| Thursday, 14th November 2019, 5:22 pm

ശബരിമല യുവതീപ്രവേശ വിധി പുന:പരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കുകയല്ല ചെയ്തത്; വിശാല ബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടുന്നത് വരെ മാറ്റിവെക്കുകയാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികള്‍ മാറ്റിവെക്കുകയാണെന്നാണ് സുപ്രീം കോടതിയുടെ ഭൂരിപക്ഷ വിധി. മതപരമായ വിശ്വാസങ്ങളെ സംബന്ധിച്ച് കോടതിക്ക് ഇടപെടുന്നതില്‍ ഉയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരങ്ങള്‍ കിട്ടിയതിന് ശേഷമായിരിക്കും പുന:പരിശോധന ഹരജികള്‍ പരിശോധിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഏഴ് ചോദ്യങ്ങള്‍ക്കാണ് ഏഴംഗ ബെഞ്ചില്‍ നിന്ന് ഉത്തരം കിട്ടേണ്ടത്. ആ ചോദ്യങ്ങള്‍ ഇവയാണ്.

1. ഒഴിച്ചുകൂടാനാകാത്ത മതാചാരങ്ങള്‍ ഏതെല്ലാമെന്ന് തീരുമാനിക്കാനുള്ള അധികാരം കോടതിക്കാണോ മതാചാര്യന്മാര്‍ക്കാണോ ?

2. മതവിശ്വാസത്തിനുള്ള അവകാശവും തുല്യതയ്ക്കുള്ള അവകാശവും എങ്ങനെ പൊരുത്തപ്പെടുത്തണം ?

3. ഒഴിച്ചുകൂടാനാകാത്തതെന്ന് പറയുന്ന മതാചാരങ്ങള്‍ക്ക് ഭരണഘടനാപരിരക്ഷയുണ്ടോ ?

4. മതവിശ്വാസത്തിനുള്ള അവകാശം ക്രമസമാധാനത്തിനും സദാചാരത്തിനും വിധേയമാണ് എന്ന വ്യവസ്ഥയുടെ അര്‍ഥമെന്താണ് ?

5. സദാചാരം, ഭരണഘടനാസദാചാരം എന്നതിന്റെ കൃത്യമായ നിര്‍വചനം എന്താണ് ?

6. മതവിശ്വാസത്തിനുള്ള അവകാശം നല്‍കുന്ന അനുച്ഛേദം 25 ല്‍ പറയുന്ന ഹിന്ദുവിഭാഗങ്ങളുടെ അര്‍ഥവ്യാപ്തി എന്താണ് ?

7. ഒരു മതത്തിന്റെ ആചാരങ്ങള്‍ ചോദ്യം ചെയ്ത് പൊതുതാല്‍പര്യഹര്‍ജി നല്‍കാന്‍ മറ്റു മതസ്ഥര്‍ക്ക് എത്രത്തോളം അവകാശമുണ്ട് ?

ഈ ചോദ്യങ്ങളില്‍ ഏഴംഗ ബെഞ്ച് ഉത്തരങ്ങള്‍ നല്‍കിയതിന് ശേഷം മാത്രമേ പുന:പരിശോധന ഹരജികളില്‍ തീരുമാനം എടുക്കുകയുള്ളൂ. യുവതി പ്രവേശന വിധി സ്‌റ്റേ ചെയ്യാന്‍ കോടതി നിലവില്‍ തയ്യാറായില്ല.

ട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more