| Friday, 19th October 2018, 4:58 pm

ശബരിമല: ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് പത്മകുമാര്‍. വിശദമായ റിപ്പോര്‍ട്ട് നല്‍കി സുപ്രീംകോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും നേരത്തെ ദേവസ്വംബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്‌വി ബോര്‍ഡിന് വേണ്ടി ഹാജരാകുമെന്നും പത്മകുമാര്‍ പറഞ്ഞു. ഇത് പുനപരിശോധനാ ഹര്‍ജിയാകുമോയെന്നുള്ള ചോദ്യത്തിന് പത്മകുമാര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.

കേരള ഹൈക്കോടതിയിലും സ്റ്റാന്‍ഡിങ് കൗണ്‍സില്‍ വഴി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പത്മകുമാര്‍ പറഞ്ഞു. എങ്ങനെയാണ് കോടതിയെ ബന്ധപ്പെടുകയെന്ന് സിങ്‌വിയുമായി ആലോചിക്കും. 25 പുനപരിശോധനാ ഹര്‍ജികള്‍ നിലവിലുണ്ട്. അതിലെല്ലം ദേവസ്വംബോര്‍ഡും കക്ഷിയാണെന്നും പത്മകുമാര്‍ പറഞ്ഞു.

ശബരിമലയില്‍ ആക്ടിവിസ്റ്റുകള്‍ കയറിയ വിഷയത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളിയുടെ നിലപാട് തന്നെയാണ് ഉള്ളതെന്നും ശബരിമലയെ കലാപഭൂമിയാക്കാന്‍ ദേവസ്വംബോര്‍ഡ് ആഗ്രഹിക്കുന്നില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പന്തളം രാജകൊട്ടാരത്തിലെയും തന്ത്രി കുടുംബത്തിലെയും ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന സംഘടനകളുടെയും യോഗം വിളിച്ചിരുന്നു. ആ യോഗത്തില്‍ ഉറപ്പുകൊടുത്തതു പുനഃപരിശോധനാ ഹര്‍ജി സംബന്ധിച്ച് 19നു യോഗം കൂടി തീരുമാനമെടുക്കാം എന്നായിരുന്നു. അത് അംഗീകരിക്കാതെ അവര്‍ പോയി. അന്യസംസ്ഥാന തീര്‍ഥാടകരെ ഉള്‍പ്പെടെ ബാധിക്കും വിധം നിലവില്‍ ശബരിമലയില്‍ ഗുരുതര സാഹചര്യങ്ങളാണുള്ളത്. അതിനാലാണ് അവധിയാണെങ്കിലും ഇന്ന് ബോര്‍ഡ് യോഗം കൂടിയത്. അടിയന്തരമായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം വിളിക്കണമെന്ന് ആവശ്യപ്പെടുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.

ഒരു ഭാഗത്ത് കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത ബോര്‍ഡിനുണ്ട്. ഒപ്പം ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നങ്ങളില്ലാതെ സന്ദര്‍ശനം നടത്താനാകണമെന്ന കേന്ദ്രത്തിന്റെ നിര്‍ദേശവുമുണ്ടെന്നും പത്മകുമാര്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more