തിരുവനന്തപുരം: ശബരില യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ സംഘടനകള്‍ ആഹ്വനം ചെയ്ത ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ അറസ്റ്റു ചെയ്യാന്‍ പൊലീസ് ഉത്തരവ്. സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് ഉത്തരവിറക്കിയത്. അക്രമ സാധ്യത കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.
ശബരിമലയില്‍ രണ്ടു യുവതികള്‍ പ്രവേശിച്ചതായുള്ള വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിടുന്നത്. പ്രാദേശികമായി ചിലയിടങ്ങളില്‍ ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്നത് ശബരിമല തീര്‍ഥാടകരെയും ബാധിച്ചിട്ടുണ്ട്.
പാലക്കാട്പ്രതിഷേധത്തിന്റെ മറവില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത് നഗരത്തെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയിലാക്കി. കടകമ്പോളങ്ങള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും തുനിഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ബി.ജെ.പി നഗരസഭ കൗണ്‍സിലര്‍ സാബു ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
മന്ത്രി എ.കെ. ബാലന്‍ തങ്ങിയിരുന്ന കെ.എസ്.ഇ.ബി ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവ് കേന്ദ്രീകരിച്ചായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ വരവ്. സംഘ്പരിവാര്‍ ശക്തികേന്ദ്രമായി അറിയപ്പെടുന്ന നഗരത്തിലെ വടക്കന്തറയില്‍നിന്നും കോളേജ് റോഡിലെ താരേക്കാടുനിന്നും ഉച്ചക്കുശേഷം രണ്ടരയോടെ തുടങ്ങിയ പ്രകടനമാണ് സദാ തിരക്കേറിയ സുല്‍ത്താന്‍പേട്ട ജങ്ഷന്‍ കേന്ദ്രീകരിച്ച് അക്രമപ്രവര്‍ത്തനമായി മാറിയത്.
കൊടുവായൂരില്‍ കെ.എസ്.ആര്‍.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. മാവേലിക്കരയില്‍ വില്ലേജ് ഓഫീസ് തല്ലിത്തകര്‍ത്തു. കോഴിക്കോട്,കണ്ണൂര്‍, പെരിന്തല്‍മണ്ണ എന്നിവിടങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. പലയിടത്തും റോഡില്‍ ടയറുകള്‍ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരത്താണ് ഏറ്റവുമധികം അക്രമങ്ങള്‍ ഉണ്ടായത്. കാട്ടാക്കട, നെടുമങ്ങാട്, പൂജപ്പുര, വിളപ്പില്‍ശാല, പേയാട് എന്നിവിടങ്ങളില്‍ വലിയ അക്രമണമാണ് അരങ്ങേറിയത്. അക്രമികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആര്‍എസ്എസുകാരുടെ ആക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.