| Friday, 23rd August 2019, 10:44 am

യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തെന്ന ധാരണ തിരിച്ചടിയായി; തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണം ശബരിമല നിലപാട്; വിശ്വാസികളെ കൂടെ നിര്‍ത്തണമെന്ന് സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: ശബരിമല യുവതീ പ്രവേശനത്തിന് സര്‍ക്കാര്‍ മുന്‍ കൈ എടുത്തെന്ന ധാരണ തിരിച്ചടിയായെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ അവതരിപ്പിച്ച സംഘടനാ രേഖയില്‍ വിലയിരുത്തല്‍.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്തുന്നതിന്റെ ഭാഗമായി സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്രമായ ചര്‍ച്ചയാണ് മൂന്ന് ദിവസമായി തുടരുന്ന സംസ്ഥാന സമിതിയില്‍ നടന്നത്.

പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യമാണ് നേതാക്കള്‍ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. പരാജയത്തിന് വലിയൊരളവും കാരണമായത് ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലാപാടാണെന്നാണ് ഭൂരിപക്ഷം പേരും ചര്‍ച്ചയില്‍ പറഞ്ഞത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീ കോടതി വിധി വന്നതിന് പിന്നാലെ ചേര്‍ന്ന സി.പി.ഐ.എം സംസ്ഥാന സമിതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു.

സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ പാര്‍ട്ടി മല ചവിട്ടാന്‍ യുവതികളെ നിര്‍ബന്ധിക്കില്ലെന്ന് തന്നെയാണ് വ്യക്തമാക്കിയത്. എന്നാല്‍ ഇതിന് വിരുദ്ധമായ രീതിയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചെന്ന ധാരണ ജനങ്ങളില്‍ വന്നു. വനിതാ മതിലിന് പിന്നാലെ ആക്ടിവിസ്റ്റുകള്‍ മല ചവിട്ടിയപ്പോല്‍ അത് മുന്നണിക്കും പാര്‍ട്ടിക്കും ക്ഷീണമായെന്നും സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഇക്കാര്യത്തില്‍ നിലപാട് മാറ്റാനാവില്ലെന്നും വിശ്വാസികളുടെ വികാരത്തെ ഹനിക്കുന്ന രീതിയില്‍ യുവതീ പ്രവേശനത്തിന് പാര്‍ട്ടി മുന്‍ കൈ എടുക്കേണ്ടതില്ലെന്ന നിലപാടാണ് ചര്‍ച്ചയില്‍ ഉയര്‍ന്നത്.

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. വിശ്വാസികളെയും പാര്‍ട്ടിയ്ക്ക് ഒപ്പം നിര്‍ത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും സി.പി.ഐ.എമ്മില്‍ നിര്‍ദേശമുയര്‍ന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വിവാദ നിലപാടുകളില്‍ പാര്‍ട്ടിയ്ക്ക് എതിരായി പരസ്യമായി നിലപാട് എടുക്കരുതെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പാര്‍ട്ടിയുമായി പ്രവര്‍ത്തകര്‍ അകലുകയാണെന്ന തരത്തിലുള്ള പ്രതീതി സൃഷ്ടിക്കാന്‍ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സി.പി.ഐ.എം സംസ്ഥാനസമിതിയില്‍ നിര്‍ദേശമുയര്‍ന്നു.

തെരഞ്ഞെടുപ്പ് പരാജയത്തെ തുടര്‍ന്നുള്ള തെറ്റുതിരുത്തല്‍ നടപടികള്‍ക്കുള്ള സി.പി.ഐ.എമ്മിന്റെ സംഘടനാ രേഖയ്ക്ക് ഇന്ന് അന്തിമരൂപമാകും.

We use cookies to give you the best possible experience. Learn more