കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കണമോയെന്നതടക്കമുള്ള നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ യോഗം ഇന്ന്. വിധിയെക്കുറിച്ച് അഭിഭാഷകരുടെ വിദഗ്ധാഭിപ്രായം തേടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും തീരുമാനം.
കോടതിവിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച്, നിയമവശങ്ങള്‍ വിശദീകരിക്കാന്‍ ബോര്‍ഡ് അഭിഭാഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിവ്യൂപെറ്റിഷന്‍ നിലനില്‍ക്കുമോ എന്ന ചോദ്യത്തിനാണ് മറുപടി വേണ്ടത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍മാത്രമെ ദേവസ്വം ബോര്‍ഡ് പുനപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കൂ.
സര്‍ക്കാര്‍ പൊതുവെ സുപ്രീം കോടതിവിധിയോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അത് കൊണ്ട് ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട്, ദേവസ്വം ബോര്‍ഡിന് ഏകപക്ഷീയമായ നിലപാട് സ്വീകരിക്കാനാവില്ലെന്നാണ് സൂചന.
യോഗത്തില്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ നല്‍കേണ്ട സുരക്ഷ, സൗകര്യങ്ങള്‍ എന്നിവയെ കുറിച്ച് തീരുമാനമെടുക്കും. മുഖ്യമന്ത്രിയുട അധ്യക്ഷതയില്‍ചേര്‍ന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ബോര്‍ഡ് ബാധ്യസ്ഥമാണ്. ശബരിമല വികസനത്തിന് കൂടുതല്‍ വനഭൂമി, പ്രളയശേഷമുള്ള പുനര്‍നിര്‍മ്മാണം എന്നിവയും പരിഗണനക്ക് വരും.
ശബരിമല വിഷയത്തില്‍ എന്തെല്ലാം നടപടിയെടുത്തെന്ന് ഹൈകോടതി ആരാഞ്ഞിരുന്നു. എന്നാല്‍, വിധിക്കെതിരെ തീവ്രഹിന്ദുസംഘടനകള്‍ പരസ്യമായി രംഗത്തെത്തിയ സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.