| Friday, 16th November 2018, 7:51 am

ശബരിമല യുവതീ പ്രവേശനം; സാവകാശം തേടി ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചേക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ശബരിമല യുവതീപ്രവേശനം സാധ്യമാക്കുന്നതില്‍ സാവകാശം തേടിക്കൊണ്ട് ദേവസ്വംബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചേക്കും. വ്യാഴാഴ്ച രാത്രി നടന്ന ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം തത്ത്വത്തില്‍ തീരുമാനിച്ചതായി പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ചേരുന്ന യോഗം അന്തിമതീരുമാനമെടുക്കുമെന്നും പത്മകുമാര്‍ പറഞ്ഞു.

“”ദേവസ്വംബോര്‍ഡിനെ സംബന്ധിച്ച് സര്‍ക്കാരില്‍ നിന്ന് അനുമതി തേടേണ്ടതില്ല. സ്വതന്ത്രനിലപാടെടുക്കും. ഭക്തജനങ്ങളുടെയും സര്‍ക്കാരിന്റെയും കോടതിയുടെയും നിലപാട് പരിഗണിച്ചാകും ദേവസ്വംബോര്‍ഡ് അന്തിമതീരുമാനമെടുക്കുക””, പത്മകുമാര്‍ വ്യക്തമാക്കി.

ശബരിമലയെ മണ്ഡലകാലത്ത് കലാപ ഭൂമിയാക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്തു നിന്നുമുണ്ടാവരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും പത്മകുമാര്‍ പറഞ്ഞു.സുപ്രീംകോടതി സ്റ്റാന്‍ഡിങ് കൗണ്‍സലിന്റെ നിയമോപദേശം കിട്ടിയ ശേഷം തീരുമാനമെടുക്കുമെന്നാണ് പത്മകുമാര്‍ അറിയിച്ചിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്നുള്ള നോട്ടീസ് ഇതുവരെ ബോര്‍ഡ് ആസ്ഥാനത്ത് കിട്ടിയിട്ടില്ല. അത് കൂടി പരിഗണിച്ചാവും അന്തിമ നടപടി.

പന്തളം കൊട്ടാരം പ്രതിനിധികളുമായും തന്ത്രികുടുംബവുമായും ഇന്നലെ നടത്തിയ ചര്‍ച്ചയില്‍ ദേവസ്വംബോര്‍ഡ് സാവകാശ ഹര്‍ജി നല്‍കട്ടെയെന്ന നിലപാട് മുഖ്യമന്ത്രിയും പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാരിന് സാവകാശഹര്‍ജി നല്‍കാനാകില്ലെന്നും ദേവസ്വംബോര്‍ഡ് സാവകാശഹര്‍ജി നല്‍കുന്ന കാര്യം ആലോചിക്കട്ടെയെന്നും തന്ത്രി, രാജകുടുംബവുമായുള്ള കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി പറഞ്ഞതായി പന്തളം രാജകൊട്ടാരപ്രതിനിധി ശശികുമാരവര്‍മ വ്യക്തമാക്കിയിരുന്നു. രാവിലെ നടന്ന സര്‍വ്വകക്ഷി യോഗത്തില്‍ ഈ നിലപാട് സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more