കൊല്ലം: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ കൊല്ലം തുളസിക്ക് കോടതി ജാമ്യം അനുവദിച്ചു. തന്റെ ചികിത്സാരേഖകള്‍ ഹാജരാക്കിയ കൊല്ലം തുളസി ശാരീരികപ്രശ്നങ്ങളുള്ളതിനാല്‍ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചു. ഇത് പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഒക്ടോബര്‍ 12 ന് കൊല്ലം ചവറയില്‍ ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള നയിച്ച ശബരിമല സംരക്ഷണജാഥയ്ക്ക് നല്‍കിയ സ്വീകരണചടങ്ങിലാണ് കൊല്ലം തുളസി വിവാദപരാമര്‍ശം നടത്തിയത്.
സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റം ചുമത്തിയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തിരുന്നത്. കേസില്‍ കൊല്ലം തുളസി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. ഇതിനെതുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ചവറ പോലീസ് സ്റ്റേഷനിലെത്തി അദ്ദേഹം കീഴടങ്ങിയത്. തുടര്‍ന്ന് കൊല്ലം തുളസിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
കേരളത്തിലെ അമ്മമാര്‍ ശബരിമലയില്‍ പോകണമെന്നും അവിടെ ചില സ്ത്രീകള്‍ വരുമെന്നും അവരെ വലിച്ചു കീറി സുപ്രീംകോടതിയിലേക്കും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും എത്തിക്കണമെന്നുമായിരുന്നു തുളസിയുടെ പ്രസംഗം. പരാമര്‍ശം വിവാദമായിതിന് പിന്നാലെ ആദ്ദേഹം മാപ്പ് പറയുകയും ചെയ്തിരുന്നു.