ശബരിമല സ്ത്രീപ്രവേശനം - ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥന
Sabarimala women entry
ശബരിമല സ്ത്രീപ്രവേശനം - ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥന
കെ. അരവിന്ദാക്ഷന്‍
Sunday, 14th October 2018, 4:51 pm

ഇന്ത്യന്‍ രാഷ്ട്രീയം ഗുരുതരമായ മലിനീകരണത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിയ്ക്കുന്ന കാലത്ത് ജനാധിപത്യത്തിന്റെ കാവലാളായിരിക്കാനുള്ള ഉത്തരവാദിത്തം സുപ്രീംകോടതിയ്ക്കുണ്ട്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാനശില നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയെ നോക്കുകുത്തിയാക്കുന്ന കോടതിവിധികള്‍ 1970-കള്‍ മുതല്‍ ഉണ്ടായിട്ടുണ്ടെങ്കിലും, പലപ്പോഴും കോടതി പൗരന്റെ അവസാനത്തെ അഭയമായി തീരാറുണ്ട്. പൗരാവകാശധര്‍മ്മം ഉയര്‍ത്തിപ്പിടിയ്ക്കാറുണ്ട്.

ചിഫ് ജസ്റ്റിസ് ദീപക് മിശ്ര റിട്ടയര്‍ ചെയ്യുന്ന (2018 ഒക്ടോബര്‍ 1)തിനു മുമ്പുള്ള മാസങ്ങളില്‍ ഉന്നത നീതിപീഠം ലിംഗമസത്വവുമായി ബന്ധപ്പെട്ട മൂന്ന് ചരിത്ര വിധികള്‍ പ്രസ്താവിക്കുകയുണ്ടായി.

Lesbian, Gay, Bisexual, Transgender, Queer (LGBTQ) എന്നിവരുടെ ലൈംഗിക സ്വാതന്ത്ര്യം നിയമവിധേയമാക്കിയതാണ് ഒന്നാമത്തേത്. വിവാഹേതരബന്ധങ്ങള്‍ക്ക് (Adultery) നിയമസാധുത നല്‍കുന്നതാണ് രണ്ടാമത്തേത്. ശബരിമല ക്ഷേത്രത്തില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കുന്നതാണ് മൂന്നാമത്തേത്. യാഥാസ്ഥിതിക ലൈംഗിക ധാരണകളെയും ആചാരാനുഷ്ഠാനങ്ങളെയും പുരുഷമേധാവിത്വത്തില്‍നിന്നും പ്രകൃതിവിരുദ്ധ കാഴ്ചപ്പാടുകളില്‍നിന്നും മോചിപ്പിക്കുന്നതാണ് മൂന്ന് വിധികളും.

പൗരന്റെ ലൈംഗികതയെ എല്ലാ ശാരീരിക അതിര്‍ത്തികളില്‍നിന്നും സ്വതന്ത്രമാക്കാനുള്ള ജനാധിപത്യത്തിന്റെ ആദ്യപടിയായുള്ള നിര്‍വഹണമായി ഇതിനെ കണക്കാക്കാം. വിധികള്‍ സമൂഹത്തിന്റെ ആന്തരിക കോശങ്ങളിലെത്തി സാമൂഹിക-സാംസ്‌കാരിക-ആത്മീയ രക്തചംക്രമണത്തിലെത്താന്‍ വര്‍ഷങ്ങള്‍ എടുക്കും. വിധി പുറപ്പെടുവിക്കാനേ നീതിപീഠത്തിന് കഴിയൂ. അത് പ്രാവര്‍ത്തികമാക്കാന്‍ ധാര്‍മ്മികതയുള്ള രാഷ്ട്രീയം മാത്രം പോരാ, സാധാരണക്കാരായ ജനങ്ങളും വേണമല്ലോ.

സ്ത്രീകള്‍ക്ക് മേല്‍വസ്ത്രം ധരിക്കാനുള്ള അവകാശവും കീഴാളര്‍ക്ക് പൊതുവഴികളും ക്ഷേത്രം, വിദ്യാലയങ്ങള്‍ അടക്കമുള്ള ഇടങ്ങളും പൗരന്മാരായ തങ്ങളുടേതുകൂടിയാണെന്ന അവകാശബോധം വേരുകളാഴ്ത്താന്‍ വര്‍ഷങ്ങളെടുത്തു. ഇവയെ എതിര്‍ക്കാന്‍ അന്നും ഇന്നും യാഥാസ്ഥിതികത്ത്വം കൊടുവാളുകളുയര്‍ത്തിയിട്ടുണ്ട്. ഇന്നതില്‍ രാഷ്ട്രീയലാഭത്തിന്റെ നഗ്‌നമായ സൂത്രവാക്യങ്ങളുണ്ടെന്ന് മാത്രം.

ശബരിമല ക്ഷേത്രത്തില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന വിധിയ്ക്കെതിരെ ഹിന്ദുമതവിശ്വാസികളായ കുറേ ഭക്തരെ തെരുവിലിറക്കിയിരിക്കയാണല്ലോ. രാഷ്ട്രീയലാഭത്തിനായി തെരുവ് ചോരക്കളമാക്കി നാല് വോട്ടിനായി പ്രാകൃതാചാരങ്ങള്‍ക്ക് കുടപിടിയ്ക്കുന്ന ഹിന്ദു വര്‍ഗ്ഗീയതയുടെ വക്താക്കളോട് നമുക്ക് ഒരു സംഭാഷണമേ സാദ്ധ്യമല്ല. എന്നാല്‍, രാഷ്ട്രീയവര്‍ഗ്ഗീയകക്ഷികളുടെ തെറ്റായ പ്രചരണത്തിന്റെ പേരില്‍ തെരുവിലിറങ്ങുന്ന യഥാര്‍ത്ഥ ഹിന്ദുമതവിശ്വാസികളായ ഭക്തരോട് ഒരു സംവാദം അര്‍ത്ഥസമ്പൂര്‍ണ്ണമാണ്. ഇങ്ങിനെയൊരു സംവാദം ഒരു ഗാന്ധിയന്‍ പ്രാര്‍ത്ഥനയാണ്.

 

ദക്ഷിണാഫ്രിക്കയിലെയും ഇന്ത്യയിലെയും ഗാന്ധിയുടെ എല്ലാ സത്യഗ്രഹസമരങ്ങളിലും ആശ്രമങ്ങളിലും ആയിരക്കണക്കിന് സ്ത്രീകളുണ്ടായിരുന്നു. വിദ്യാസമ്പന്നര്‍, നിരക്ഷരര്‍, നെയ്ത്തുകാര്‍, വീട്ടമ്മമാര്‍, തൊഴിലാളികള്‍ തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളില്‍നിന്നുമുള്ള സ്ത്രീകള്‍ ജാതിമതവര്‍ഗ്ഗ ഭേദമന്യേ ഗാന്ധിയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. ശരീരംകൊണ്ടും മനസ്സുകൊണ്ടും സ്ത്രൈണത അനുഭവിച്ചറിഞ്ഞ ഗാന്ധി അവരെ തുല്യരായിട്ടാണ് കണ്ടത്. ഏതെങ്കിലും ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ അവര്‍ മാറ്റി നിര്‍ത്തപ്പെടേണ്ടവരല്ലയെന്ന് ഗാന്ധിയ്ക്ക് ബോദ്ധ്യപ്പെട്ടിരുന്നു.

ഇരുപതാംനൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ഗാന്ധിയന്‍ സമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകളുടെ എണ്ണം മറ്റൊരു സാമ്രാജ്യത്ത വിരുദ്ധസമരങ്ങളിലും ഉണ്ടായിട്ടില്ല. തന്റെ അമ്മ പുത്ലിഭായിയും ഭാര്യ കസ്തുര്‍ബായുമാണ് സത്യഗ്രഹത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചതെന്ന് ഗാന്ധി വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിയന്‍ ജീവിതസ്ഥലികളില്‍ സ്ത്രീയ്ക്ക് എവിടെയും പ്രവേശനമുണ്ട്. ക്ഷേത്രമായാലും, കോടതിയായാലും, പണിസ്ഥലമായാലും, തെരുവായാലും; ഗാന്ധിയന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വിശേഷിച്ചും.

ഗാന്ധിയോളം ഹിന്ദുവായ ഒരു വ്യക്തിയെ നമുക്ക് കണ്ടെത്താനാവില്ല. ആധുനിക ഇന്ത്യന്‍ ചരിത്രത്തില്‍. ഗാന്ധി തന്നെ വിശേഷിപ്പിച്ചത് സനാതന ഹിന്ദുവായിട്ടാണ്. ആരാണ് ഗാന്ധിയുടെ സനാതന ഹിന്ദു?

 

“”ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളില്‍ വിശ്വസിയ്ക്കുന്നവനാണ് സനാതന ഹിന്ദു.”” എന്താണ് ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍? “”ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ അഹിംസയിലും സത്യത്തിലുമുള്ള പരിപൂര്‍ണ്ണ വിശ്വാസമാണ്.”” (പുറം 374; പുസ്തകം 26; ഗാന്ധിയുടെ സമാഹൃത കൃതികള്‍). ഹിന്ദുയിസത്തിന്റെ അടിസ്ഥാന തത്ത്വങ്ങളായ അഹിംസയിലും സത്യത്തിലും യാതൊരു വിശ്വാസവുമില്ലാത്ത ഹിംസയും അസത്യവും ആയുധമാക്കിയ രാഷ്ട്രീയക്കാരാണ് ഹിന്ദുയിസത്തിന്റെ പേരില്‍ ഭക്തരെ തെരുവിലിറക്കുന്നത്; ശബരിമല പ്രവേശനത്തിന്റെ പേരില്‍. ഇവര്‍ യാഥാസ്ഥിതികരാണ്; ഏത് കാലത്തും അന്ധവിശ്വാസജടിലമായ ആചാരാനുഷ്ഠാനങ്ങളെ സ്വാര്‍ത്ഥലാഭങ്ങള്‍ക്കായി കൂട്ടുപിടിയ്ക്കുന്നവര്‍.

അവര്‍ണര്‍ക്ക് പൊതുവഴികളും ക്ഷേത്രങ്ങളടക്കമുള്ള പൊതുയിടങ്ങളും തുറന്നുകൊടുക്കുവാന്‍ ഗാന്ധി നടത്തിയ സത്യഗ്രഹസമരങ്ങള്‍ യാഥാസ്ഥിതിക ഹിന്ദുയിസത്തിനെതിരായിരുന്നു. വൈക്കം – ഗുരുവായൂര്‍ സത്യഗ്രഹങ്ങള്‍ പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകും, ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയോടെയാണ് അദ്ദേഹം യാഥാസ്ഥിതിക ഹിന്ദുയിസത്തിന്റെ ജീര്‍ണതയെ അധഃകരിക്കുവാനായി അഹിംസാ സമരങ്ങള്‍ ആസൂത്രണം ചെയ്തത്.

ഹിന്ദുയിസത്തിന്റെ ജീര്‍ണതയെയാണ് അദ്ദേഹം എതിര്‍ത്തത്. അതില്‍ കുടുങ്ങിപ്പോയ വ്യക്തികളെയല്ല. വൈക്കം സത്യഗ്രഹത്തില്‍ തിരുവിതാംകൂര്‍ ഭരണാധികാരികള്‍ സത്യഗ്രഹികളെ യാഥാസ്ഥിതിക ഹിന്ദുക്കളുടെ ഗുണ്ടാ ആക്രമണങ്ങള്‍ക്ക് വിട്ടുകൊടുത്തപ്പോള്‍ ഗാന്ധി പറഞ്ഞു: “”ഏവര്‍ക്കുമറിയാം, യാഥാസ്ഥിതികത്ത്വം മിക്കപ്പോഴും എന്തും ചെയ്യാന്‍ മടിയില്ലാത്തതും വിട്ടുവീഴ്ചയ്ക്ക് തയ്യാറില്ലാത്തതുമാണ്. പരിഷ്‌ക്കരണവുമായി താരതമ്യപ്പെടുത്തുമ്പോള്‍ യാഥാസ്ഥിതികതയ്ക്ക് പിന്നില്‍ അന്തസ്സും ജനസമ്മതിയുമുണ്ടാകാം. അതുകൊണ്ടാണ് ശിക്ഷിക്കപ്പെടില്ലായെന്ന ധൈര്യത്തില്‍ യാഥാസ്ഥിതികര്‍ കാര്യങ്ങള്‍ ചെയ്യുന്നത്; പാവപ്പെട്ട പരിഷ്‌ക്കരണവാദിക്ക് അതിന് സാധിക്കുന്നില്ല.”” (പുറം 346; പുസ്തകം 24). ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ വിശ്വാസികളെ തെരുവിലിറക്കുന്ന രാഷ്ട്രീയകച്ചവടക്കാര്‍ക്ക് ഗാന്ധിയുടെ വാക്കുകള്‍ നന്നായി ചേരുന്നില്ലേ?

 

വൈക്കം സത്യഗ്രഹകാലത്ത് ഗാന്ധി യാഥാസ്ഥിതിക ഹിന്ദുമതത്തിന്റെ വക്താവായി വന്ന ഇണ്ടന്‍തുരുത്തി നമ്പ്യാതിരിയുമായി അദ്ദേഹത്തിന്റെ വസതിയില്‍ വെച്ച് സംസാരിക്കുകയുണ്ടായി. രാജഗോപാലാചാരി, മഹാദേവ ദേശായി, രാമദാസ് ഗാന്ധി, കൃഷ്ണസ്വാമി അയ്യര്‍ എന്നിവര്‍ ഗാന്ധിയെ അനുഗമിച്ചിരുന്നു. അദ്ദേഹം മൂന്ന് മണിക്കൂറിലധികം നമ്പ്യാതിരിയുമായും അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നവരുമായും സംസാരിച്ചു. (മാര്‍ച്ച് 10, 1925)

അവര്‍ണര്‍ ക്രിമിനലുകളേക്കാളും മൃഗങ്ങളെക്കാളും മോശപ്പെട്ടവരാണോയെന്ന ഗാന്ധിയുടെ ചോദ്യത്തിന് നമ്പ്യാതിരി പറഞ്ഞു, അങ്ങിനെയാവണം, അല്ലെങ്കില്‍ ദൈവം അവര്‍ണരായി പിറക്കാന്‍വിട്ട് അവരെ ശിക്ഷിക്കില്ലല്ലോ. ദൈവം ശിക്ഷിക്കട്ടെ, താങ്കളെന്തിനാണ് ദൈവത്തിന്റെ സ്ഥാനത്തുനിന്ന് അവരുടെ ശിക്ഷ കൂട്ടുന്നത്, എന്ന് ഗാന്ധി തിരിച്ചു ചോദിച്ചു. താങ്കളുടെ ഏത് ശാസ്ത്രഗ്രന്ഥത്തിലാണ് പൊതുവഴികള്‍ അവര്‍ണര്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുള്ളത്? താങ്കള്‍ക്കറിയുമോ താങ്കള്‍ തെറ്റായ സമീപനമാണ് കൈക്കൊള്ളുന്നതെന്നാണ് ദിവാന്‍ വിചാരിക്കുന്നത്; ഗാന്ധി ചോദിച്ചു.

അത് ദിവാന്റെ അഭിപ്രായം, അദ്ദേഹത്തിന് ആ അഭിപ്രായം കൊണ്ടുനടക്കാം. എന്തുകൊണ്ടാണ് താങ്കള്‍, അവര്‍ണര്‍ “അടിച്ചമര്‍ത്തപ്പെട്ട”വരാണെന്ന പദം ഉപയോഗിക്കുന്നത്, അവര്‍ എന്തുകൊണ്ട് അടിച്ചമര്‍ത്തപ്പെട്ടു എന്ന് താങ്കള്‍ക്കറിയുമോ, നമ്പ്യാതിരി ഇടപെട്ടു.

ഗാന്ധി: “”ഓ, തീര്‍ച്ചയായും. ജാലിയന്‍ വാലാബാഗില്‍ നിഷ്‌ക്കളങ്കരായ മനുഷ്യരെ ജനറല്‍ ഡയര്‍ കൂട്ടക്കൊല ചെയ്ത അതേ കാരണത്താല്‍.””
നമ്പ്യാതിരി: “”അപ്പോള്‍ താങ്കള്‍ പറയുന്നത് ഈ ആചാരം ഉണ്ടാക്കിയവര്‍ ഡയര്‍മാരാണെന്നാണോ? താങ്കള്‍ ശങ്കരാചാര്യരെ ഒരു ഡയര്‍ എന്ന് വിളിക്കുമോ?””

ഗാന്ധി: “”ഞാനൊരു ആചാര്യനേയും ഡയര്‍ എന്ന് വിളിക്കുന്നില്ല. എന്നാല്‍ താങ്കളുടെ പ്രവൃത്തിയെ ഡയറിസമായിട്ടാണ് ഞാന്‍ അടയാളപ്പെടുത്തുന്നത്. മാത്രവുമല്ല, ഈ ആചാരം ഉണ്ടാക്കിയതിന്റെ ഉത്തരവാദിത്തം ഏത് ആചാര്യനാണെങ്കിലും അദ്ദേഹത്തിന്റെ അജ്ഞത ജനറല്‍ ഡയറിന്റത്രയും പൈശാചികമാണ്.””

…. തുടര്‍ന്ന് ഗാന്ധി നമ്പ്യാതിരിയോട് ചോദിച്ചു: “”….ശരി, കോടതി അവര്‍ണര്‍ക്ക് പൊതുവഴി തുറന്നുകൊടുക്കുവാന്‍ നിശ്ചയിക്കുകയാണെങ്കില്‍?””

നമ്പ്യാതിരി: “”ഞങ്ങള്‍ പിന്നീട് ആ വഴികള്‍ ഉപയോഗിക്കില്ല; ഞങ്ങള്‍ ആ ക്ഷേത്രങ്ങള്‍
ഉപേക്ഷിക്കും.””

 

നമ്പ്യാതിരി തന്റെ ആചാരത്തില്‍ അന്ധമായി ഉറച്ചുനിന്നു. ആ സംഭാഷണം വഴിമുട്ടി. 1963-ല്‍ നമ്പ്യാതിരി താമസിച്ചിരുന്ന മന AITUCയുടെ ഓഫീസായി രൂപാന്തരപ്പെട്ടത് ചരിത്രത്തില്‍ ഒരു തമാശ മാത്രം.

എന്നാല്‍, ഗാന്ധി സൂചിപ്പിച്ച ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി നടത്തിയ ജനറല്‍ ഡയറിന്റെ പൈശാചികതയാണ് നമ്പ്യാതിരിയിലൂടെ അദ്ദേഹത്തിന്റെ സവര്‍ണ അനുചരന്മാരെയും ആവേശിച്ചിട്ടുള്ളത്. യഥാര്‍ത്ഥ ഹിന്ദു മതവിശ്വാസികള്‍ ഹിന്ദുമതത്തെ ജനറല്‍ ഡയറിന്റെ പ്രേതങ്ങളില്‍നിന്ന് മോചിപ്പിക്കാന്‍ തെരുവുകളില്‍നിന്ന് പിന്‍വാങ്ങണം; യഥാര്‍ത്ഥ ഹിന്ദുയിസമെന്നത് സത്യത്തിലും അഹിംസയിലുമൂന്നുന്ന ജീവിതരീതിയാണെന്ന വസ്തുത ഒരു ഗാന്ധിയന്‍ കണ്ണിലൂടെ വായിച്ചറിഞ്ഞത്.

ശരിയായ വിശ്വാസമുള്ള ആണും പെണ്ണും ശബരിമലയില്‍ പ്രവേശിക്കട്ടെ. ഒരു സ്ത്രീ തന്റെയടുത്ത് വന്ന് പ്രാര്‍ത്ഥിച്ചതുകൊണ്ട് ധര്‍മ്മശാസ്താവിന്റെ നൈഷ്ഠിക ബ്രഹ്മചര്യം അസ്തമിക്കില്ല; ശാസ്താവില്‍ ഉണ്മയായിരിക്കുന്ന സത്യം അതിനൊക്കെ അതീതമാണ്. ആചാരങ്ങളല്ല, ആയിരം സൂര്യന്മാരായി പ്രകാശിക്കുന്ന സത്യമാണ്, ഏത് മതത്തിന്റെയും അന്തസ്സത്തയെന്ന് ഗാന്ധി അടിവരയിട്ടത് ഓര്‍ക്കുക.

ആ പഴയ നമ്പ്യാതിരിയുടെ കഠിനമായ യാഥാസ്ഥിതികതയെങ്കിലും നമ്മുടെ പുതിയ യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്കുണ്ടാകട്ടെ; സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ച് ദര്‍ശനം നടത്തുകയാണെങ്കില്‍ ഞങ്ങള്‍ ആ അമ്പലത്തില്‍ കടക്കില്ലെന്ന ആ നമ്പ്യാതിരി ന്യായമെങ്കിലും.