തുലാമാസ പൂജക്കായി നട തുറന്നപ്പോള്‍ ശബരിമല കയറാന്‍ എത്തിയ രഹനാ ഫാത്തിമ എന്ന യുവതിയുടെ ഇരുമുടിക്കെട്ടില്‍ മണം പിടിച്ച് കണ്ടെത്തിയ ആര്‍ത്തവത്തുണിയുടെ പേരില്‍, കേവലം മൂന്നു ദിവസത്തേക്ക് “”ജനം”” ടിവി എന്ന സംഘപരിവാര്‍ പ്രചാരണ ചാനലിന് വീണു കിട്ടിയ ഉയര്‍ന്ന പ്രേക്ഷക റെയ്റ്റിംഗ്,പിറ്റേ ദിവസം മുതല്‍ തലകുത്തി വീണു കിടക്കുന്നതാണ് “BARC” റെയിറ്റിങ്ങില്‍ കണ്ടത്. ആരെയും ഞെട്ടിക്കുന്ന തരത്തില്‍ നുണപ്രചരണം നടത്തിയ ആ ചാനലിനെ ഒരു വേള വിശ്വസിച്ചു പോയ മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം തിരിച്ചു പോന്നിരിക്കുന്നു.ആ മൂന്നു ദിവസം (ഒക്ടോബര്‍ 20,21,22) മനോരമക്കും, മാതൃഭൂമിക്കും മുകളില്‍ ഏഷ്യനെറ്റ് ന്യൂസിന് തൊട്ടോ താഴെ ആയിരുന്നു “”ജനം””
തുലാമാസ പൂജയ്ക്ക് നട തുറക്കുന്നതിനു മുമ്പ് തന്നെ സുപ്രീം കോടതി വിധിക്കെതിരെ കലാപാഹ്വാനം ഏറ്റെടുത്തിരുന്നു ഈ ചാനല്‍. ഒരു വാര്‍ത്താ മാധ്യമം പാലിക്കേണ്ട സംയമനമോ, മര്യാദകളോ സംസ്‌കാരം പോലുമോ അവര്‍ പരിഗണിച്ചില്ല. സുപ്രീം കോടതി സംരക്ഷിക്കുന്ന അഭിപ്രായ സ്വാതന്ത്ര്യമാണ് മാധ്യമ ലോകത്തിന്റെ അന്നം എന്ന കാര്യം പോലും ഈ മാധ്യമ വൈകൃതത്തിനു ബാധകമായില്ല!
നിലയ്ക്കലില്‍ നാമജപം എന്ന പേരില്‍ തുടങ്ങിയ കൈകൊട്ടിപ്പാട്ട് സമരം, ശബരിമലയ്ക്ക് പോകുന്ന സ്ത്രീകളെ തടയുന്നതിലേക്കും യുവതികളായ മാധ്യമ പ്രവര്‍ത്തകരെ കടന്നാക്രമിക്കുന്നതിലേക്കും വഴിമാറിയതോടെയാണ് കേരള പോലീസിനു ബോധമുദിച്ചത്. അതുവരെ “”പര്‍ണതശാല”” എന്ന “ദിവ്യനാമ”ത്തില്‍ മാധ്യമങ്ങളടക്കം വിളിച്ച് പോന്ന ഇരുമ്പ് ഷീറ്റിന്റെ വലിയ ഷെഡ്, സമരപ്പന്തല്‍ ആവുകയും പോലീസ് അത് പൊളിച്ചു നീക്കുകയും ചെയ്തു. ഇതോടെ ആ ചാനല്‍ അക്രമാസക്തമായിത്തുടങ്ങുന്നത് കാണാമായിരുന്നു.
അയ്യപ്പന്റെ ചിത്രം പോലീസുകാര്‍ റോഡില്‍ എറിഞ്ഞു, ഇതിനുത്തരവാദി മനോജ് അബ്രഹാം എന്ന പോലീസ് ഓഫീസറാണ് എന്നിങ്ങനെ നുണകള്‍ വിളിച്ചുപറയുകയും പരിവാര്‍ നേതാക്കളെക്കൊണ്ട് അത് പറയിക്കുകയും ചെയ്തു. പോലീസിനെ കല്ലെറിയുന്നത്തിന്റെയും മാധ്യമപ്രവര്‍ത്തകരെ വളഞ്ഞിട്ട് തല്ലുന്നതിന്റെയും വാഹനങ്ങള്‍ തകര്‍ക്കുന്നതിന്റെയും ദൃശ്യങ്ങള്‍ മൂടി വയ്ക്കുകയും പോലീസിന്റെ ബലപ്രയോഗം മാത്രം ആവര്‍ത്തിച്ചു കാണിക്കുകയും ചെയ്തു.
പോലീസുകാര്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് മേല്‍ ലാത്തി കൊണ്ട് അടിക്കുന്ന ദൃശ്യം ഒരു ഓണ്‍ലൈന്‍ മാധ്യമം പകര്‍ത്തി ഇവര്‍ക്ക് മാത്രമായി നല്‍കിയയതാണ്.””ശബരിമലയില്‍ പോലീസ് തേര്‍വാഴ്ച, ഭക്തര്‍ക്ക് നേരെ കടന്നാക്രമണം”” എന്നിങ്ങനെ വിളിച്ചുപറഞ്ഞ് അത്തരം ദൃശ്യങ്ങള്‍ ആവര്‍ത്തിച്ചു സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു.
മല കയറാന്‍ മാധ്യമ പ്രവര്‍ത്തകരും ഭക്തരായ സ്ത്രീകളും എത്തുമ്പോള്‍ ആ വിവരം സന്നിധാനത്തും മറ്റും താവളമടിച്ച പരിവാര്‍ ഗുണ്ടകള്‍ക്ക് എത്തിച്ചു കൊടുത്തു. മല കയറാന്‍ വരുന്ന സ്ത്രീകളുടെ വിവരങ്ങള്‍ വെളിപ്പെടുത്തികൊടുക്കുന്നത് അവരെ ആക്രമിക്കാന്‍ വേണ്ടി തന്നെയായിരുന്നു. മലയില്‍ വന്ന സ്ത്രീകള്‍ പലരുടെയും വീടുകള്‍ അവര്‍ തിരിച്ചെത്തും മുമ്പ് തന്നെ ആസൂത്രിതമായി തന്നെ ആക്രമിക്കപ്പെട്ടത് നാം കണ്ടതാണ്.
മാധ്യമങ്ങള്‍ക്കെതിരെ പരിവാര്‍ കേന്ദ്രങ്ങളില്‍ പ്രചാരണം നടത്തുന്നത് ഈ ചാനലിന്റെ, വേണ്ടത്ര പരിചയമോ അനുഭവങ്ങളോ സാമാന്യ ബോധം പോലുമോ ഇല്ലാത്ത “”മാധ്യമ പ്രവര്‍ത്തകര്‍”” തുടര്‍ന്ന് കൊണ്ടിരുന്നു. മറ്റു മാധ്യമങ്ങളിലെ സഹജീവികളുമായി ഇടപെടുകയോ, സൗഹൃദം പങ്കുവയ്ക്കുകയോ ചെയ്യാത്ത ഈ വരട്ടു മനസ്സുകളെ മാധ്യമ പ്രവര്‍ത്തനത്തിന്റെ ഒരു നിര്‍വചനത്തിലും നമുക്ക് ചേര്‍ത്ത് വയ്ക്കാന്‍ ആവില്ല. ഒപ്പം ഈ ചാനലിന് വേണ്ടി സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രചാരണവും നടക്കുന്നുണ്ടായിരുന്നു.
അങ്ങനെയാണ് നിലയ്ക്കലില്‍ സംഘര്‍ഷം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യനെറ്റ് ന്യൂസിലെ എസ്.അജിത് കുമാറിനെ തടഞ്ഞുവച്ച്, തങ്ങള്‍ പറയുമ്പോലെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഭീഷണിപ്പെടുത്തിയത്. ക്യാമറമാന്‍ പ്രസാദിനെ ആക്രമിക്കുകയും വാഹനത്തിന്റെ കാറ്റഴിച്ചു വിടാന്‍ ശ്രമിക്കുകയും ചെയ്തവരെ പോലീസ് തടയുകയായിരുന്നു. നിലയ്ക്കലില്‍ നിന്ന് ചാനലുകളുടെ സംപ്രേഷണ വാഹനങ്ങള്‍ ഗുണ്ടകള്‍ എടുത്തു മാറ്റിച്ചു.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ വണ്ടിക്കു മുകളില്‍ കയറി നിന്ന് വണ്ടി തകര്‍ക്കുകയും തീരെ മെലിഞ്ഞ ദേഹപ്രകൃതമുള്ള പ്രജീഷ് എന്ന യുവ റിപ്പോര്‍ട്ടറെ തലങ്ങും വിലങ്ങും മര്‍ദ്ദിച്ചു. വലിയ കരിങ്കല്ല് കൊണ്ടുള്ള ഇടിയേറ്റു പ്രജീഷിന്റെ കൈ ഒടിഞ്ഞു. പത്തനംതിട്ട ആശുപത്രിയില്‍ ചികിത്സ തേടിയ പ്രജീഷ് ആഹാരം കഴിക്കാനായി പുറത്തിറങ്ങിയപ്പോള്‍ സംസ്ഥാന്‍ നേതാവ് കെ. സുരേന്ദ്രന്‍, യുവമോര്‍ച്ചാ നേതാവ് സുധീര്‍, ബി.ജെ.പി പുറത്താക്കിയ വി.വി രാജേഷ് എന്നിവര്‍ തടഞ്ഞു നിര്‍ത്തി.
സുരേന്ദ്രന്‍ ആ പാവം ചെറുപ്പക്കാരനോട് പറഞ്ഞത് , “”ഈ കിട്ടിയത് നിന്റെ എഡിറ്റര്‍ നികേഷ് കുമാറിനും അവതാരകന്‍ അഭിലാഷ് മോഹനും ഉള്ള മറുപടിയാണ്”” എന്നായിരുന്നു.റിപ്പോര്‍ട്ടര്‍ ചാനലിന്റെ വാഹനം പൂര്‍ണമായും തകര്‍ത്തു. “ലൈവ് യു” ഉപകരണങ്ങള്‍, ലാപ് ടോപ്, മൊബൈല്‍ ഫോണ്‍, ക്യാമറ, എന്നിവയും നശിപ്പിച്ചു. പ്രജീഷിന്റെ സര്‍ട്ടിഫിക്കറ്റുകളും പുതിയ ഉടുപ്പുകളും അടങ്ങിയ ബാഗും കൊണ്ടുപോയി.
ഏഷ്യനെറ്റ് ന്യൂസിലെ പി.ജി. സുരേഷ്‌കുമാര്‍ ടി.വി പ്രേക്ഷകര്‍ക്ക് സുപരിചിതനും പരിചയ സമ്പന്നനും വിവാദങ്ങളിലൊന്നും പെടാത്ത സീനിയര്‍ മാധ്യമപ്രവര്‍ത്തകനും അയ്യപ്പ ഭക്തനുമാണ്. പമ്പയില്‍ റിപ്പോര്‍ട്ടിങ്ങില്‍ ആയിരുന്ന സുരേഷിനെ വളഞ്ഞിട്ടു പുളിച്ച തെറികൊണ്ട് അഭിഷേകം ചെയ്തു. മാത്രവുമല്ല അദ്ദേഹത്തിന്റെ കോഴഞ്ചേരിക്കടുത്തുള്ള തറവാട്ടു വീട്ടിനു മുന്നില്‍ തെറി വിളിക്കുന്ന പോസ്റ്ററുകള്‍ പതിക്കുകയും ചെയ്തു.
സന്നിധാനത്തെ മീഡിയാ സെന്ററില്‍ ഉള്ള “”ജനം”” ചാനലിന്റെ ഓഫീസ് സംഘപരിവാര്‍ ഗുണ്ടകളുടെ സമ്മേളന കേന്ദ്രം കൂടിയായിരുന്നു എന്നാണു മാധ്യമ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. മറ്റു മാധ്യമ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങളും ദൃശ്യങ്ങളും അവരുടെ നീക്കങ്ങളും ഈ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ സംഘി ഗുണ്ടകള്‍ക്ക് നേരിട്ടും സന്ദേശങ്ങളായും നല്‍കി.
ഇതിനിടെയാണ് രഹന ഫാത്തിമ എന്ന സ്ത്രീയുടെ വരവ്. ആന്ധ്രയില്‍ നിന്നുള്ള, കവിതാ ജക്കാല എന്ന മാധ്യമപ്രവര്‍ത്തകയോടോപ്പമാണ് പോലീസ് ഇവരെ സന്നിധാനത്തേക്ക് ആനയിച്ചത്. രഹന ഫാത്തിമ എന്ന മുസ്ലിം സ്ത്രീ വരുന്നു എന്ന വിപത്സൂചനയോടെ ആയിരുന്നു ഈ ചാനല്‍ വാര്‍ത്ത പുറത്തു വിട്ടത്. മറ്റു ചാനലുകള്‍ ഈ വിവരം അറിഞ്ഞിട്ടും മാധ്യമ മര്യാദയുടെ പേരില്‍ കരുതലോടെ പോലീസിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയായിരുന്നു.
പ്രജീഷ്
സുരക്ഷാ ചുമതലയുള്ള ഐജി ശ്രീജിത്ത് പോലും അക്കാര്യം വെളിപ്പെടുത്തിയില്ല. മാത്രവുമല്ല രഹന, മതം മാറി ഹിന്ദുവായി, “”സൂര്യ ഗായത്രി”” എന്ന പേരും സ്വീകരിച്ച് മനോജ് പ്രഭാകര്‍ എന്ന ആളെ വിവാഹം ചെയ്തതായി അറിയുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക്, ആ യുവതിയുടെ മുസ്‌ലിം പശ്ചാത്തലം ഉയര്‍ത്തിക്കാട്ടി ഈ ചാനല്‍ വര്‍ഗീയ വിഷം ചീറ്റിയപ്പോള്‍ കൂടുതല്‍ ജാഗരൂകരാകേണ്ടിയും വന്നു.
“”രഹന ഫാത്തിമ ഹിന്ദു വിരോധിയായ ഇടതു പക്ഷ പ്രവര്‍ത്തക””, “”ചുംബന സമരത്തിന്റെ നായിക””, എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടു, കലാപത്തിനു ആഹ്വാനം ചെയ്യുന്ന തരത്തില്‍ ഭ്രാന്തിളകിയ പോലെ “”ജനം”” അവതാരകരും റിപ്പോര്‍ട്ടര്‍മാരും ആര്‍ത്തു വിളിച്ചു. അന്യമതക്കാര്‍ ശബരിമലയെ തകര്‍ക്കാനെത്തുന്നു എന്ന ഭീതി സാധാരണ വിശ്വാസികളില്‍ ഉറപ്പിക്കാനായിരുന്നു ശ്രമം. കവിതാ ജക്കാല എന്ന യുവതിയെ ചാനല്‍ “”കവിതാ കോശി”” ആക്കി ക്രിസ്തുമത വിദ്വേഷത്തിനും തീ കൊളുത്തി.
ഒരു മുസ്ലിമും ക്രിസ്ത്യാനിയും തങ്ങളുടെ ഹിന്ദു പരിസരത്തെ മലിനമാക്കുന്നു എന്ന വിധത്തിലുള്ള ഈ ആക്രോശങ്ങള്‍ കണ്ടിട്ടും അടി പതറാതെ വാര്‍ത്തയുടെ സ്ഥിരീകരണത്തിന് കാത്തു നിന്ന മാധ്യമങ്ങളോടു നാം മലയാളി സമൂഹം കടപ്പെട്ടിരിക്കുന്നു. രഹന ഫാത്തിമ തന്റെ പേര് പറഞ്ഞതോടെ മാത്രമാണ് അവര്‍ അക്കാര്യം പുറത്തു വിട്ടത്.
പക്ഷെ, അപ്പോഴേക്കും ഈ ചാനല്‍ രഹനാ ഫാത്തിമയുടെ അര്‍ദ്ധ നഗ്‌നശരീരത്തിന്റെയും ചുംബന സമരത്തിന്റെയുമെല്ലാം ദൃശ്യങ്ങള്‍ നിരന്തരം പ്രദരര്‍ശിപ്പിച്ചുകൊണ്ടിരുന്നു. നിഷ്പക്ഷരായ ഹിന്ദുവിശ്വാസികളെയും അയ്യപ്പഭക്തരെയും ഏറെ പ്രകോപിപ്പിക്കുന്നതായിരുന്നു അവ. ചാനലിന്റെ ലക്ഷ്യവും അതുതന്നെ. ഇനിയാണ് അടുത്ത നീക്കം. മാധ്യമ പ്രവര്‍ത്തനത്തിന്റെ സകല തത്വങ്ങളെയും വലിച്ചെറിഞ്ഞു സത്യത്തിന്റെ സ്പര്‍ശം പോലുമില്ലാതെ വര്‍ഗീയത മാത്രം ഉന്നം വച്ചു ഈ ചാനല്‍ പ്രഖ്യാപിച്ചു, ” രഹന ഫാത്തിമയുടെ ഇരുമുടിക്കെട്ടില്‍ സാനിട്ടറി നാപ്കിന്‍”” ഇങ്ങനെയൊരു പച്ചക്കള്ളം വിളിച്ച് കൂവാന്‍ ഈ ചാനലിനെ പ്രാപ്തമാക്കുന്നത് ആരുടെയൊക്കെ പിന്തുണയാണ്? എന്ത് സംസ്‌കാരമാണ്?
രഹനയുടെ ഇരുമുടിക്കെട്ട് നേരത്തെ തന്നെ, സുധാകര പിള്ള എന്ന ഡി.വൈ.എസ്.പി പരിശോധിച്ചതും അതില്‍ ചില പൂജാ സാധനങ്ങളും പഴങ്ങളും ആണെന്ന് വെളിപ്പെടുത്തിയതുമാണ്. പക്ഷെ ആര്‍ത്തവത്തിന് ശബരിമലയുമായുള്ള സ്‌ഫോടനാത്മക ബന്ധം ചര്‍ച്ചയാവുന്ന കാലത്ത് ചാനലിന്റെ നേരത്തെ തയ്യാറാക്കി വച്ച പദ്ധതി തന്നെ വിജയിക്കണമല്ലോ. അവര്‍ സത്യം മറച്ചു വച്ച് നുണ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
പദ്ധതി ഇട്ടപോലെ ഈ വാര്‍ത്ത വന്നതോടെ പലയിടത്തും അയ്യപ്പ ഭക്തതരായ സ്ത്രീകള്‍ അലമുറയിട്ടു തെരുവിലിറങ്ങി. പന്തളത്ത് എം സി റോഡില്‍ “”ആഴി”” കൂട്ടി, ശബരിമല “കളങ്കപ്പെട്ടാല്‍” തങ്ങള്‍ ആത്മാഹുതി ചെയ്യുമെന്ന് വരെ പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തിലെങ്കിലും ജനങ്ങളില്‍ ഭീതിയും സര്‍ക്കാരിനെതിരെ രോഷവും പരത്താന്‍ ചാനലിന് സാധിച്ചു. നുണ ഫലം കാണുന്നു എന്ന് വന്നതോടെ തുടര്‍ന്നുള്ള ദിവസങ്ങളിലും ഈ തന്ത്രം ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
സന്നിധാനത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യനെറ്റ് ന്യൂസിലെ എന്‍.കെ ഷിജുവിനെ അപായപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് കൊടുത്തതുകൊണ്ട് മാത്രമാണ് ആ ചെറുപ്പക്കാരന്‍ രക്ഷപ്പെട്ടത്. അതിനു മുമ്പ് പലയിടത്തു വച്ചും തടഞ്ഞുനിര്‍ത്തി പുളിച്ച തെറി വിളിച്ചുവെന്നു ഷിജു പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ പോകുമ്പോഴും പതിനെട്ടാം പടിക്കടുത്തു വച്ചും തെറിയോടു തെറി. ഷിജുവിന്റെ കുടുംബ പശ്ചാത്തലവും മറ്റും പരിവാര്‍ ഗുണ്ടകള്‍ ചാനല്‍ ഗുണ്ടകള്‍ക്ക് നല്‍കിയിരുന്നു.
ലൈവ് റിപ്പോര്‍ട്ട് നല്‍കാന്‍ നില്‍ക്കുമ്പോള്‍ പോലും അവര്‍ ചെവിക്കരികെ വന്നു തെറി വിളിച്ച് ഓടിപ്പോകും. തേങ്ങ കാട്ടി എറിയട്ടെടാ എന്ന് ഭീഷണിപ്പെടുത്തി. രാത്രി ഏറെ വൈകി ഒരു ട്രാക്ടര്‍ സംഘടിപ്പിച്ചു. ആരുമറിയാതെ ട്രാക്ടറില്‍ പുറപ്പെട്ട ഷിജുവിനെയും സുഹൃത്തുക്കളെയും നടപ്പന്തലില്‍ വച്ചു ബി.ജെ.പ്പിയുടെ സംസ്ഥാന നേതാവ് കൂടിയായ കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ തടഞ്ഞു. നിങ്ങള്‍ പോകേണ്ടെന്നും ആരും ഉപദ്രവിക്കില്ലെന്നും സംരക്ഷകന്‍ അഭിനയിച്ച നേതാവിനെ അനുനയിപ്പിച്ചു സൂത്രത്തില്‍ അവിടം വിടുകയായിരുന്നു അവര്‍.
നടയടയ്ക്കുന്ന ദിവസം അതായത് ഒക്ടോബര്‍ 22 നു “”ജനം”” ടിവി ഒഴികെ മറ്റെല്ലാ ചാനലുകളിലെയും മാധ്യമ പ്രവര്‍ത്തകരെ കൂട്ടത്തോടെ ആക്രമിക്കാനാണ് പരിവാര്‍ ഗുണ്ടകളുടെ തീരുമാനമെന്ന് പോലീസ് രഹസ്യമായി മുന്നറിയിപ്പ് നല്കിയത് മാനിച്ചു എല്ലാവരും രാത്രി തന്നെ മലയിറങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകരെ നിരീക്ഷിച്ചുകൊണ്ടിരുന്ന “”ജനം”” ഗുണ്ടകള്‍ പലരെയും സമീപിച്ചു എപ്പോഴാണ് തിരികെ പോകുന്നതെന്ന് സൗഹൃദ ഭാവത്തില്‍ തിരക്കുന്നുണ്ടായിരുന്നു. അവര്‍ തിരിച്ചു പോന്നവരുടെ പിന്നാലെ ചെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തി . രക്ഷപ്പെടുന്നവരെ കാട്ടിക്കൊടുക്കാന്‍ ചാനല്‍ വാഹനത്തിന്റെ ഹെഡ് ലൈറ്റ് തെളിച്ചുവച്ചു സഹായിച്ചു.
മാധ്യമ പ്രവര്‍ത്തകരെല്ലാം ജീവനും കൊണ്ട് രക്ഷപ്പെട്ടതോടെ പിറ്റേ ദിവസം നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിറഞ്ഞു നിന്നത് സംഘി ചാനല്‍ മാത്രം. അവര്‍ കൂടുതല്‍ ക്യാമറകള്‍ എത്തിച്ചു. സംഘികള്‍ സന്നിധാനത്ത് “”ജനം”” പ്രവര്‍ത്തകരെ തോളിലേറ്റി ആനന്ദ നൃത്തം ചവിട്ടി.
സഹജീവികളെ അവരുടെ തൊഴിലില്‍ നിന്നും ആട്ടിയോടിച്ചു ശബരിമല വാര്‍ത്തയില്‍ സ്വന്തം ആധിപത്യം ഉറപ്പിച്ച ഒക്ടോബര്‍ 22 നാണ് ഈ ചാനലിന്റെ പ്രേക്ഷക റെയ്റ്റിംഗ് ഏറ്റവും ഉയര്‍ന്നത്.ആ ആഴ്ചയിലെ തുടര്ന്നു ള്ള ദിവസങ്ങളില്‍ പ്രേക്ഷകര്‍ അവരെ കൈവിടുകയും ചെയ്തു. റെയ്റ്റിംഗ് മൂന്നില്‍ ഒന്നായി മൂക്ക് കുത്തി.
ഈ ജനവിരുദ്ധചാനലിന് പിന്‍ബലമായി പലേ ഘടകങ്ങള്‍ പ്രവര്‍ത്തിക്കുന്നു. പമ്പയിലും സന്നിധാനത്തും ഉള്ള ദേവസ്വം ജീവനക്കാര്‍, കച്ചവടക്കാര്‍, പോലീസ് സേനയിലെ ഹിന്ദുത്വ വാദികള്‍, ശാന്തിമാര്‍, പരികര്‍മ്മികള്‍ എന്നിങ്ങനെ വിപുലമായ തോതില്‍ പിന്തുണയും സാമ്പത്തിക സഹായവും കായിക ബലവും മൂലധനമാക്കിയാണ് ഈ ചാനല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ സകല നീതിയും കീഴ്‌വഴക്കങ്ങളും ജനാധിപത്യമൂല്യങ്ങളും അവഗണിച്ച് നിയമ വ്യവസ്ഥയെയും കോടതിവിധിയും നഗ്‌നമായി വെല്ലുവിളിച്ചത്.
മാധ്യമങ്ങള്‍ ഒഴിഞ്ഞു പോയ സന്നിധാനത്തു അവര്‍ നിരോധനാജ്ഞ ലംഘിച്ച്, പോലീസിനെ നോക്കുകുത്തിയാക്കി, മൈക്ക് ഉപയോഗിക്കാനുള്ള അനുമതി പോലും ഇല്ലാതെ, അവിടെ സ്ത്രീകളെ കൈകാര്യം ചെയ്യാന്‍ വേണ്ടി എത്തിച്ചിരുന്ന പരിവാര്‍ ഗുണ്ടകളുടെ കയ്യൂക്കിന്റെ ബലത്തില്‍ “”ജനസഭ”” എന്ന ആള്‍ക്കൂട്ട ചര്‍ച്ച നടത്തി. മൗനാനുവാദം നല്‍കിയ പോലീസ് അനങ്ങിയില്ല. കേസുമില്ല! പരാതി നല്കാൂന്‍ ആളില്ലാതെ നമ്മുടെ പോലീസ് കേസ് എടുക്കുന്നതെങ്ങനെ!
ഒടുവിലിതാ ചാനലിനെതിരെ ഒരു പരാതിയെങ്കിലും വന്നിരിക്കുന്നു. ശശികല റഹീം എന്ന വീട്ടമ്മ എറണാകുളം റൂറല്‍ ജില്ലാ പോലീസിനു നല്‍കിയ പരാതിയിലാണ് കള്ള വാര്‍ത്ത പ്രചരിപ്പിച്ചു എന്ന അത്ര ഗുരുതരമല്ലാത്ത കുറ്റത്തിന് കേസ് വന്നിരിക്കുന്നത്. ശശികലയുടെ മകന്റെ ഭാര്യയടക്കം മൂന്നു സ്ത്രീകള്‍ ശബരിമലയില്‍ പോകുന്നുവെന്നും ഇവരെ സ്വീകരിക്കാന്‍ ശശികല പമ്പയില്‍ എത്തുമെന്നും ആയിരുന്നു ഈ ചാനലിന്റെ വാര്‍ത്ത. പിന്നാലെ സംഘി ഗുണ്ടകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ ശശികലയ്‌ക്കെതിരെ കൊലവിളി തുടങ്ങി. നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായ ശശികല എങ്ങനെയാണ് ശബരിമലയില്‍ എത്തുകയെന്നത് ആ ചാനലിന്റെ വിഷയമല്ല.
തുലാമാസ പൂജക്കാലത്ത് വിജയകരമായി നടപ്പാക്കിയ കലാപം ചിത്തിര അവിട്ടകാലത്ത് തുണയായി, ഇത്തവണയും മാധ്യമങ്ങള്‍ക്ക് നേരെ വിപ്പുലമായ കയ്യേറ്റം ഉണ്ടായി. സന്നിധാനത്തു നടപ്പന്തലില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഏഷ്യനെറ്റിന്റെ ബിനുരാജിനെ വളഞ്ഞു വച്ച് തെറിയഭിഷേകം നടത്തി, ജോലി തടസ്സപ്പെടുത്തി. രണ്ടു മണിക്കൂര്‍ നേരം ബിനുരാജിനു ലൈവ് റിപ്പോര്‍ട്ടിംഗ് നിര്‍ത്തി വയ്‌ക്കേണ്ടി വന്നു. അമൃത ടിവിയിലെ ക്യാമറമാന്‍ ബിജുവിന് തേങ്ങ കൊണ്ടുള്ള ഏറു കിട്ടി പരിക്കേറ്റു. മാതൃഭൂമിയുടെ ക്യാമറമാനെയും തെരഞ്ഞു പിടിച്ച് ഓടിച്ചിട്ട് ആക്രമിച്ചു. ക്യാമറമാന്മാര്‍ക്ക് നേരെ നടന്ന ആക്രമണത്തിന്റെ പല ദൃശ്യങ്ങളും പുറത്തു വന്നിട്ടില്ല.
പോലീസിന്റെ അഞ്ചിടത്തുള്ള നിരോധനങ്ങള്‍ മറികടന്ന് “”ജനം”” ടി വി സംഘം പമ്പയിലും സന്നിധാനത്തും എത്തിയെന്ന് ആ ചാനല്‍ എഴുതിക്കാണിച്ചു.. തിരികെ പോകാന്‍ തയ്യാറല്ലെന്ന് താന്‍ പോലീസിനെ അറിയിച്ചെന്നും ആ ചാനലിന്റെ ഒരു റിപ്പോര്‍ട്ടില്‍ റോഡരികില്‍ നിന്ന് വെല്ലുവിളിക്കുന്നുണ്ടായിരുന്നു. പക്ഷെ, പോലീസ് ഒരുക്കിയ ഒരു തടസ്സവും മറികടക്കാനാവാതെ എവിടെയോ നിന്നുകൊണ്ട് നിയമപാലകരെ വെല്ലുവിളിക്കുകയായിരുന്നു ഈ ചാനല്‍. പതിനെട്ടാം പടിയുടെ ദൃശ്യം ക്രോമ കീ (Chroma Key ) ചെയ്തു പശ്ചാത്തലമാക്കി, മുറിക്കുള്ളില്‍ നിന്ന് അവര്‍ സന്നിധാനപ്രതീതി സൃഷ്ടിച്ചു! തങ്ങള്‍ സന്നിധാനത്ത് എത്തിയെന്ന വ്യാജ സന്ദേശം നല്കുകയായിരുന്നു, സാങ്കേതിക വിദ്യയുടെ ഏറ്റവും തരം താണ പ്രയോഗത്തിലൂടെ.
തീവ്രഹിന്ദുത്വവും,പ്രാകൃതമായ വിശ്വാസങ്ങളും,അന്യമത ശത്രുതയും, ജനാധിപത്യ നിരാകരണവും,ആധുനികതാ വിമുഖതയും,ശാസ്ത്രവിരോധവും, ചരിത്ര നിരാസവും, സ്ത്രീവിദ്വേഷവും എന്നിങ്ങനെ സകല പ്രതിലോമതകളും അലങ്കാരമായി കൊണ്ട് നടക്കുന്ന ഈ ചാനല്‍ മലയാളി സമൂഹത്തെ കൊഞ്ഞനം കുത്തുകയാണ്. ഈ ചാനല്‍ മലയാളിക്ക് ഒന്നും നല്‍കുന്നില്ല, മനുഷ്യ വിരോധം അല്ലാതെ.