുന്നണിക്കുമില്ല. യുവതികളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ സര്‍ക്കാരോ എല്‍.ഡി.എഫോ ഒന്നും ചെയ്തിട്ടില്ല. തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍ പോലെ വ്യക്തമാണ്. ഇന്നത്തെ സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.
സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരെ സര്‍ക്കാരിന് നിലപാടെടുക്കാനാകില്ലെന്ന് എല്ലാവരും സമ്മതിക്കുന്നതാണെന്നും പ്രശ്‌നങ്ങള്‍ ഒഴിവാക്കി ക്രമീകരണമുണ്ടാക്കാന്‍ വേണ്ട കാര്യങ്ങള്‍ ദേവസ്വം ബോര്‍ഡ് ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ശബരിമലയില്‍ താന്‍ എത്തുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധമുണ്ടാവുകയും താന്‍ കൊല്ലപ്പെടുകയും ചെയ്താല്‍ അതിന് ഉത്തരവാദി കേരള മുഖ്യമന്ത്രി പിണറായി വിജയനും കേരള പൊലീസും മാത്രമായിരിക്കുമെന്നും ദേശായി ഇന്ന് പറഞ്ഞിരുന്നു.
പൊലീസ് പ്രത്യേക സുരക്ഷ ഒരുക്കിയില്ലെങ്കിലും ശബരിമലയില്‍ ദര്‍ശനം നടത്തും. സുരക്ഷ ആവശ്യപ്പെട്ട് നല്‍കിയ കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല. തന്നോടൊപ്പം ഏഴ് സ്ത്രീകള്‍ കൂടി ദര്‍ശനം നടത്തുന്നതുകൊണ്ടാണ് സുരക്ഷ ആവശ്യപ്പെട്ടത്. ദര്‍ശനത്തിനിടെ എന്ത് സംഭവിച്ചാലും പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിക്കായിരിക്കുമെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു.