തിരുവനന്തപുരം: ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രത്തില്‍ ആചാരലംഘനം നടന്നെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നേരത്തെ നിശ്ചയിച്ചതിനും ആചാരങ്ങള്‍ക്കും വിപരീതമായി നടതുറന്ന് പൂജ നടത്തിയെന്നുമാണ് വിജിലന്‍സ് റിപ്പേര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി.
Also read തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു
കൊല്ലത്തെ വ്യവസായി സുനില്‍ സ്വാമി എന്ന സുനില്‍ ഉള്‍പ്പെടെയുള്ളവരുടെ ഭാഗത്ത് നിന്ന് ഗുരുതരവീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷു ഉത്സവത്തിനായി ശബരിമല നട നേരേത്ത തുറന്നതിലും പൂജകള്‍ക്ക് അനുമതി നല്‍കിയതിലും വീഴ്ചയുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ചലച്ചിത്ര താരം ജയറാം സോപാനത്തില്‍ ഇടയ്ക്ക കൊട്ടിയത് ചട്ടം ലംഘിച്ചാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ വിശദാംശങ്ങള്‍ പരിശോധിച്ച് തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും വിജിലന്‍സ് ശിപാര്‍ശ ചെയ്തിട്ടുണ്ട്. സന്നിധാനത്തെ ഉച്ചപൂജക്കിടെയായിരുന്നു നടന്‍ ജയറാം ഇടയ്ക്ക കൊട്ടിയത്. ഇത് ആചാരലംഘനമാണെന്നും ഇതേക്കുറിച്ച് ഗൗരവമായ പരിശോധന വേണമെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിഷു ഉത്സവത്തിനായി ഏപ്രില്‍ 10ന് വൈകീട്ടാണ് നട തുറക്കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇത് മറികടന്ന് ശബരിമല നട അന്നേദിവസം രാവിലെ തുറക്കുകയും വിശേഷാല്‍ പൂജകളുള്‍പ്പെടെ നടത്താന്‍ ഒരാള്‍ക്ക് മാത്രമായി അനുമതി നല്‍കുകയും ചെയ്യുകയായിരുന്നു. ശബരിമല എക്സിക്യൂട്ടിവ് ഓഫിസറുടെ അറിവോടെയാണ് ഇത് ഉണ്ടായതെന്നും ഇത് വീഴ്ചയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
വ്യവസായി സുനില്‍ പൂജകള്‍ക്കായി നേരേത്ത അനുമതി വാങ്ങിയിരുന്നതായി അന്വേഷണത്തില്‍ വ്യക്താമായി. ഉദ്യോഗസ്ഥരും സുനിലും തമ്മില്‍ ധാരണയുണ്ടായിരുന്നെന്നും ആചാരലംഘനം തടയാന്‍ തന്ത്രിയുടെ ഭാഗത്ത് നിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.