| Wednesday, 21st November 2018, 3:16 pm

യുവതിപേടി സമരവും റിവൈവല്‍ ഹൈന്ദവതയും ഹിന്ദുത്വയും തമ്മിലെന്ത്?

ദിനില്‍ സി.എ

28 September 2018-“”ആരാധനാ രംഗത്ത് ലിംഗ വ്യത്യാസമില്ലാതെ എല്ലാവരേയും തുല്യരായി പരിഗണിക്കണം എന്നാണ് ബി.ജെ.പി ദേശീയതലത്തില്‍ സ്വീകരിച്ചിരിക്കുന്ന നിലപാട്””

1 October 2018-“വിശ്വാസികള്‍ക്കൊപ്പം സമരത്തിനിറങ്ങും””

5 November 2018- “”ഇപ്പോള്‍ നമ്മളെ സംബന്ധിച്ച് ഒരു ഗോള്‍ഡന്‍ ഓപ്പര്‍ച്യുനിറ്റിയാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാന്‍ സാധിക്കും എന്നുള്ളത് സംബന്ധിച്ച് നമുക്കൊരു വരവരച്ചാല്‍ ആ വരയിലൂടെ അത് കൊണ്ടുപോകാന്‍ സാധിക്കില്ല. നമ്മുടെ കയ്യിലല്ല കാര്യങ്ങള്‍ ഉള്ളത്. നമ്മള്‍ ഒരു അജണ്ട മുന്നോട്ടുവെച്ചു. ആ അജണ്ടയ്ക്ക് മുന്നില്‍ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാക്കുമ്പോള്‍ അവസാനം അവശേഷിക്കുന്നത് നമ്മളായിരിക്കും.””

19 November 2018- “സ്ത്രീകള്‍ വരുന്നോ പോകുന്നോവെന്ന് നോക്കാന്‍ വേണ്ടിയല്ല, ഈ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ്.””

ഹിന്ദുരാഷ്ട്രവാദികളുടെ (Hindutva) കേരള ഘടകം നേതാവ് ശ്രീധരന്‍ പിള്ളയുടെ വൈരുദ്ധ്യം നിറഞ്ഞ പ്രസ്താവനകളാണ് ക്രോണോളോജിക്കലി മുകളില്‍ നല്‍കിയിട്ടുള്ളത്. ആദ്യം സ്ത്രീ വിരുദ്ധ നിലപാടില്ലെന്നു പറഞ്ഞയാള്‍ പിന്നീട് നുണ പ്രചരണം നടത്തി ഹര്‍ത്താല്‍ നടത്തുന്നതുവരെ കേരളം കാണുകയുണ്ടായി. ശ്രീധരന്‍ പിള്ളയുടെ നിലപാടുകളില്‍ വരുന്ന വൈരുദ്ധ്യങ്ങള്‍ വ്യക്തിതലത്തിലുണ്ടാകുന്ന ഇരട്ടത്താപ്പാണെന്നു വ്യാഖ്യാനിച്ചു സായൂജ്യമടയുന്ന ലളിതയുക്തിയുപയോഗിക്കാണോ അതോ ഫാഷിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഗൂഢപ്രവര്‍ത്തനരീതികള്‍ സൂക്ഷ്മതലത്തില്‍ പരിശോധിക്കുന്ന വിശകലന രീതിയുപയോഗിക്കണോ? സിനിസിസം ഒഴിവാക്കി രണ്ടാമത്തെ സാധ്യതയുപയോഗിച്ചു ശ്രീധരന്‍പിള്ളയിലൂടെ നിര്‍വഹിക്കപെടുന്ന ഹിന്ദുത്വയുടെ യഥാര്‍ത്ഥ രാഷ്ട്രീയ ലക്ഷ്യത്തെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണ്.

രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീഷണിയ്ക്കു ബദലെന്തെന്ന കാര്യത്തിലിപ്പോഴും ഉറച്ച തീരുമാനത്തിലെത്താന്‍ കഴിയാതിരിക്കുന്ന നിരവധിപേരെ ചുറ്റും കാണാന്‍ കഴിയും. ഇത്തരം സംശയമുള്ള മതേതര ജനാധിപത്യ വിശ്വാസികള്‍ക്കു ജോര്‍ജ്ജി ദിമിത്രോവിന്റെ ഫാഷിസത്തിനെതിരെ ഐക്യമുന്നണി സിദ്ധാന്തം ഒരിക്കല്‍ കൂടി വായിച്ചു നോക്കാവുന്നതാണ്. ഫാഷിസ്റ്റ് വിരുദ്ധ ഐക്യമുന്നണിയുടെ നിര്‍ണ്ണയത്തെ കുറിച്ചുള്ള ആശയവ്യക്തതയ്ക്കു ഇതുപകരിക്കും.

പുത്തന്‍ കോളനിവല്‍ക്കരണം നടന്ന ലോകരാജ്യങ്ങളെ മൊത്തം ചുറ്റിവലിഞ്ഞു നിറുത്തുന്ന അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ സാംസ്‌ക്കാരിക മാത്രാവാദികളുടെ അതിസൂക്ഷ്മ വിശദീകരണ രേഖകളില്‍ അടുത്ത കാലത്തൊന്നും ഇടം നേടാന്‍ സാധ്യതയില്ല. ഇത്തരക്കാര്‍ക്കു സമൂഹ്യമാറ്റത്തില്‍ പങ്കില്ലെന്നല്ല, അവരെ അവരുടെ വഴിക്കു വിട്ടേക്കുക, അവരുടെ കൂടി പ്രവര്‍ത്തനത്തിന്റെ ഭാഗമാകട്ടെ സാമൂഹ്യമാറ്റങ്ങളെന്നു കരുതുക. മാര്‍ക്‌സിസ്റ്റുകളെ സംബന്ധിച്ച് സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ മുഴുവന്‍ പ്രതിസന്ധികളെയും കുറിച്ചുമുള്ള സമൂര്‍ത്ത വിശകലനം ആവശ്യമായി വരുന്നു.

വസ്തുനിഷ്ഠപരമായി പരിശോധിക്കുമ്പോള്‍ ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമായി ഉയര്‍ന്നുവരുന്ന ഒന്നായി ഫാഷിസ്റ്റ് ഭീഷണിയെ വിലയിരുത്തുകയെന്നതു അസാധ്യമായിരിക്കുന്നു. ലോകത്ത് വിവിധഭാഗങ്ങളില്‍ ഒരേ സമയം തീവ്രവലതുപക്ഷം അധികാരത്തില്‍ എത്തിയിരിക്കുന്നു. മാന്ദ്യകാലത്തെ നഷ്ടത്തെ കുറിച്ചു ചിന്തിക്കാന്‍ കഴിയാത്ത ഫിനാന്‍സ് മൂലധനം ഫാഷിസ്റ്റിക്ക് ഭരണകൂടങ്ങളാണ് ലിബറല്‍ കാപിറ്റലിസ്റ്റ് ഭരണകൂടങ്ങളെക്കാള്‍ തങ്ങളുടെ ലാഭകൊള്ളക്കു അനുകൂലമെന്ന് കണ്ടെത്തി മൂലധനത്തെ അത്തരം രാജ്യങ്ങളിലേക്ക് ഒഴുക്കുകയായിരുന്നു. അമേരിക്കയിലും, ബ്രസീലിലും, ഇസ്രഈലിലും, തുര്‍ക്കിയിലും പ്രതിധ്വനികള്‍ കാണാവുന്നതാണ്.

സാമ്രാജ്യത്വം അതിന്റെ ആന്തരിക പ്രതിസന്ധിഘട്ടത്തിലൂടെ കടന്നുപോകുന്നതു കൊണ്ടു തന്നെ ഫാഷിസ്റ്റ് ശക്തികളും സമാന്തരമായി വളര്‍ച്ച പ്രാപിക്കുന്ന സര്‍വ്വവ്യാപിയായൊരു പ്രതിഭാസമാണെന്നു കാണാന്‍ കഴിയും. ആഗോള സാമ്പത്തിക മാന്ദ്യമിന്നൊരു ഗൂഢാലോചന തിയറിയല്ല. മിക്കവാറും ലോകരാജ്യങ്ങളില്‍ സാമ്രാജ്യത്വ ഫിനാന്‍സ് മൂലധനം പ്രതിസന്ധി നേരിടുന്നതായും ആ രാജ്യങ്ങളിലെ സാമ്പത്തിക സ്ഥിതി ക്ലേശകരമായ അവസ്ഥയിലൂടെ കടന്നു പോകുന്നതെന്നും പരിശോധിക്കുന്നവര്‍ക്ക് തിരിച്ചറിയാന്‍ പ്രയാസമുണ്ടാകില്ല. ഗ്രീസിലും, ബ്രിട്ടനിലും, മിഡില്‍ ഈസ്റ്റിലും ഇതു പ്രകടമായി നിലനില്‍ക്കുന്നു. ആറുമാസം കൂടുമ്പോള്‍ മാന്ദ്യവിരുദ്ധ പാക്കേജുകള്‍ പ്രഖ്യാപിക്കാത്ത രാജ്യങ്ങള്‍ വിരളമായിരിക്കുന്നു. എന്താണീ മാന്ദ്യ വിരുദ്ധ പൊതികെട്ടു? ആരാണിതിന്റെ ഗുണഭോക്താവ്? ഇന്ത്യന്‍ സര്‍ക്കാരെന്തിനു അംബാനി ഗ്രൂപ്പിനെ സഹായിക്കാനായി നികുതിപ്പണമുപയോഗിക്കുന്നു?

ഇന്ത്യയില്‍ നിലനില്‍ക്കുന്ന വലതുപക്ഷ സമ്പദ് വ്യവസ്ഥയും ഭീതിതമായ പ്രതിസന്ധി നേരിടുന്നു. ഫിനാന്‍സ് മൂലധനം ലക്ഷ്യം വെക്കുന്നതു വിസ്തൃതമായ ഇന്ത്യന്‍ കമ്പോളവും രാജ്യത്തിന്റെ വിഭവങ്ങളുമാണ്. ബി.ജെ.പി സംഘപരിവാര്‍ ബ്രിഗേഡിനാണെങ്കില്‍ അധികാരമാണ് ലക്ഷ്യം. ലാഭകൊതിയാല്‍ മാത്രം പ്രവര്‍ത്തന സജ്ജമായിരിക്കുന്ന കുത്തക മൂലധനത്തിനും, ഫിനാന്‍സ് മൂലധനത്തിനും തങ്ങളുടെ കൊള്ള അനുസ്യൂതം തുടരുന്നതിനായി അധികാരം കൂടുതല്‍ കേന്ദ്രീകരിച്ച ഭരണകൂടത്തെ ആവശ്യമുണ്ട്.

ഏകീകൃത പണകൈമാറ്റ സംവിധാനത്തിനു (UPI) വേണ്ടിയുള്ള നോട്ട് നിരോധന നാടകം, ഫെഡറലിസത്തെ തകര്‍ക്കുന്ന GST, നിര്‍ബന്ധിത ആധാര്‍ എന്നിവയെല്ലാം അധിക കേന്ദ്രീകരണത്തിലേക്കുള്ള പുത്തന്‍ ചുവടുകളായിരുന്നു. സമ്പദ് വ്യവസ്ഥയിലെ നേരിട്ടുള്ള ഇടപെടലുകള്‍. ദേശസാല്‍കൃത ബാങ്കുകളുടെയും, ഇന്ത്യന്‍ റെയില്‍വെ സ്വകാര്യവല്‍ക്കരണവുമാണ് സംഘപരിവാര്‍ ഭരണകൂടം ഒരിക്കല്‍ കൂടി തെരഞ്ഞെടുക്കപെട്ടാല്‍ നടപ്പിലാക്കാന്‍ ലക്ഷ്യം വെച്ചിട്ടുള്ള കാര്യങ്ങള്‍.

സങ്കുചിത ദേശസ്‌നേഹികളുടെ ഭരണത്തിനു രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാനായിട്ടില്ല. തന്മൂലം രാജ്യത്തെ തൊഴിലില്ലായ്മ അതിരൂക്ഷമായി വര്‍ദ്ധിച്ചിരിക്കുന്നു. അവശ്യ സാധാനങ്ങളുടെ വിലക്കയറ്റം എക്കാലത്തെയും ഉയര്‍ച്ചയിലെത്തി. മൂലധനവും തൊഴിലാളിയും (capital vs labour) തമ്മിലുള്ള വൈരുദ്ധ്യം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതു തിരിച്ചറിഞ്ഞ ഭരണവര്‍ഗം തൊഴിലാളി വിരുദ്ധ നടപടികള്‍ ഉള്‍പെടുത്തി തൊഴില്‍ നിയമങ്ങളില്‍ ഭേദഗതി ചെയ്തു മുതലാളിത്വത്തെ സഹായിക്കാന്‍ ശ്രമിക്കുന്നു. രാജ്യത്തിന്റെ നാണയമൂല്യം തകര്‍ന്നിരിക്കുന്നു. കാര്‍ഷികരംഗത്തെ തകര്‍ച്ച ചെറുകിട കര്‍ഷകരെയും കര്‍ഷക തൊഴിലാളികളേയും ജീവിതം ദയനീയമാക്കി.

ഇതില്‍ നിന്നെല്ലാം ജനശ്രദ്ധ തിരിച്ചുവിടാനുള്ള അവസരമായാണ് ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ “ഇപ്പോള്‍” ഹിന്ദുരാഷ്ട്രവാദികളും കാണുന്നത്. സ്ത്രീപുരുഷ തുല്യതയെ ഉറപ്പിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന്റെ ആദ്യ ദിവസങ്ങളില്‍ ഹിന്ദുരാഷ്ട്രവാദികള്‍ വിധിയെ സ്വാഗതം ചെയ്തിരുന്നുവെന്നു നാം ഓര്‍ക്കേണ്ടതുണ്ട്. ഹിന്ദുപൗരോഹിത്യാധിപത്യ പുനഃസ്ഥാപന സംഘങ്ങള്‍ (revivalist hindu organisations) ആര്‍ത്തവ വിരുദ്ധ നിലപാടുകള്‍ ഉന്നയിച്ചു “യുവതിപേടി സമരത്തിന്” തയ്യാറായ സാഹചര്യമുണ്ടായപ്പോള്‍ അതൊരു “സുവര്‍ണാവസരമായി” കാണുകയും അടുത്തു വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ ജനകീയ പ്രശ്‌നങ്ങള്‍ക്ക് മുകളില്‍ വിശ്വാസ / ഐതീഹ്യ വിഷയങ്ങള്‍ സംവാദകേന്ദ്രത്തിലേക്ക് എത്തിക്കുകയുമാണ് സംഘപരിവാര്‍ ചെയ്തിരിക്കുന്നത്.

ശബരിമലയിലെ സ്ത്രീപ്രവേശനമെന്ന ലിംഗസമത്വ പ്രശ്‌നം കേരളത്തിന് പുറത്തു ദക്ഷിണേന്ത്യയിലേക്കും വ്യാപിപ്പിക്കുവാന്‍ ഭ.ജ.പ ലീഡ് അമിത് ഷാ നല്‍കിയ നിര്‍ദ്ദേശത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. റിവൈവല്‍ ഹൈന്ദവ ഗ്രൂപ്പുകള്‍ ഉയര്‍ത്തിവിട്ട പ്രതിഷേധത്തെ (കു)തന്ത്രപരമായി തങ്ങളുടെ രാഷ്ട്രീയ അജണ്ടകള്‍ക്കായി ഏറ്റെടുത്തു പ്രതിസമരമാക്കി രൂപപ്പെടുത്തുകയാണ് ഹിന്ദുരാഷ്ട്രവാദികള്‍. അതിനായി അവരുടെ സംഘടന ശക്തിയും ഉപയോഗിക്കുന്നു.

ബ്രാഹ്മണിക്ക് മൂല്യബോധമാണ് റിവൈവല്‍ ഹൈന്ദവതയുടെയും നിലപാട് തറ. ശുദ്ധാ/അശുദ്ധി സങ്കല്‍പ്പങ്ങളാല്‍ നിര്‍മ്മിച്ച സാംസ്‌ക്കാരിക കോയ്മകളിലൂടെയാണ് വിവേചനം നിലനിര്‍ത്തുന്നതു. ഫ്യൂഡല്‍ സങ്കുചിത കോയ്മകളുടെ പുന:സ്ഥാപനമാണ് റിവൈവല്‍ ഹൈന്ദവ ഗ്രൂപ്പുകളുടെ ലക്ഷ്യം.

കുലതൊഴില്‍ ഉപേക്ഷിക്കല്‍, വിദ്യാഭ്യാസത്തിനുള്ള വേണ്ടിയുള്ള സമരങ്ങള്‍, സഞ്ചാര സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരങ്ങള്‍, തുല്യ പൗരത്വം, മാറുമറക്കല്‍ സമരം, സമുദായിക വിഭജനങ്ങളില്‍ നിന്നും ജനമെന്ന പൊതുവിലേക്കുള്ള വളര്‍ച്ച, പ്രജയില്‍ നിന്നും പൗരനിലേക്കുള്ള വികാസം എന്നിവയെല്ലാം ആധുനിക വ്യവഹാരങ്ങളുടെ സഹായത്തോടെ നവോത്ഥാന (Renaissance) മുന്നേറ്റങ്ങള്‍ വഴി നാം നേടിയെടുത്ത അവകാശങ്ങളാണ്.

വൈകുണ്ഠ സ്വാമിയിലും അയ്യങ്കാളിയില്‍ നിന്നും തുടങ്ങി ശ്രീനാരായണ ഗുരുവില്‍ കൂടിയും സഹോദരന്‍ അയ്യപ്പനില്‍ കൂടിയും വളര്‍ന്നു ഇടതുപുരോഗമന കക്ഷികള്‍ മുന്നോട്ടു കൊണ്ടുപോയ സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വേണ്ട വിധത്തില്‍ പിതൃനിയന്ത്രിത വ്യവസ്ഥിതിയെ (patriarchy) പ്രതിസ്ഥാപിക്കാന്‍ ശ്രമിച്ചിരുന്നോയെന്നു പരിശോധിക്കേണ്ടതുണ്ട്. നവോത്ഥാനത്തിനുള്ളില്‍ ഉണ്ടാകേണ്ടിയിരുന്ന “ലിംഗസമത്വ”ത്തിനു വേണ്ടിയുള്ള മൗലികമായ പ്രസ്ഥാനങ്ങളുടെ അഭാവത്തെ കുറിച്ചുള്ള ഗൗരവമുള്ള ചര്‍ച്ചകള്‍ തെരുവില്‍ നടക്കേണ്ടതുണ്ട്. സമത്വമെന്ന ആശയത്തിന് വേണ്ടിയുള്ള യാത്രയില്‍ സമൂഹമെന്ന നിലയില്‍ നാമിനിയുമേറെ ദൂരം മുന്നോട്ട് പോകാനുണ്ടെന്ന് ഈ പ്രതിസമരകാലം ബോധ്യപ്പെടുത്തുന്നു.

പിതൃനിയന്ത്രിത കുടുംബ വ്യവസ്ഥിതിക്കെതിരെയുള്ള സ്ത്രീ മുന്നേറ്റങ്ങളുടെ ആവശ്യകത കൂടി കോയ്മ പുന:സ്ഥാപന സംഘങ്ങളുടെ ആക്രോശങ്ങളില്‍ നിന്നും വീണ്ടും വീണ്ടും വ്യക്തമാകുന്നു. പാട്രിയാര്‍ക്കിയെ തകര്‍ത്തെ മതിയാകൂ. ആധുനിക വ്യവഹാരങ്ങളില്‍ നിന്നുമുണ്ടായ നവോത്ഥാന മുന്നേറ്റങ്ങളുടെ ശത്രുപക്ഷത്തു നിലയിറപ്പിച്ചിട്ടുള്ളവരാണ് കോയ്മ പുന:സ്ഥാപന താല്പര്യക്കാരെങ്കില്‍ പുത്തന്‍ വ്യവഹാരങ്ങളിലൂടെ കൈവന്ന സാമൂഹ്യ മാറ്റങ്ങളെ അനുഗുണമായി പരിവര്‍ത്തനപെടുത്തി കൊണ്ടു മതസ്വത്വവാദത്തിന്റെ അടിസ്ഥാനത്തില്‍ ഹിന്ദുദേശരാഷ്ട്ര നിര്‍മ്മിതിക്കു ശ്രമിക്കുകയാണ് സംഘപരിവാര്‍. ഇരു കൂട്ടരും ആത്യന്തികമായി ആധുനിക ജനാതിപത്യ മതേതരപക്ഷത്തിന്റെ ശത്രുക്കള്‍ തന്നെ.

കേരളത്തിലെ തങ്ങളുടെ അധികാരകോയ്മയുടെ നിലനില്‍പ്പിനായി സാംസ്‌ക്കാരിക മണ്ഡലത്തെ മാത്രമല്ല സാമ്പത്തിക മണ്ഡലങ്ങളിലും തന്ത്രപരമായ ഇടപെടലുകള്‍ നടപ്പിലാക്കപെടുന്നുണ്ട്. വിപണിയിലെ അത്തരം ആസൂത്രിത ഇടപെടലുകളില്‍ സ്രാഷ്ടാംഗം വീണു മാപ്പപേക്ഷിക്കുകയും മുട്ടിലിഴയുകയുമാണ് പത്രമുത്തശി/ശന്‍ പാരമ്പര്യങ്ങള്‍. “താരതമ്യത്തില്‍” (മാത്രം) മെച്ചപെട്ട റിപ്പോര്‍ട്ടിംഗ് നടത്തുന്ന ഏഷ്യനെറ്റ് ബഹിഷ്‌ക്കരിക്കാന്‍ കരയോഗ സംഘാംഗങ്ങള്‍ക്കു റിവൈവല്‍ ഹൈന്ദവ പ്രമാണിയുടെ നിര്‍ദ്ദേശം പോയതായി വാര്‍ത്തകളുണ്ട്.

പൊതുജനങ്ങള്‍ വന്നുചേരുന്ന സ്വകാര്യ ആശുപത്രികളിലേയും, ഹോട്ടലുകളിലേയും ടെലിവിഷനില്‍ ശബരിമലയുമായി ബന്ധപെട്ടു വിദ്വേഷ പ്രചാരണം (malicious campaign) നടത്തുന്ന ജനം ടി.വി പ്രദര്‍ശിപ്പിക്കുവാന്‍ ശ്രമിക്കുവാനായി മുതലാളിമാര്‍ക്കും ബി.എം.എസ് യൂണിയനിലെ തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. റിവൈവല്‍ ഹൈന്ദവതയുടെയും ഹിന്ദുത്വയുടെയും വിഷയമേഖല (domain) പ്രാഥമികമായി ഒന്നാണെങ്കിലും വിശദാംശങ്ങളിലെ കാതലായ വ്യത്യാസങ്ങള്‍ കാണിതിരിക്കുന്നത് മൂലം ഉപരിപ്ലവമായ വിലയിരുത്തലുകള്‍ പലപ്പോഴും ഉണ്ടാകുന്നുണ്ട്.

ബാബറി മസ്ജിദ് തകര്‍ക്കലിലൂടെ കേരളത്തിനു പുറത്തുള്ള (വിശേഷിച്ചും വടക്കേ ഇന്ത്യയിലെ) കോയ്മ പുന:സ്ഥാപന സംഘങ്ങളെ പൂര്‍ണ്ണമായും കൈവശപെടുത്താന്‍ (appropriation) ഹിന്ദുത്വ പരിവാറിനു കഴിഞ്ഞിട്ടുണ്ടെങ്കിലും കേരളത്തില്‍ പ്രകടമായി യോജിക്കാവുന്ന ഒരു പ്രവര്‍ത്തനമണ്ഡലം ഇതുവരെ ഉരുത്തിരിഞ്ഞു വന്നിരുന്നില്ല. ആശയതലത്തില്‍ നിലനില്‍ക്കുന്ന ഈ വൈരുദ്ധ്യത്തെ മറികടക്കും വിധം അതിവൈകാരിക ഉയര്‍ത്തികൊണ്ടു വൈരം നിറഞ്ഞതും വിനാശകരവുമായ പ്രതിസമര പദ്ധതികളാണ് സംഘപരിവാറിപ്പോള്‍ ആസൂത്രണം ചെയ്തു നടപ്പിലാകുന്നത്.

റിവൈവല്‍ ഗ്രൂപ്പുകള്‍ക്കിടയില്‍ നിന്നും “ജൈവപരമെന്നു” (organic) വ്യാഖ്യാനിക്കപെടുന്ന പ്രതിഷേധം ഉയര്‍ന്നു വരികയും പ്രതിലോമകാരികളായ ഹിന്ദുരാഷ്ട്രവാദികള്‍ സംഘടിതമായി തന്നെ പ്രതിസമരം ശക്തിപെടുത്തുന്നതുമാണ് പിന്നീട് കാണാന്‍ കഴിഞ്ഞത്. റിവൈവല്‍ ഹൈന്ദവ ഗ്രൂപ്പുകളെ മൊത്തത്തിലോ സമൂഹത്തിലെ വിവിധയിടങ്ങളില്‍ ദൃശ്യത നേടിയ വ്യക്തിത്വങ്ങളെയോ തങ്ങള്‍ക്കു അനുകൂലമായി പരിവര്‍ത്തനപെടുത്താനുമുള്ള അവസരമായാണ് ശബരിമലയുമായി ബന്ധപെട്ട പ്രശ്‌നങ്ങളെ ഹിന്ദുത്വ പ്രസ്ഥാനം അഥവാ സംഘപരിവാര്‍ ഉപയോഗിക്കുന്നത്.

ക്ഷേത്രങ്ങളിലേക്ക് ഹിന്ദു സ്വത്വത്തില്‍ ജനിച്ചു ജീവിക്കുന്ന മുഴുവന്‍ മനുഷര്‍ക്കും പ്രവേശനം വേണമെന്ന ത്വാതിക നിലപാടാണ് ഹിന്ദുത്വത്തിനുള്ളത്. ബ്രാഹ്മണിക്ക് തന്ത്രവിദ്യാ പ്രകാരം പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ക്കൊപ്പം ഇതര ഹിന്ദു ആരാധനാലയങ്ങളെയും കേന്ദ്രീകരിച്ചു സൃഷ്ടിക്കപെടേണ്ട രാഷ്ട്രീയ സമ്പദ് വ്യവസ്ഥയെന്ന (ശബരിമല ക്ഷേത്രത്തെ കേന്ദ്രീകരിച്ചുള്ള വിമാന താവളമെന്ന ആവശ്യവും ഹിന്ദുത്വയുടെ ആശയമാണ്) തങ്ങളുടെ തന്നെ ദീര്‍ഘകാലപദ്ധതിയെ താല്‍ക്കാലികമായെങ്കിലും സംഘപരിവാര്‍ മാറ്റിവെക്കുന്നതിന്റെ ഒരുകാരണവും മേല്‍പറഞ്ഞത് തന്നെ.

ഇതേ സമയം രാജ്യം ഭരിക്കുന്ന ഭരണകൂടവും ജനങ്ങളും തമ്മില്ലുള്ള വൈരുദ്ധ്യം കൂടുതല്‍ കൂടുതല്‍ മൂര്‍ച്ഛിരിക്കുന്ന ചരിത്രഘട്ടത്തില്‍ കൂടിയും നാം കടന്നു പോകുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും രാജ്യമൊട്ടുക്കും സമരം നടത്തുന്നു. സംഘടിത വ്യവസായ തൊഴിലാളികള്‍ ദേശീയ പണിമുടക്കുകള്‍ നടത്തിയതും നാം വിസ്മരിച്ചു കൂടാ. ഇന്ത്യന്‍ ഭരണവര്‍ഗ്ഗം ഒരുഭാഗത്തും കര്‍ഷകരും, കൈവേലക്കാരും, ഗ്രാമീണതൊഴിലാളികള്‍ ഉള്‍പെടുന്ന അദ്ധ്വാനിക്കുന്ന മുഴുവന്‍ തൊഴിലാളികളും മറുഭാഗത്തുമായി വിഭജിക്കും വിധമുള്ള വൈരുദ്ധ്യം മൂര്‍ച്ഛിരിക്കുന്നതായി മറ്റാരേക്കാളും മിടുക്കോടെ ഫിനാന്‍സ് മൂലധനവും അതിന്റെ ഇന്ത്യയിലെ സംരക്ഷക വൃന്ദമായ ഹിന്ദുത്വം തിരിച്ചറിയുന്നുണ്ട്. മൂലധനം തൊഴിലാളിയെന്ന വസ്തുനിഷ്ഠ വിഭജനത്തെ മറികടക്കും വിധം ഹിന്ദുവിശ്വാസി vs അപര്‍(ഹൈന്ദവവിരുദ്ധര്‍) എന്ന ദ്വന്ദനിര്‍മ്മിതിയിലൂന്നിയുള്ള സാമൂഹ്യ വിഭജനത്തിനായുള്ള പ്രായത്‌നങ്ങളാണ് സംഘപരിവാര്‍ കേന്ദ്രങ്ങളിപ്പോള്‍ നടത്തി കൊണ്ടിരിക്കുന്നത്.

വിവേകത്തേയും, വസ്തുനിഷ്ഠയാഥാര്‍ത്ഥ്യത്തേയും വൈകാരികതകൊണ്ടു മറികടക്കാനുള്ള ഹീനശ്രമം. ഹിന്ദു ആത്മാഭിമാന സംരക്ഷണമെന്ന മുദ്രാവാക്യം ഇതിനിടയില്‍ കൂടി കയറിവരുന്നത് നോക്കൂ. മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധ കോര്‍പ്പറേറ്റ് അനുകൂല നടപടികളുടെ ജനകീയ വിചാരണ (social audit) തടയുന്നതിനുള്ള ഗൂഢപദ്ധതി. 2014ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ വിപണി മനോരോഗ (market fetishism) അജണ്ട മുന്നോട്ടു വെച്ചവര്‍ 2019ലെക്കെത്തുമ്പോള്‍, ഭരണാധികാരം പിടിച്ചെടുക്കുന്നതിനായി, കള്‍ച്ചറല്‍ ഒഫന്‍സീവ് എന്ന ആയുധം പുറത്തെടുത്തിരിക്കുന്നു. ലോകം ഒട്ടാകെയും ഇന്ത്യ വിശേഷിച്ചും നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറച്ചുവെക്കാനായി ഹിന്ദുത്വമൊരു സാമൂഹിക പ്രതിസന്ധി സൃഷ്ടിചെടുക്കുകയാണ്.

ശബരിമല വിഷയത്തില്‍ ഫാഷിസ്റ്റ് റെജീം ഊന്നുന്നതും അവരുടെ ഭാഗത്ത് നിന്നുമുണ്ടാകുന്ന ആര്‍ഗ്യുമെന്റുകളില്‍ പരസ്പര വിരുദ്ധമായ നിലപാടുകള്‍ ഉണ്ടാകുന്നതും അതുകൊണ്ടു തന്നെ യാദൃശ്ചികമല്ല. അവരെ സംബന്ധിച്ച് ഇപ്പോള്‍ നിലനില്‍ക്കുന്ന കണ്ഫ്യൂഷന്‍ പരമാവധി മുതലാക്കികൊണ്ടൊരു സാമൂഹിക പ്രതിസന്ധി സൃഷ്ടിചെടുക്കണമെന്ന അജണ്ടയാണുള്ളത്. അതിനായി തത്വദീക്ഷയില്ലാത്ത വിധം എല്ലാ ഗൂഢപദ്ധതികളും നടത്തിയെടുക്കാന്‍ ശ്രമിക്കുന്നു. ഇരട്ടനാവുകള്‍കൊണ്ടു സംസാരിക്കും… നാഗവല്ലിയായും ഗംഗയായും പ്രത്യക്ഷപ്പെടും!

സാമൂഹിക പ്രതിസന്ധി ഒരു രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് മാറുന്ന ഘട്ടമുണ്ടായാല്‍ അതൊരു വ്യവസ്ഥാപ്രതിസന്ധി സൃഷ്ടിക്കും. അതിനനുവദിച്ചു കൂടാ. ഹിന്ദുരാഷ്ട്രവാദികളുടെ സംഘടിത ആക്രമണത്തിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ ജനസഞ്ചയ രാഷ്ട്രീയക്കാരും ഉണ്ടാകില്ല. സവര്‍ണ്ണലഹള സൃഷ്ടിക്കപെട്ടത് കൊണ്ടു നേരിടാന്‍ ശേഷിയില്ലാതെ ഭയപെട്ടിരിക്കുകയാണ് സഞ്ചയരാഷ്ട്രീയം. ഇത്തരം പിന്തിരപ്പന്‍ സാമൂഹ്യ സ്ഥിതികള്‍ക്കെതിരെ സമരം ചെയ്യാനുള്ള ശേഷി തങ്ങള്‍ക്കില്ലെന്നു ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് കോണ്‍ഗ്രസ് രാഷ്ട്രീയം.

റിവൈവല്‍ ഹൈന്ദവതയുടെ ബന്ധുത്വമെന്ന “അധികയോഗ്യത” കൊണ്ട് കോണ്‍ഗ്രസ് നിയമസഭകക്ഷി നേതാവായി ഇരിക്കുന്ന ചെന്നിത്തല നായര്‍ക്കു ഉണ്ട ചോറിനു നന്ദി കാണിക്കണമല്ലോ! ഒരു നാടിന്റെ പുരോഗമന ചിന്തയെ, ലിംഗസമത്വത്തിനു വേണ്ടിയുള്ള പുത്തന്‍ ഉണര്‍വുകളെ തടയുന്ന പ്രവര്‍ത്തിയില്‍ വ്യാപൃതരാവുകയാണ് യു.ഡി.എഫ് രാഷ്ട്രീയം. ഇത് കേവലം സംഘടനാപരമായ വീഴ്ച്ചയല്ലെന്നും രാജീവ് ഗാന്ധിയുടെ കാലം മുതല്‍ കൂടെ കൂടിയ നയപരമായ പാളിച്ചകള്‍ പ്രവര്‍ത്തന മണ്ഡലത്തിലേക്കു നീളുന്നതാണെന്നും തിരിച്ചറിയേണ്ടതുണ്ട്. കോണ്‍ഗ്രസ് എന്ന ആള്‍കൂട്ട പാര്‍ട്ടിയുടെ തകര്‍ച്ചയായിരിക്കും ഫലം.

സംഘടിതരായ ഹിന്ദുത്വത്തിന് മുന്നില്‍ മൃദുഹിന്ദുത്വ ആള്‍കൂട്ടത്തിനു പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. എല്ലാ പരിമിതികളിലും കേരളത്തിനു അവകാശപെടാന്‍ കഴിയുന്ന ഉദാര അന്തരീക്ഷത്തിന്റെ (liberal space) തകര്‍ച്ചക്കിത് വഴിവെക്കും. ഇതിനെ തടുക്കാനായി തൊഴിലാളി-കര്‍ഷകതൊഴിലാളി-കര്‍ഷക ഐക്യത്തെ അച്ചുതണ്ടായി കണ്ടുകൊണ്ടുള്ള ജനാധിപത്യ മതേതര സഖ്യത്തിന്റെ ദൃഢീകരണം അത്യന്താപേക്ഷിതമായി വരുന്നു. സാമ്പത്തികവും സാംസ്‌ക്കാരികവുമായി കൂടുതല്‍ വലത്തോട്ടു ചായുന്ന വലതുപക്ഷത്തെ പ്രത്യക്ഷത്തില്‍ എതിര്‍ക്കാന്‍ കഴിയുന്ന വിധം രാഷ്ട്രീയവും, സാമ്പത്തികവും, സാംസ്‌ക്കാരികവുമായ സംവാദ മണ്ഡലങ്ങളില്‍ നാം കൂടുതല്‍ ഇടത്തോട്ട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. ലാവണ്യവാദ ദൗര്‍ബല്യങ്ങള്‍ക്കു പിടികൊടുക്കാതെ, ബദല്‍ രാഷ്ട്രീയ സമ്പദ്ഘടനയില്‍ ഊന്നികൊണ്ടു കൂടുതല്‍ ഇടത്തോട്ട് നീങ്ങുകയെന്നതാണ് മതേതര ജനാധിപത്യ പക്ഷത്തിന്റെ ചരിത്രപരമായ കടമ.

ദിനില്‍ സി.എ

We use cookies to give you the best possible experience. Learn more