'അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല, അവര്‍ക്കു പ്രത്യേക മതസംഹിതയില്ല'; ശബരിമല വിധിയിലേക്ക് ദീപക് മിശ്രയെ നയിച്ച കാരണങ്ങള്‍ ഇവയാണ്
Sabarimala women entry
'അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല, അവര്‍ക്കു പ്രത്യേക മതസംഹിതയില്ല'; ശബരിമല വിധിയിലേക്ക് ദീപക് മിശ്രയെ നയിച്ച കാരണങ്ങള്‍ ഇവയാണ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th November 2019, 9:31 am

ന്യൂദല്‍ഹി: ശബരിമല യുവതീപ്രവേശ വിധിയുടെ പശ്ചാത്തലത്തില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ എത്തിയിട്ടുള്ള് 56 ഹരജികളില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. കഴിഞ്ഞ വര്‍ഷം അന്നത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് വിധി പറഞ്ഞത്. ജസ്റ്റിസ് ഖാന്‍വില്‍ക്കറുടെ നിലപാടുകള്‍ കൂടി ഉള്‍പ്പെടുത്തിയായിരുന്നു ദീപക് മിശ്ര വിധി പറഞ്ഞത്.

ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച് ദീപക് മിശ്ര വിധി പറയാനുണ്ടായ കാരണങ്ങള്‍ ഇവയാണ്:

1 വ്യക്തികളുടെ മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പിലെ (251) ‘എല്ലാ വ്യക്തികളും’ എന്ന പ്രയോഗത്തില്‍ സ്ത്രീകളും ഉള്‍പ്പെടുന്നു.

2 ഈ വകുപ്പനുസരിച്ച് അവകാശത്തിനു ലിംഗഭേദമില്ല; ജീവശാസ്ത്രപരമായ കാരണങ്ങളാലുള്ള വേര്‍തിരിവുമില്ല.

3 അയ്യപ്പഭക്തര്‍ പ്രത്യേക മതവിഭാഗമല്ല. അവര്‍ക്കു പ്രത്യേക മതസംഹിതയില്ല.

4 ഹിന്ദു സ്ത്രീകളുടെ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നതാണു കേരള ഹിന്ദു ആരാധനാ സ്ഥല നിയമത്തിലെ 3(ബി) വകുപ്പുപ്രകാരം ശബരിമലയിലെ രീതി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

5 3(ബി) വകുപ്പ് ഹിന്ദു സ്ത്രീകളുടെ വിശ്വാസ ആചരണ അവകാശം നിഷേധിക്കുന്നതിനാല്‍ ഭരണഘടനയുടെ 25(1) വകുപ്പുപ്രകാരമുള്ള മൗലികാവകാശത്തെ നിഷ്ഫലമാക്കുന്നു.

6 25ാം വകുപ്പില്‍ പറയുന്ന പൊതുസദാചാരം ഭരണഘടനാപരമായ സദാചാരത്തിന്റെ പര്യായമാണ്. അതിനെ വ്യക്തികളോ മതവിഭാഗങ്ങളോ കല്‍പിക്കുന്ന ഇടുങ്ങിയ അര്‍ഥത്തിലല്ല കാണേണ്ടത്.

7 1965ലെ കേരള ഹിന്ദു പൊതു ആരാധനാ സ്ഥല നിയമത്തിലെ 3ാം വകുപ്പ് എല്ലാ പൊതു ആരാധനാ സ്ഥലങ്ങളിലും എല്ലാ ഹിന്ദുക്കള്‍ക്കും പ്രവേശനാനുമതി നല്‍കുന്നു. ഇതിനു വിരുദ്ധമാണു ചട്ടത്തിലെ 3(ബി) വകുപ്പ്.

8 വര്‍ഗ, വിഭാഗ വ്യത്യാസങ്ങള്‍ പാടില്ലെന്നാണു നിയമത്തിലെ 4(1) വകുപ്പ്. അതിനും വിരുദ്ധമാണു 3(ബി) വകുപ്പ്.
ആചാരങ്ങളും പ്രയോഗ രീതികളും ഹിന്ദുക്കളിലെ എല്ലാ വിഭാഗങ്ങള്‍ക്കും പൊതു ആരാധനാ സ്ഥലങ്ങളില്‍ പ്രാര്‍ഥിക്കാനുള്ള അവകാശത്തിനു വഴിമാറണമെന്നാണു നിയമത്തിലെ 3, 4(1) വകുപ്പുകള്‍ വ്യക്തമാക്കുന്നത്.

9 വിലക്ക് മതത്തിന്റെ അനുപേക്ഷണീയ ഘടകമല്ല.

10 വിലക്കു മാറ്റുന്നതു ഹിന്ദുമതത്തിന്റെ സ്വഭാവത്തിനു മാറ്റം വരുത്തുന്നില്ല.

11 വിലക്കിനു ചട്ടത്തിലൂടെ പിന്‍ബലം നല്‍കിയിരുന്നെങ്കിലും അതു മതത്തിന്റെ അനുപേക്ഷണീയമോ അവിഭാജ്യമോ ആയ സംഗതിയല്ല.

12 ഭരണഘടനാ വകുപ്പില്‍ പറയുന്ന പൊതുക്രമം, സദാചാരം, ആരോഗ്യം എന്നീ നിയന്ത്രണ കാരണങ്ങള്‍, സ്ത്രീകളുടെ മതസ്വാതന്ത്ര്യം നിഷേധിക്കുന്നതിനും വേര്‍തിരിവു കാട്ടാനും നിയമപരമായ അവകാശം നിഷേധിക്കാനുമുള്ളതല്ല.

പുനഃപരിശോധനാ ഹരജികളില്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇന്നു രാവിലെ 10.30-നു വിധി പറയും. ജഡ്ജിമാരായ റോഹിന്‍ടണ്‍ നരിമാന്‍, എ.എം ഖന്‍വില്‍കര്‍, ഡി.വൈ ചന്ദ്രചൂഢ്, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ബെഞ്ചിലുള്ള മറ്റംഗങ്ങള്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ