കൊച്ചി: ശബരിമല വെര്‍ച്വല്‍ ക്യൂവില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനും പൊലീസിനും എന്താണ് അധികാരമെന്ന് കോടതി ചോദിച്ചു.
ശബരിമലയില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ദേവസ്വം ബോര്‍ഡിനാണ് അധികാരമെന്നും ഹൈക്കോടതി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്താന്‍ ദേവസ്വം ബെഞ്ചിന്റെ അനുമതിയുണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു,
അതേസമയം സദുദ്ദേശ്യത്തോടെയാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം ഒരുക്കുന്നതിനായാണ് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പാടാക്കിയത്.
ശബരിമലയില്‍ 2011 മുതല്‍ വെര്‍ച്വല്‍ ക്യൂ നിലവിലുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.
നേരത്തെ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ചുമതല പൊലീസില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കൈമാറണമെന്ന് ശബരിമല സ്‌പെഷ്യല്‍ കമീഷണര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. നിലവില്‍ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന്റെ ചുമതല പൊലീസിനാണ്.
ശബരിമലയില്‍ കൂടുതല്‍ തീര്‍ത്ഥാടകര്‍ക്ക് പ്രവേശനത്തിന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് ആദ്യ ദിവസങ്ങളില്‍ പ്രതിദിനം 25,000 പേരെ പ്രവേശിപ്പിക്കുമെന്നാണ് അറിയിച്ചത്.