|

'ശബരിമല വിധി എന്തായാലും കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണം'; പഴയ അവസ്ഥ ഇപ്പോഴില്ലെന്നും സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശന വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ടുകൊണ്ടുള്ള ഹരജികളില്‍ സുപ്രീംകോടതി നാളെപ്പറയുന്ന വിധി എന്താണെങ്കിലും കേരളം ഒറ്റക്കെട്ടായി അംഗീകരിക്കണമെന്ന് സി.പി.ഐ.എം. വിധി എന്തായാലും അംഗീകരിച്ചു നടപ്പാക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുമുണ്ടെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയംഗം കെ. അനന്തഗോപന്‍ പറഞ്ഞു.

‘ആദ്യം ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ചുള്ള വിധി വന്നപ്പോള്‍ എല്ലാവരും സ്വാഗതം ചെയ്തതാണ്. അതു നടപ്പാക്കരുതെന്നോ ശരിയല്ലെന്നോ ഒരു ഭാഗത്തുനിന്നും പ്രതികരണം വന്നില്ല. പിന്നീട് കേരളത്തിലും പത്തനംതിട്ട ജില്ലയിലും രാഷ്ട്രീയമായി അതുപയോഗപ്പെടുത്താന്‍ പരിശ്രമങ്ങള്‍ വന്നപ്പോഴാണു പ്രശ്‌നങ്ങളുണ്ടായത്.

അത്തരത്തിലുള്ള അവസ്ഥ ഇപ്പോഴില്ല. പുനഃപരിശോധനാ ഹരജികളില്‍ കോടതി നിയമാനുസൃതം വിധി പറയും. അതെന്തായാലും അംഗീകരിച്ചു നടപ്പാക്കുകയെന്നതാണ് ഉത്തരവാദിത്വം. മണ്ഡലകാലം അടുത്തുവരുന്ന ഘട്ടത്തിലാണു വിധി വരുന്നത്. ഒരു കലാപത്തിന്റെ അന്തരീക്ഷത്തിലേക്കു ബോധപൂര്‍വം കൊണ്ടുപോയാലേ പ്രശ്‌നങ്ങളുണ്ടാകൂ. അല്ലെങ്കില്‍ കലാപമുണ്ടാകില്ല.

യു.ഡി.എഫും പ്രത്യേകിച്ച് ബി.ജെ.പിയും രാഷ്ട്രീയ നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലാണ് അന്തരീക്ഷം സൃഷ്ടിച്ചത്.

സി.പി.ഐ.എം എല്ലാക്കാലത്തും വിശ്വാസികളുടെ പാരമ്പര്യങ്ങള്‍ക്ക് എതിരല്ല. എന്നാല്‍ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരാണ്.’- അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. ഇതിനെതിരെ നല്‍കിയ 56 പുനഃപരിശോധനാ ഹരജികളാണ് കോടതി നാളെ പരിഗണിക്കുക.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിധി എന്താണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.