തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനും പന്തളം, തന്ത്രി കുടുംബങ്ങള്‍ക്കുമെതിരെ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പളി നടേശന്‍. തന്ത്രി,സമുദായ നേതാവ്, രാജാവ് എന്നീ മൂന്നു പേര്‍ ചേര്‍ന്നപ്പോള്‍ കേരളം കുട്ടിച്ചോര്‍ ആയെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാനമൂല്യങ്ങളുടെ പിന്‍തുടര്‍ച്ചക്കാരാണ് കേരളത്തിന്റെ ശക്തി. അല്ലാതെ ഇപ്പോള്‍ ഇറങ്ങി നടക്കുന്നവരല്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച സമുദായനേതാക്കളുടെ യോഗത്തിലാണ് വെള്ളാപ്പള്ളിയുടെ വിമര്‍ശനം.
യോഗത്തില്‍ പങ്കെടുക്കുമെന്ന് വെള്ളാപ്പള്ളി നേരത്തെ പറഞ്ഞിരുന്നു.
“പിണറായി വിജയനെന്ന വ്യക്തിയല്ല, കേരളത്തിന്റെ മുഖ്യമന്ത്രിയാണ് യോഗം വിളിച്ചിട്ടുള്ളത്. യോഗത്തില്‍ പങ്കെടുക്കാതെ വിട്ടുനില്‍ക്കേണ്ട കാര്യമില്ല. എസ്.എന്‍.ഡി.പിയുടെ നിലപാട് യോഗത്തില്‍ അറിയിക്കുമെന്നും” വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.
യോഗത്തില്‍ എന്‍.എസ്.എസും യോഗക്ഷേമസഭയും ക്ഷത്രിയ ക്ഷേമസഭയും പങ്കെടുത്തിട്ടില്ല. എസ്.എന്‍.ഡി.പിയും കെ.പി.എം.എസും അടക്കം സര്‍ക്കാര്‍ നിലപാടിനെ പിന്തുണയ്ക്കുന്ന സംഘടനകള്‍ യോഗത്തിനുണ്ട്.ആകെ 190 സമുദായ സംഘടനകളെയാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.