സഹിക്കുന്നതിന് ഒരു അതിരില്ലേ, ഇതിനൊക്കെ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകും; ഹര്‍ത്താലിനെതിരെ സക്കറിയ
Sabarimala women entry
സഹിക്കുന്നതിന് ഒരു അതിരില്ലേ, ഇതിനൊക്കെ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകും; ഹര്‍ത്താലിനെതിരെ സക്കറിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd January 2019, 7:30 pm

കോഴിക്കോട്: പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിയെ മുന്‍നിര്‍ത്തി ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്താകാരന്‍ സക്കറിയ. ജനങ്ങളും വ്യാപാരികളും സഹിക്കുന്നതിന് ഒരു അതിരില്ലേയെന്നും ഇതിനൊക്കെ ബി.ജെ.പിക്ക് തിരിച്ചടി ഉണ്ടാകുമെന്നും സക്കറിയ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

എത്രയോ ആഴ്ച്ചകള്‍ക്ക് മുമ്പ് യുവതികള്‍ പ്രവേശിക്കേണ്ടതായിരുന്നു. യുവതികള്‍ ഒളിവിലും മറവിലുമാണ് പോയതെങ്കില്‍ അത് ശരിയായില്ല, ഭരണകൂടത്തിന്റെ പരാജയമാണ്. എങ്കിലും അത് സംഭവിച്ചത് മലയാളികളുടെ ജനാധിപത്യ മതേതര മനസ്സിന് അഭിമാനിക്കാവുന്ന വലിയ കാര്യമാണെന്നും സക്കറിയ പറഞ്ഞു.

Read Also : ഹര്‍ത്താലിനിടെ അക്രമം നടത്തുന്നവരെ അറസ്റ്റു ചെയ്യാന്‍ ഡി.ജി.പിയുടെ ഉത്തരവ്

ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ബി.ജെ.പി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനത്തിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക അക്രമങ്ങളാണ് ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്. പ്രാദേശികമായി ചിലയിടങ്ങളില്‍ ഇന്നു ഹര്‍ത്താലുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കടകള്‍ അടപ്പിക്കുകയും വാഹനങ്ങള്‍ തടയുകയും ഗതാഗതം സ്തംഭിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഗതാഗതം തടസ്സപ്പെടുന്നത് ശബരിമല തീര്‍ഥാടകരെയും ബാധിച്ചിട്ടുണ്ട്.

തിരുവനന്തപുരത്താണ് ഏറ്റവുമധികം അക്രമങ്ങള്‍ ഉണ്ടായത്. കാട്ടാക്കട, നെടുമങ്ങാട്, പൂജപ്പുര, വിളപ്പില്‍ശാല, പേയാട് എന്നിവിടങ്ങളില്‍ വലിയ അക്രമണമാണ് അരങ്ങേറിയത്. അക്രമികള്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ആര്‍എസ്എസുകാരുടെ ആക്രമത്തില്‍ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.