| Wednesday, 2nd October 2019, 9:04 am

'യുവതീപ്രവേശന വിധിക്ക് ശേഷം നിരവധി ഭീഷണികള്‍ വന്നു'; വെളിപ്പെടുത്തലുമായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശന വിധിയ്ക്ക് ശേഷം നിരവധി ഭീഷണികള്‍ തനിക്ക് നേരെയുണ്ടായെന്ന് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യല്‍മീഡിയ വഴിയായിരുന്നു ഭീഷണികളെന്നും ഭീഷണികളില്‍ ഏറെയും ഭയപ്പെടുത്തുന്നതായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി. തന്റെ സഹപ്രവര്‍ത്തകരും ബന്ധുക്കളും സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസം മാറി നില്‍ക്കാന്‍ ഉപദേശിച്ചെന്നും അദ്ദേഹം പറഞ്ഞു.

വിധിന്യായത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളെ മാറ്റി നിര്‍ത്തിയുള്ള ആരാധനക്രമം തൊട്ടുകൂടായ്മക്ക് സമമാണെന്നും ആരാധന സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന ഭരണഘടനയോടുള്ള പരിഹാസമാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു ബാര്‍ മെമ്പര്‍ എന്ന നിലയില്‍ എല്ലാ വീക്ഷണങ്ങളും നോക്കണമെന്നും ചില സമയങ്ങളില്‍ വ്യക്തിപരമായ അഭിപ്രായങ്ങള്‍ മാറ്റി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല കേസില്‍ തന്റെ സഹപ്രവര്‍ത്തകരില്‍ ഒരാളായ ഇന്ദു മല്‍ഹോത്ര വിയോജിച്ചു. അതിനര്‍ത്ഥം വ്യത്യസ്ഥ വീക്ഷണങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. അവരുടെ വീക്ഷണത്തെ ഞാന്‍ മാനിക്കുന്നു. വിധിന്യായത്തിനുശേഷം എന്റെ നിയമ ഗുമസ്തന്മാര്‍ എന്നോട് ഇതേ കാര്യം പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുള്ള ഒരു കേസില്‍ ഒരു സ്ത്രീക്ക് എങ്ങനെ വിയോജിക്കാന്‍ കഴിയുമെന്നായിരുന്നു അവര്‍ എന്നോട് ചോദിച്ചത്. പക്ഷേ സ്ത്രീകള്‍ ഒരു പ്രത്യേക രീതിയിലും പുരുഷന്മാര്‍ മറ്റൊരു രീതിയിലും ചിന്തിക്കണം എന്ന ധാരണ എന്തിന് ഉണ്ടാകണമെന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. ആത്യന്തികമായി ഞങ്ങള്‍ പ്രൊഫഷണലുകളാണ്, എന്നും ചന്ദ്രചൂഡ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ ഇരുപത്തിയെട്ടിനായിരുന്നു ശബരിമലയില്‍ പ്രായഭേദമെന്യേ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നിയമവിധേയമാക്കുന്ന സുപ്രീംകോടതി വിധി വന്നത്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ 2006ല്‍ നല്‍കിയ കേസില്‍ 12 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷമായിരുന്നു വിധി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച അപൂര്‍വ്വം കേസുകളിലൊന്നായിരുന്നു ശബരിമല. വിശ്വാസത്തിനുള്ള ഭരണഘടന അവകാശം എല്ലാവര്‍ക്കും ഒരുപോലെയാകണം എന്നതായിരുന്നു ശബരിമല വിധിയുടെ അന്തസത്ത.

മുന്‍ ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചില്‍ ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖാന്‍വില്‍ക്കര്‍, റോഹിന്തന്‍ നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരായിരുന്നു അംഗങ്ങള്‍ ഇതില്‍ ജസ്റ്റിസ് ഇന്ദുമല്‍ഹോത്ര ഒഴികെയുള്ള നാല് ജഡ്ജിമാരാണ് ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് വിധിയെഴുതിയത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more