Sabarimala women entry
കോടതിയുടെ സമയം പാഴാക്കരുത്; ശബരിമല യുവതി പ്രവേശന വിധിക്കെതിരെ റിട്ട് ഹരജി സമര്‍പ്പിച്ച മാത്യു നെടുമ്പാറയോട് ചീഫ് ജസ്റ്റിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 06, 05:25 am
Wednesday, 6th February 2019, 10:55 am

ന്യൂദല്‍ഹി: ശബരിമല യുവതിപ്രവേശന വിധിക്കെതിരെ റിട്ട് ഹരജി സമര്‍പ്പിച്ച മാത്യു നെടുമ്പാറയോട് കോടതിയുടെ സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ്. റിട്ട് ഹരജികള്‍ക്ക് പകരം പുനപരിശോധനാ ഹരജിയില്‍ ആദ്യം വാദം കേള്‍ക്കണമെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.

പുനപരിശോധന ഹരജിക്കാര്‍ക്ക് വേണ്ടി ആദ്യം വാദിക്കാനും അഭിഭാഷകരോട് കോടതി നിര്‍ദ്ദേശിച്ചു. വിധിയിലെ പിഴവെന്താണെന്നും കോടതി ഹരജിക്കാരോട് ആരാഞ്ഞു.

ശബരിമല വിധിക്ക് പ്രഖ്യാപിത സ്വഭാവമാണുള്ളതെന്നും നിര്‍ദേശക സ്വഭാവമില്ലാത്തതിനാല്‍ സര്‍ക്കാര്‍ തിരക്ക് പിടിച്ച് നടപ്പാക്കേണ്ടതില്ലെന്നുമാണ് മാത്യു നെടുമ്പാറയുടെ റിട്ട് ഹരജിയിലെ ആവശ്യം.

ALSO READ: മുസഫര്‍നഗര്‍ കലാപം; കേസുകള്‍ പിന്‍വലിക്കാന്‍ യോഗി സര്‍ക്കാര്‍

ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ നിലപാടാണ് കോടതി വിധിയ്ക്ക് ആധാരമാകുക. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയാണ് നിലവില്‍ യുവതീ പ്രവേശന വിധിയോടുള്ള വിയോജിപ്പ് തുറന്നെഴുതിയിട്ടുള്ളത്.

ജസ്റ്റിസ്മാരായ ആര്‍.എഫ് നരിമാന്‍, ഡി.വൈ ചന്ദ്രചൂഡ്, എ എം ഖാന്‍വില്‍ക്കര്‍ എന്നിവര്‍ ഭൂരിപക്ഷ വിധിക്കൊപ്പം നിന്നവരാണ്. ബെഞ്ചിലെ പുതിയ അംഗമായ ചീഫ് ജസ്റ്റിസിന്റെ നിലപാട് വിധിക്ക് എതിരോ, അനുകൂലമോ എന്നത് നിര്‍ണായകമാകും.



അഞ്ചംഗ ബെഞ്ചിലെ മൂന്ന് ജഡ്ജിമാര്‍ എങ്കിലും വിധി പുനപരിശോധിക്കണമെന്ന നിലപാടില്‍ എത്തിയാലെ അത് സാധ്യമാകൂ. അതിന് ജസ്റ്റിസ് ഇന്ദു മല്‌ഹോത്രയ്ക്ക് പുറമേ ഭൂരിപക്ഷ വിധിന്യായത്തിന്റെ ഭാഗമായ ഒരു ജഡ്ജിയും ചീഫ് ജസ്റ്റിസുമെങ്കിലും വിചാരിക്കേണ്ടി വരുമെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

WATCH THIS VIDEO: