ഒരു പക്ഷെ ഇത് അത്ഭുതമെന്നോ, വിചിത്രമെന്നോ തോന്നിയേക്കാം. 1918-19 കാലത്ത് തിരുവിതാംകൂറില്‍ തുടങ്ങിയതും ശ്രദ്ധേയമായ സാമൂഹ്യ, രാഷട്രീയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയതുമായ ഒരു സമരം കൃത്യം നൂറു വര്‍ഷം തികയുന്ന സമയത്ത് അതിന്റെ നേര്‍ വിപരീദ ദിശയില്‍ കേരളത്തില്‍ പുനരാരംഭിക്കപ്പെടുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ മുന്നില്‍ നിറുത്തി “രാജാക്കന്മാരും – ബ്രാഹ്മണരും – സവര്‍ണ്ണ ഹിന്ദുക്കളും” കേരളത്തിന്റെ പൊതുസ്ഥലങ്ങള്‍ കയ്യേറുമ്പോള്‍ അത് രണ്ട് തലമുറ കഴിയുമ്പോഴേക്കും കേരള സമൂഹത്തില്‍ സംഭവിച്ച മാറ്റം എന്താണ് എന്നതിന്റെ നേര്‍കാഴ്ച കൂടിയാകുന്നു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്ത് വന്നതിനു ശേഷം കേരളത്തില്‍ ആ വിധിക്കെതിരെ തെരുവിലിറങ്ങിയ ജനക്കൂട്ടത്തെപ്പറ്റിയും, ആരൊക്കെ എത് ആദര്‍ശത്തിന്റെ പക്ഷത്താണ് എന്നൊക്കെയുള്ള കാര്യങ്ങളെപ്പറ്റിയും ഒരു വലിയ അവ്യക്തത നിലനിന്നിരുന്നു. എന്നാല്‍ പ്രസ്തുതസമരം ഒരാഴ്ച പിന്നിട്ടു കഴിയുമ്പോഴേക്കും ആരെല്ലാം ചേര്‍ന്നതാണ് ഈ ജനക്കൂട്ടമെന്നും ആരൊക്കെ ചേര്‍ന്നാണ് അതിന്റെ ചുക്കാന്‍ വലിക്കുന്നതെന്നും വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു.
ഈ വ്യക്തത യഥാര്‍ത്ഥത്തില്‍ ആശ്വാസമുണ്ടാക്കുന്നതാണ്. കാരണം വിശ്വാസികളുടെ സമരം എന്ന നിലയില്‍ ആദ്യം ഉണ്ടായിരുന്ന ഒരു പുകമറ ഇന്നില്ല. ഈ സമരത്തിനു മുന്നിലും പിന്നിലുമുള്ള ആളുകളും അവരുടെ രാഷ്ട്രീയ താല്പര്യങ്ങളും ഇതിനോടകം മറനീക്കി പുറത്തു വന്നിട്ടുണ്ട്. ഈ സമരം കേരള സമൂഹത്തിന്റെ അല്ലെങ്കില്‍ ഇന്ത്യന്‍ ജനതയുടെ മുമ്പിലേക്ക് വയ്ക്കുന്ന കൃത്യമായ രാഷട്രീയ വിഷയം ഇന്ത്യന്‍ ഭരണഘടനയോടും, അത് ഉയര്‍ത്തിപ്പിടിക്കുന്ന സമത്വാവകാശ സങ്കല്പനങ്ങളോടുമുള്ള ജതി-ഹിന്ദു വിരോധമാണ്.
ചുരുക്കിപ്പറഞ്ഞാല്‍ “രാജാക്കന്മാരും – ബ്രാഹ്മണരും – സവര്‍ണ്ണഹൈന്ദവരും” ചേര്‍ന്നു നടത്തുന്ന ഈ സമരം അടിസ്ഥാനപരമായി ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരെ ഈ സഖ്യം നടത്തുന്ന തുറന്ന യുദ്ധമാണ്. ഇവര്‍ക്ക് കേരള സര്‍ക്കാരിനോടുള്ള പരാതി പോലും ഭരണഘടനയെയും അതിന്റെ അടിസ്ഥാന മൂല്യങ്ങളെയും ഉയര്‍ത്തിക്കാട്ടുന്ന ഒരു സുപ്രീം കോടതി വിധിയെ സര്‍ക്കാര്‍ എതിര്‍ക്കുന്നില്ല എന്നുള്ളതു മാത്രമാണ്.
ഇന്ത്യന്‍ ഭരണഘടനയോട് ഇക്കൂട്ടര്‍ക്കുള്ള വിരോധം ഭരണഘടനയുടെ രൂപീകരണ വേളയില്‍ തന്നെ പ്രകടമായിരുന്നു. ഭാരതീയമായ മൂല്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉറച്ചതല്ല ഇന്ത്യന്‍ ഭരണഘടന എന്നതായിരുന്നു അക്കാലത്തെ ഇവരുടെ പ്രധാന വാദം. എന്താണ് ഇക്കൂട്ടര്‍ അന്നും ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതീയത? എന്തിനോടായിരുന്നു അവരുടെ വിരോധം? ഏതൊക്കെ മൂല്യങ്ങളെയായിരുന്നു ഭാരതീയ സംസ്‌ക്കാരത്തിനു വിരുദ്ധമെന്ന് കണ്ട് ആക്രമിക്കാന്‍ ശ്രമിച്ചത്?
കൃത്യമായി പറഞ്ഞാല്‍ ആ വിരോധം ജാതി, മത, വര്‍ണ്ണ, വര്‍ഗ്ഗ, ലിംഗ, ഭാഷാ, പ്രാദേശിക വ്യത്യാസങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഭരണഘടന പ്രഖ്യാപിച്ച പൗരന്റെ മൗലീക അവകാശങ്ങളോടും, അതിന്റെ അടിസ്ഥാന പ്രമാണങ്ങളായ സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളോടുമായിരുന്നു. കാരണം മറ്റൊന്നുമായിരുന്നില്ല, ഇവരണ്ടും ഹിന്ദുമതധര്‍മ്മത്തിനു വിരുദ്ധമോ, നിഷിദ്ധമോ ആണ് എന്നതുതന്നെ.
വ്യക്തമായി പറഞ്ഞാല്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെ ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി രേഖപ്പെടുത്തുന്നതിലായിരുന്നു ഇക്കൂട്ടര്‍ ഭാരതീയ സംസ്‌കൃതിയുടെ വിനാശം ദീര്‍ഘദര്‍ശനം ചെയ്തത്. ഇവരെ സംബസിച്ചിടത്തോളം ഈ വാദം സ്വാഭാവികമായ ഒരു ഭയത്തിന്റെ പ്രകടനം മാത്രമായിരുന്നു. കാരണം സമത്വം, സ്വാതന്ത്ര്യം എന്നീ ആദര്‍ശങ്ങള്‍ രാഷ്ട്രീയമായും സാമൂഹ്യമായും നടപ്പിലാക്കപ്പെടുന്നതോടുകൂടി പാരമ്പര്യമായി കൈമാറിവന്നിട്ടുള്ള സാമൂഹ്യ, ജാതി അധികാര കുത്തക തകരും. കേരളത്തില്‍ ഇന്ന് ഞാന്‍ മുന്‍പ് സൂചിപ്പിച്ച “രാജാവ്- ബ്രാഹ്മണ- സവര്‍ണ്ണ ഹൈന്ദവ” ചേരി നിലകൊള്ളുന്നത് ഈ പാരമ്പര്യത്തിന്റെയും, ആചാരങ്ങളുടെയും സംരക്ഷണത്തിനു വേണ്ടിയാണ്. ബി.ജെ.പിയാണ് അതിന്റെ രാഷ്ട്രീയ മുഖംമൂടി.
പാരമ്പര്യം, ആചാരം എന്നിവയുടെ സംരക്ഷണം, പുനരുദ്ധാരണം എന്നിവയാണ് ഈ ത്രികോണ സഖ്യത്തിന്റെ എന്നത്തേയും ലക്ഷ്യം. ചരിത്രത്തിന്റെ വൈരുദ്ധ്യമായി വെളിവാക്കപ്പെടുന്ന ഒരു കാര്യം ഈ സഖ്യത്തിന് ചുരുക്കം ദളിത്, പിന്നോക്ക സമുദായങ്ങളുടെ പിന്തുണ ലഭിക്കുന്നുണ്ട് എന്നതാണ്. ഇതൊരു വിചിത്രമായ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.
അതായത് അടിമത്വം എന്ന മനുഷ്യാവസ്ഥയെപ്പറ്റി വിശദീകരിച്ചിട്ടുള്ള ചില പ്രമുഖ ചിന്തകര്‍ സൂചിപ്പിച്ചിട്ടുള്ളത് അടിമയില്‍ ഈ ബോധത്തിന് അനുകരണത്തിനെത്തിയും, തിരിച്ചറിവിന്റെയുമായ രണ്ട് പരിണാമ ഘട്ടങ്ങളുണ്ടെന്നാണ്. അനുകരണത്തിന്റെ ആദ്യഘട്ടം എന്നത് തന്നെ പൂട്ടായിടാന്‍ ഉപയോഗിച്ചിരിക്കുന്ന ചങ്ങല ദ്രവിച്ചു തുടങ്ങാറായെന്നും പുതിയതു പണിതു തരണമെന്നും അടിമ തന്നെ തമ്പുരാനോട് തന്നെ അപേക്ഷിക്കുകയും, തമ്പ്രാന്റെ ജാതി, അധികാരങ്ങളോടൊക്കെ ഭക്തിയോടും, അനുസരണയോടും കൂടി താണു വണങ്ങി നില്‍ക്കുകയും ചെയ്യുന്ന അവസ്ഥയാണ്. രണ്ടാമത്തെ ഘട്ടമാകട്ടെ തന്റെയീ അവസ്ഥ അടിമത്വം തന്നെയാണെന്നുള്ള തിരിച്ചറിവിന്റെ രൂപപ്പെടലിനെയാണ് കുറിക്കുന്നത്. അടിമ വര്‍ഗ്ഗത്തിന്റെ വിമോചന പോരാട്ടങ്ങളുടെ ചരിത്രം തുടക്കം കറിക്കുന്ന നിമിഷമാണ് അത്.
ക്ഷേത്ര പ്രവേശന വിളംബരശേഷം മാത്രം ഉണ്ടായി വന്നിട്ടുള്ള മുന്‍പ് അയിത്തക്കാരായി കരുതിയിരുന്ന കേരളത്തിലെ പുതു ഹിന്ദുക്കളോട് ഒരു ചോദ്യം മാത്രമേയുള്ളൂ. നിങ്ങള്‍ ഏതെങ്കിലും കാലത്ത് “തുല്യ ഹിന്ദുക്കളായി” പരിഗണിക്കപ്പെട്ടിട്ടുണ്ടോ? ചരിത്രം പരിശോധിക്കാം അല്ലെങ്കില്‍ പഴയ തലമുറയോട് ചോദിക്കാം അതുമല്ലെങ്കില്‍ ഈ ചോദ്യം അവനവനോടുതന്നെയും ചോദിക്കാവുന്നതാണ്. ഏത് സുവര്‍ണ്ണ പാരമ്പര്യത്തിന്റെയും, ആചാരങ്ങളുടെയും പുനരുദ്ധാരണത്തിനു വേണ്ടിയുള്ള സമരമാണിതെന്ന്.
ഒരു കാലത്ത് കേരളത്തിലെ അവര്‍ണ്ണ ജനത എതിര്‍ത്തു തോല്‍പ്പിച്ച അതേ ബ്രാഹ്മണ, സവര്‍ണ്ണ സാമൂഹ്യ ആചാര, അധികാരങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടാല്‍ എന്താവും ദളിതരുടെയും, സ്ത്രീകളുടെയും, പിന്നോക്ക ജാതിക്കാരുടെയും ഒക്കെ അവസ്ഥ എന്ന് തിരിച്ചറിയാന്‍ അധികം ബൗദ്ധിക വ്യായാമം ആവശ്യമില്ല. സ്വയം വിമര്‍ശനത്തിലൂടെയല്ലാതെ ആ തിരിച്ചറിവിലേക്ക് എത്താന്‍ ചിലപ്പോള്‍ സാധിച്ചില്ലെന്നും വരാം. ചരിത്രബോധമായിരിക്കാം ഒരു പക്ഷെ ഇവിടെ നമ്മളെ സഹായിക്കുന്നത്.
പൗരസമത്വാവകാശവാദികളും ക്ഷേത്രാചാര സംരക്ഷണവാദികളും തമ്മിലുള്ള സമരത്തിന് കേരളചരിത്രത്തില്‍ സവിശേഷമായ സ്ഥാനമുണ്ട്. 1918-19 ലാണ് തിരുവിതാംകൂറില്‍ ഈഴവ-മുസ്ലീം-ക്രൈസ്തവ സമുദായ സഖ്യം പൗരസമത്വവകാശ പ്രക്ഷോഭം ആരംഭിക്കുന്നത്. രാഷ്ട്രീയ, സാമൂഹ്യ സമത്വത്തിനും, തുല്യ പൗരത്വത്തിനും വേണ്ടിയുള്ള ഈ പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് ക്ഷേത്രപ്രവേശന വാദം ഈഴവര്‍ ഉന്നയിക്കുന്നത്.
അല്പം കൂടി വ്യക്തമായി പറഞ്ഞാല്‍ ഈഴവര്‍ക്ക് ക്ഷേത്രപ്രവേശനവും, പൊതുവഴികളിലൂടെ സഞ്ചരിക്കാന്‍ സ്വാതന്ത്യവും നല്‍കണം എന്ന് (വൈക്കം സത്യാഗ്രഹ കാലത്ത് മന്നത്ത് പത്മനാഭന്‍ സവര്‍ണ്ണ ജാഥ നടത്തുന്നതിനും വര്‍ഷങ്ങള്‍ മുമ്പ്) ആവശ്യപ്പെട്ടത് തിരുവിതാംകോട്ടെ മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളുംകൂടി ചേര്‍ന്നായിരുന്നു എന്ന് ഏറ്റവും കുറഞ്ഞത് എസ്.എന്‍.ഡി.പിയും, കേരളത്തിലെ ഈഴവരുമെങ്കിലും മറക്കാന്‍ പാടില്ല. പൗരസമത്വാവകാശ പ്രക്ഷോഭത്തിന്റെ ഭാഗമായി പതിനെട്ട് വര്‍ഷത്തോളം പല ഘട്ടങ്ങളായി നടന്ന സമരങ്ങളുടെ ചരിത്രമാണ് അതിനുള്ള തെളിവ്.
ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള ഇപ്പോഴത്തെ പ്രശ്‌നം സ്ത്രീകളുടെ മൗലിക അവകാശങ്ങുമായി ബന്ധപ്പെട്ട പൊതു വിഷയമല്ല മറിച്ച് വിശ്വാസികളെ ബാധിക്കുന്ന മതാചാരവുമായി മാത്രം ബന്ധപ്പെട്ട ഒന്നാണ് എന്നുവാദിക്കുന്നവരെയും ആ ചരിത്രത്തിനു ചിലത് പഠിപ്പിക്കാനുണ്ട്. ക്ഷേത്രാചാര സംരക്ഷണ പക്ഷത്തിന്റെ വാദങ്ങള്‍ക്കെതിരെ അന്നത്തെ എസ്.എന്‍.ഡി.പി യോഗം മുന്നോട്ടുവച്ച ഏറ്റവും പ്രധാനപ്പെട്ട വാദം അവര്‍ണ്ണരുടെ ക്ഷേത്രപ്രവേശനം എന്നത് ഹിന്ദു മതത്തിന്റെ സ്വകാര്യ വിഷയമല്ല മറിച്ച് ഒരു പൊതു പ്രശ്‌നമാണ് എന്നും, ക്ഷേത്രങ്ങളെ പൊതു ഇടങ്ങളായിത്തന്നെ പരിഗണിക്കേണ്ടതുണ്ട് എന്നുമാണ്. ഗവണ്‍മെന്റ് ചുമതലയില്‍, ദേവസ്വം ഭരണത്തിനു കീഴിലുള്ള അമ്പലങ്ങളിലെല്ലാം അവര്‍ണ്ണര്‍ക്ക് സ്വാതന്ത്ര്യത്തോടെ പ്രവേശിക്കാനും പ്രാര്‍ത്ഥിക്കാനുമുള്ള തുല്യാവകാശം നല്‍കണമെന്ന വാദമായിരുന്നു അതിന്റെ അടിസ്ഥാനം.
അക്കാലത്ത് തിരുവിതാംകൂറില്‍ റവന്യു, ദേവസ്വം വകുപ്പുകള്‍ വിഭജിക്കപ്പെട്ടിരുന്നില്ല. ദേവന്റെ സമ്പത്ത് മ്ലേച്ഛന്മാര്‍ കൈകാര്യം ചെയ്ത് അശുദ്ധപ്പെടാതിരിക്കാന്‍ വേണ്ടി കീഴ്ജാതി, മുസ്ലീം, ക്രിസ്റ്റ്യന്‍ വിഭാഗങ്ങള്‍ക്ക് ഈ വകുപ്പുകളില്‍ ന്യായമായും ലരിക്കേണ്ടിയിരുന്ന നിയമനങ്ങള്‍ അന്ന് റദ്ദ്‌ചെയ്യപ്പെട്ടിരുന്നു. സംയുക്ത രാഷ്ട്രീയ സഖ്യം രൂപീകരിച്ചുകൊണ്ട് പൗരസമത്വവാദികള്‍ നടത്തിയ സമരങ്ങളാണ് 1933 ആവുമ്പോഴേക്കും നിവര്‍ത്തന പ്രക്ഷോഭത്തിന്റെ രൂപം കൈക്കൊള്ളുന്നത്.
റവന്യു-ദേവസ്വം വകപ്പുകളെ രണ്ടായി പിരിക്കുന്നതിനും, പബ്ലിക് സര്‍വ്വീസിലേക്കുള്ള നിയമനങ്ങള്‍ വിവേചനം കൂടാതെ നടത്തുന്നതിനായി ഡോ. നോക്‌സിനെ പബ്ലിക് സര്‍വ്വീസ് കമ്മീഷണറായി നിയമിക്കുന്നതിനും തിരുവിതാംകൂര്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിച്ചതും പൗരാവകാശ സമത്വത്തിനായി നടന്ന സമരങ്ങളായിരുന്നു.
തൃപ്പടിദാനത്തിലൂടെ രാജ്യം ദൈവത്തിന് കാഴ്ചവെച്ച കാരണത്താല്‍ അയിത്തക്കാര്‍ക്കും, അഹിന്ദുക്കള്‍ക്കും ഗവണ്‍മെന്റ് ഉദ്യോഗങ്ങള്‍ നിരസിക്കപ്പെട്ടപ്പോള്‍ രാജാധികാരത്തെപ്പോലും അക്കാലത്ത് വിമര്‍ശിക്കാന്‍ മടികാണിക്കാത്ത പൗരസമത്വവാദികളാണ് പൗരത്വം ജനാധികാരത്തിന്റെ അടയാളമായി കേരളത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നത്. ഹിന്ദുമതത്തോടും, ജാതി പ്രാമാണിത്തത്തോടും ഈഴവര്‍ അക്കാലത്ത് നടത്തിയ സമരങ്ങളാണ് 1930 കഴിയുമ്പോഴേക്കും മതപരിവര്‍ത്തന പ്രക്ഷോഭമായി മാറുന്നത്. “”ഈഴവര്‍ക്ക് ശ്രീ നാരായണ ഗുരു സ്വാമിയുടെ മതമാണെങ്കില്‍ അവര്‍ക്ക് ഹിന്ദു മതവുമായി യാതൊരു ബന്ധവുമില്ല. ഗവണ്‍മെന്റ് ഈഴവരെ സനാതനാകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്തുന്നു…ഗര്‍ഭാശയം നോക്കിയാണ് ഹിന്ദുമതം സ്ഥിതി ചെയ്യുന്നത്…മത സംബന്ധമായ യാതൊരു മേല്‍ക്കോയ്മയും നായര്‍ക്കോ, ബ്രാഹ്മണനോ, ചെട്ടിക്കോ, നമ്പൂരിക്കോ ഈഴവരുടെ മേലില്ല”” എന്ന് വാദിച്ചുകൊണ്ട് സി. കേശവന്‍ നടത്തിയ പൊതുപ്രസംഗം 1934 ഫെബ്രുവരി 9 ലെ നസ്രാണി ദീപിക റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.
അംബേദ്കറുടെ മതപരിവര്‍ത്തന ശ്രമങ്ങളുമായി എസ്.എന്‍.ഡി.പി ഇക്കാലത്ത് കൂട്ടു ചേരുന്നതായി “”എസ്.എന്‍.ഡി.പി യോഗചരിത്രം”” എന്ന പുസ്തകത്തില്‍ പി.എസ് വേലായുധന്‍ സൂചിപ്പിക്കുന്നുണ്ട്. ഈ മതപരിവര്‍ത്തന പ്രക്ഷോഭം വ്യവസ്ഥാഥാപിത ഹിന്ദു മതത്തെ ന്യൂനപക്ഷമാക്കി മാറ്റിത്തീര്‍ക്കുമെന്നഭയമാണ് 1936 ആവുമ്പോഴേയ്ക്കും തിരുവിതാംകൂറിലെ ഹിന്ദു രാജകുടുംബത്തെ ക്ഷേത്രപ്രവേശന വിളംബരം നടത്താന്‍ നിര്‍ബന്ധിതമാക്കിത്തീര്‍ത്ത ഘടകം.
പൗരാവകാശങ്ങള്‍ക്കും, ജാതി, മത വിവേചനങ്ങള്‍ക്കുമെതിരെ നടന്നിട്ടുള്ള ഇത്തരം ഒട്ടനവധി സമരങ്ങളിലൂടെ സ്വതന്ത്രമാക്കപ്പെട്ട പൊതു ഇടങ്ങളിലാണ് ഇന്ന് മേല്‍ജാതി കയ്യേറ്റം നടക്കുന്നത്. സവര്‍ണ്ണ ജാതി മേല്‍ക്കോയ്മയെ വിശാലഹിന്ദു എന്ന പുകമറയ്ക്കുള്ളില്‍ നിന്നുകൊണ്ട് പുനസ്ഥാപിച്ചെടുക്കുവാനുള്ള ആസൂത്രണ ചാതുരി ദൈവത്തെ രക്ഷിക്കാന്‍ എന്ന പേരില്‍ ഇന്ന് കേരളത്തില്‍ നടക്കുന്ന സമരങ്ങളില്‍ തെളിഞ്ഞു വന്നിട്ടുണ്ട്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ചന്ദ്രചൂഡ് പ്രസ്താവിച്ച വിധിയുടെയും കാതല്‍ പൗരസമത്വാവകാശത്തിന്റെ അംഗീകാരമായിരുന്നു എന്ന് പ്രസ്തുത വിധി വായിക്കുന്ന ആര്‍ക്കും ബോധ്യമാകും.
ഇന്ത്യന്‍ ഭരണഘടന പൗരനു നല്‍കുന്ന മൗലീക അവകാശങ്ങളെക്കുറിക്കുന്ന വ്യവസ്ഥകളെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് പ്രഖ്യാപിച്ചിട്ടുള്ള ഈ വിധി തീണ്ടല്‍ എന്ന പ്രാകൃത ഹൈന്ദവ ആചാരത്തെ നിയമപരമായി നിരോധിച്ചിട്ടുള്ള ചട്ടത്തിന്റെ പരിധിയെ വിപുലപ്പെടുത്തുന്ന തരത്തിലുള്ളതാണ്.
തങ്ങള്‍ക്ക് മൗലീക അവകാശങ്ങള്‍ വേണ്ട എന്ന് തെരുവില്‍ മുറവിളി കൂട്ടുന്ന സ്ത്രീകള്‍ക്കും, ദളിത്-പിന്നോക്ക വിഭാഗങ്ങളില്‍പെട്ട “ഭക്തജന”ങ്ങള്‍ക്കും എത് പ്രാകൃത വ്യവസ്ഥയിലേക്ക് തിരിച്ചു പോകാനാണ് ഈ വാശിയും വെപ്രാളവും. തന്ത്രിമാരും, ഇസ്‌പേഡ് രാജാക്കന്മാരും, മറ്റ് സവര്‍ണ്ണ ഹിന്ദുക്കളും സംരക്ഷിക്കാനും, തിരച്ചു കൊണ്ടുവരാനും ശ്രമിക്കുന്നത് അവരുടെ സുവര്‍ണ്ണകാലത്തെയാണ്. അത് മനസ്സിലാക്കാം. പക്ഷെ ബാക്കിയുളളവരോ?
രാജത്വവും, ബ്രാഹ്മണ്യവും, സവര്‍ണ്ണ ഹിന്ദുത്വവും ഒരു സുപ്രഭാതത്തില്‍ വിശ്വാസ സംരക്ഷക വേഷവും കെട്ടി വെറുതെയങ്ങ് തെരുവില്‍ ഒത്തുകൂടിയതല്ല. അതിനൊരു ചരിത്രവും, തുടര്‍ച്ചയുമുണ്ട്.പൗരസമത്വമല്ല, അതിനു വിരുദ്ധമായ ക്ഷേത്രാചാര സംരക്ഷണമാണ് അതിന്റെ നയം. അത് മുന്നോട്ടു വയ്ക്കുന്ന ലക്ഷ്യം ഒരിക്കല്‍ പരാജയപ്പെട്ട മേല്‍ജാതി കോയ്മയുടെ പുനപ്രതിഷ്ഠയാണ്. അതിനവര്‍ക്ക് ഇന്ത്യന്‍ ഭരണഘടനയെ സംഘടിതമായി ചെറുത്ത് തോല്‍പ്പിച്ചേ മതിയാകൂ. അതിനു വേണ്ടിയാണ് നൂറു വര്‍ഷങ്ങള്‍ക്കുശേഷം ക്ഷേത്രാചാര സംരക്ഷണ സഖ്യം കേരളത്തില്‍ പുനരവതരിച്ചിരിക്കുന്നത്. ഇപ്പോള്‍ നടക്കുന്ന ഈ സമരം ഇതിനാല്‍ അവസാനിക്കുന്നതല്ല.
ദേവസ്വം വകുപ്പ് ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുക്കകണമെന്ന വാദവുമായി ഇവര്‍ നാളെ വീണ്ടും തെരുവിലിറങ്ങും. ഹിന്ദു എന്ന പദം എപ്പോഴത്തേയുംപോലെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കും. ബ്രാഹ്മണ, സവര്‍ണ്ണ ജാതിവിഭാഗങ്ങള്‍ക്ക് നഷ്ടമായ അധികാരങ്ങളും, ജാതിമേല്‍ക്കോയ്മയും തിരിച്ചുകിട്ടുംവരെ ഇത്തരം സമരങ്ങള്‍ ഇനിയും പലരൂപത്തില്‍ അരങ്ങേറിക്കൊണ്ടേയിരിക്കും. അതിനു സജ്ജമായ ഒരു ജനക്കൂട്ടത്തെ സൃഷ്ടിക്കുക എന്ന കൗശലമാണ് ഭക്തജന നാമജപ ഘോഷയാത്രകളില്‍ ഇന്ന് പരീക്ഷിക്കപ്പെടുന്നത്.